Connect with us

travalogu

അച്ചെയുടെ ആത്മീയ സാരഥി

ബിൽഫഖീഹ് എന്നത് വംശപരമ്പരയുടെ പേരാണ്. മലബാറിൽ ആ പ്രയോഗം ലോപിച്ച് ബാഫഖിയായി.

Published

|

Last Updated

നാലുപേർ. മദീന സിയാറത്തിലാണവർ. റൗളാ ശരീഫ് സന്ദർശനാനന്തരം അവർ ഒരു പ്രതിജ്ഞയെടുത്തു. ഇനിയുള്ള ജീവിതം ഇമാം ഗസാലിയുടെ ബിദായതുൽ ഹിദായ അനുസരിച്ച് മുന്നോട്ടു നയിക്കും. അതിനുമുമ്പേ, ബിദായതുൽ ഹിദായ അവർ ആവർത്തിച്ച് വായിക്കാറുണ്ടായിരുന്നു. അവർക്കത് ഹൃദിസ്ഥമായിരുന്നു. അധികം കഴിഞ്ഞില്ല, തിരുനബി(സ) അവർക്ക് ഇങ്ങനെ ആത്മീയ നിർദേശം നൽകി. നാലുപേരും മലബാർ, അച്ചെ, ഈജിപ്ത്, തരീം എന്നീ നാടുകളിലേക്ക് പ്രബോധനത്തിനായി പുറപ്പെടണം. ഇനി ആരായിരുന്നു അവരെന്ന് പരിശോധിക്കാം.

ഹബീബ് ശൈഖ് ബ്നു മുഹമ്മദ് ജിഫ്‌രിയായിരുന്നു കൂട്ടത്തിൽ ഒന്നാമൻ. അദ്ദേഹം മലബാറിലേക്ക് യാത്രതിരിച്ചു. ഹബീബ് അബൂബക്കർ ബിൽഫഖീഹ്, ഹബീബ് അബ്ദുർറഹ്മാൻ ബ്നു മുസ്തഫ ഐദറൂസ്, ഹബീബ് മുഹമ്മദ് ബ്നു അബ്ദുല്ല ബാഗരീബ് എന്നിവരായിരുന്നു മറ്റുള്ളവർ. അവർ യഥാക്രമം അച്ചെ, ഈജിപ്ത്, തരീം എന്നിവിടങ്ങളിലേക്കും കപ്പൽ കയറി. ഹബീബ് അബ്ദുർറഹ്മാൻ ബ്നു മുസ്തഫ ഐദറൂസ് തങ്ങളുടെ ജീവചരിത്രം ഉൾപ്പെടെയുള്ള നിരവധി ഗ്രന്ഥങ്ങളിൽ ഈ സംഭവം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.  ഹബീബ് അബൂബക്കർ ബിൽഫഖീഹിന്റെ അച്ചെയിലേക്കുള്ള ആഗമന കാരണമാണ് വിവരിച്ചത്. 1742ലായിരുന്നു അത്. ഹബീബ് തെംഗുക്കു ദിയാൻജോംഗ് എന്നാണ് പ്രാദേശികമായി മഹാൻ അറിയപ്പെടുന്നത്. പുകഴ്ത്തപ്പെട്ടവൻ എന്ന് അർഥം.

മസ്ജിദിന് മുന്നിലിരുന്ന് സദാ ദിക്റിലും ദുആയിലും കഴിഞ്ഞു കൂടിയതിനാലാണ് ഇങ്ങനെ പേര് വന്നതെന്നും അഭിപ്രായമുണ്ട്. ബിൽഫഖീഹ് എന്നത് വംശപരമ്പരയുടെ പേരാണ്. മലബാറിൽ ആ പ്രയോഗം ലോപിച്ച് ബാഫഖിയായി. കൊയിലാണ്ടി ബാഫഖി കുടുംബം പ്രശസ്തമാണല്ലോ.
ഹബീബ് ബിൽഫഖീഹിന്റെ വരവ് പ്രദേശത്ത് വലിയ സാമൂഹിക മുന്നേറ്റങ്ങൾ സൃഷ്ടിച്ചു. സുൽത്താൻ അലാവുദ്ദീൻ മുഹമ്മദ് ഷാ അദ്ദേഹത്തിന് മികച്ച പരിഗണന നൽകി. ബ്രിട്ടീഷുകാർക്ക് നികുതി നൽകാൻ പ്രയാസപ്പെട്ട സന്ദർഭം. സുൽത്താൻ പല വഴികളും തേടി. നിരാശയായിരുന്നു ഫലം. അവസാനം അദ്ദേഹം ഹബീബിനെ സമീപിച്ചു.

