Kerala
ഡയറ്റില്‍ അധ്യാപക നിയമനം അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം; കാലടി സര്‍വകലാശാലയിലും നിയമന വിവാദം
തിരുവനന്തപുരം | സംസ്ഥാനത്ത് വീണ്ടും നിയമന വിവാദം. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഡയറ്റ്, കാലടി സംസ്‌കൃത സര്‍വകലാശാല എന്നിവിടങ്ങളിലാണ് നിയമന വിവാദം ഉയര്‍ന്നിട്ടുള്ളത്. ഡയറ്റില്‍ അധ്യാപക നിയമനം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണവുമായി ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തി. തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷമായിട്ടും ഒരു നിയമനം പോലും ഇതുവരെ നടന്നിട്ടില്ലെന്നാണ് ഇവരുടെ പരാതി. അപാകതകള്‍ പരിഹരിച്ചുള്ള സ്‌പെഷ്യല്‍ റൂള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പി എസ് സിക്ക് കൈമാറാത്തതാണ് ഇതില്‍ പ്രധാന തടസമെന്നാണ് അറിയുന്നത്.
പത്ത് വര്‍ഷത്തോളമായി ഡയറ്റില്‍ നിയമനത്തിനായുള്ള കാത്തിരിപ്പിലാണ് ഉദ്യോഗാര്‍ഥികള്‍. ഒരു പതിറ്റാണ്ടിനിടെ നേരിട്ടത് നിരവധി തടസങ്ങളാണ്. 2011ല്‍ സ്‌പെഷ്യല്‍ റൂള്‍ തയാറായി. 2014ല്‍ ആദ്യം 17 ലക്ചറര്‍മാരുടെ നിയമനം പി എസ് സിക്ക് വിട്ടു. എന്നാല്‍ സ്‌പെഷ്യല്‍ റൂള്‍ തയാറാക്കിയതിലെ അപാകതകള്‍ പ്രശ്‌നമായി. ഏഴ് വര്‍ഷത്തിനു ശേഷം അപകാതകള്‍ പരിഹരിച്ചു. എന്നാല്‍ ഇതുവരെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പരിഷ്‌ക്കരിച്ച സ്‌പെഷ്യല്‍ റൂള്‍ പി എസ് സിക്ക് കൈമാറിയിട്ടില്ല. ഡയറ്റില്‍ 14 ജില്ലകളിലും പ്രിന്‍സിപ്പലും അധ്യാപകരുമുണ്ട്. നിലവില്‍ 143 സ്‌കൂള്‍ അധ്യാപകരെ ഡെപ്യുട്ടേഷനില്‍ നിയമിച്ചാണ് പ്രവര്‍ത്തനം. ഒരുവര്‍ഷത്തേക്കാണ് നിയമിച്ചതെങ്കിലും കാലാവധി ദീര്‍ഘിപ്പിക്കുകയാണ്.
കാലടി സര്‍വകലാശാലയില്‍ അനധികൃത നിയമനം നടത്തിയെന്നാണ് ആരോപണം. മലയാളം വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകനെ പബ്ലിക്ക് ഓഫീസറായി നിയമിക്കുകയായിരുന്നു. വിജ്ഞാപനമില്ലാതെയാണ് ഒരു വര്‍ഷത്തേക്ക് നിയമനം നടത്തിയതെന്നാണ് ആരോപണം. താത്ക്കാലിക നിയമനങ്ങള്‍ പോലും നടപടിക്രമം പാലിക്കാതെ സര്‍വകലാശാലയില്‍ നടത്താറില്ല.




