National
എയര്‍ ഇന്ത്യ 15,000 കോടിയുടെ നഷ്ടത്തിലേക്ക്; പ്രധാന കാരണം അഹമ്മദാബാദ് വിമാനാപകടം
കമ്പനി ലാഭത്തിലേക്ക് എത്തുന്നതിനിടയില്‍ ഉണ്ടായ അപകടം, വലിയ തിരിച്ചടിയായി.
ന്യൂഡല്‍ഹി | എയര്‍ ഇന്ത്യ ഈ സാമ്പത്തിക വര്‍ഷത്തില്‍ 15,000 കോടി രൂപയുടെ റെക്കോര്‍ഡ് നഷ്ടം രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. പ്രതിസന്ധിയുടെ പ്രധാന കാരണം അഹമ്മദാബാദ് വിമാനാപകടമാണ്. കമ്പനി ലാഭത്തിലേക്ക് എത്തുന്നതിനിടയില്‍ ഉണ്ടായ അപകടം വലിയ തിരിച്ചടിയായി.
അടുത്തിടെ, പാകിസ്ഥാനുമായുണ്ടായ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും, പാകിസ്ഥാന്‍ വ്യോമപാത അടച്ചതും എയര്‍ ഇന്ത്യയ്ക്കു വലിയ പ്രതിസന്ധി സൃഷ്ടിച്ചു. യൂറോപ്പിലേക്കും, അമേരിക്കയിലേക്കുമുള്ള ദീര്‍ഘവും ചെലവേറിയതുമായ റൂട്ടുകള്‍ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതമായി. ഇതിന്റെ ഫലമായി സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ വഷളാക്കിയെന്നാണ് വിലയിരുത്തല്‍.
പ്രതിസന്ധിക്കിടയില്‍ മാനേജുമെന്റ് സമര്‍പ്പിച്ച അഞ്ചുവര്‍ഷത്തെ പുനരുദ്ധാരണ പദ്ധതി എയര്‍ ഇന്ത്യ ബോര്‍ഡ് നിരസിച്ചു. നിലവിലെ എയര്‍ ഇന്ത്യ സിഇഒ ക്യാമ്പ്ബെല്‍ വില്‍സണ് പകരം പുതിയ സിഇഒ കണ്ടെത്താനുള്ള ശ്രമം ടാറ്റ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.
2024-ല്‍ വിസ്താര എയര്‍ ഇന്ത്യയുമായി ലയിച്ചതിനെ തുടർന്നാണ് സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് 25.1% ഓഹരി പങ്കാളിയായി. എയര്‍ ഇന്ത്യയുടെ മോശം പ്രകടനം സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്-ന്റെ വരുമാനത്തെയും ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ.