അത്ഭുത സിദ്ധിയിലൂടെ ഹബീബ് അതിനു പരിഹാരം കണ്ടെത്തി. ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യത ലഭിക്കാനത് കാരണമായി. ആദ്യഘട്ടത്തിൽ സ്വന്തം വീട് കേന്ദ്രീകരിച്ചായിരുന്നു ഹബീബ് ബിൽഫഖീഹ് അധ്യാപനം നടത്തിയിരുന്നത്. വിദ്യാർഥികൾക്ക് സൗകര്യം തികയാതെയായപ്പോൾ അച്ചെ നദീതീരത്ത് ഒരു മസ്ജിദ് നിർമിച്ചു. പിൽക്കാലത്ത് കൊളോണിയൽ വിരുദ്ധ സമര കേന്ദ്രമായി അത് മാറി. അതേ തുടർന്ന് ഡച്ചുകാർ ഒരിക്കൽ മസ്ജിദ് അഗ്നിക്കിരയാക്കിയിരുന്നു. കടലിനോട് ചേർന്ന പ്രദേശത്തായിരുന്നിട്ടും സുനാമി ആഞ്ഞടിച്ച സന്ദർഭത്തിൽ പ്രസ്തുത പള്ളിക്കും മഖ്ബറക്കും യാതൊരുവിധ കേടുപാടും സംഭവിച്ചിരുന്നില്ല.

മസ്ജിദിന് സമീപത്തായാണ് ഹബീബ് ബിൽഫഖീഹിന്റെയും ഭാര്യ ശരീഫ ബീവിയുടെയും മഖ്ബറ സ്ഥിതിചെയ്യുന്നത്. അവിടെയെത്തുമ്പോൾ മദ്റസ നടക്കുന്ന സമയമാണ്. ഓത്തുപള്ളി പോലുള്ള സംവിധാനം. നൂറോളം കുട്ടികൾ മഖ്ബറയുടെ വരാന്തയിലിരുന്ന് പഠിക്കുന്നു. കല്ലുകൾ ചേർത്തുവെച്ചാണ് ഖബ്ർ ഉയർത്തിക്കെട്ടിയിരിക്കുന്നത്. അവിടെയിരുന്ന് അനുഗ്രഹത്തിനായി ബിദായതുൽ ഹിദായ പാരായണം ചെയ്ത് പ്രാർഥന നിർവഹിച്ചു.

ഹബീബ് അബ്ദുൽ ഹാരിസ് ഐദറൂസ് തങ്ങളുടെ ഭവന സന്ദർശനമായിരുന്നു അടുത്തത്. കുറെയേറെ കാര്യങ്ങൾ അവിടെ വെച്ച് സംസാരിച്ചു. പ്രത്യേകിച്ചും കേരളത്തിലെ മദ്റസാ സംവിധാനത്തെ കുറിച്ച്. നമ്മുടെ നാട്ടിലെ മതപഠന സമ്പ്രദായത്തിന്റെ കാര്യക്ഷമത അവരെ അത്ഭുതപ്പെടുത്തി. കൂട്ടത്തിൽ, സഹചാരിയായ തെങ്കുക്കു ഔലിയാ ഷാഹിന്റെ പേരും ചർച്ചക്ക് വന്നു. പൂർവികർ ഇന്ത്യക്കാരായതിനാലാണ് ഷാഹ് എന്ന പേര് വന്നതത്രെ. നേരത്തെ കണ്ട ഡെപ്യൂട്ടി മുഫ്തി ഡോ. മുഹമ്മദ് ഹത്ത തുർക്കി വംശജനാണ്. ബുഖാരി ഖബീലയുടെ ഉത്ഭവസ്ഥാനമായ ഉസ്ബെക്കിസ്ഥാനും സംസാര വിഷയമായി. ഇങ്ങനെ വ്യത്യസ്ത നാടുകളിൽ കഴിയുന്ന മനുഷ്യരെ ഒരേ ചരടിൽ കോർത്തിണക്കി സ്നേഹത്തിൽ പൊതിയുന്നതിൽ യാത്രകൾ വഹിക്കുന്ന പങ്ക് ആലോചിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.

Latest