International
ട്രംപിന്റെ 'ബോർഡ് ഓഫ് പീസി'ൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ; നിലവിൽ പങ്കാളികളായത് 19 രാജ്യങ്ങൾ
ഡാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലാണ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബോർഡ് ഓഫ് പീസ് പ്രഖ്യാപിച്ചത്
ന്യൂഡൽഹി | ഡാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ‘ബോർഡ് ഓഫ് പീസ്’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ഞായറാഴ്ച ഇന്ത്യക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും ഔദ്യോഗികമായി അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാൻ ന്യൂഡൽഹി തയ്യാറായില്ല. അതേസമയം പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ചടങ്ങിൽ പങ്കെടുക്കുകയും ബോർഡിൽ അംഗമാവുകയും ചെയ്തു.
‘ബോർഡ് ഓഫ് പീസ്’ സഖ്യത്തിൽ ബഹ്‌റൈൻ, മൊറോക്കോ, അർജന്റീന, പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി, യു എ ഇ. തുടങ്ങി 19 രാജ്യങ്ങളാണ് നിലവിൽ ഒപ്പിട്ടിരിക്കുന്നത്. മുപ്പത്തിയഞ്ചോളം രാജ്യങ്ങൾ പങ്കെടുക്കുമെന്നായിരുന്നു അമേരിക്കയുടെ പ്രതീക്ഷയെങ്കിലും പകുതിയോളം രാജ്യങ്ങൾ മാത്രമാണ് എത്തിയത്. റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ സഖ്യത്തിൽ ഉൾപ്പെടുത്തിയേക്കുമെന്ന ആശങ്കയെത്തുടർന്ന് പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങൾ ചടങ്ങിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്നു.
ഇസ്റാഈൽ – ഫലസ്തീൻ യുദ്ധത്തെത്തുടർന്ന് ഗസ്സയുടെ പുനർനിർമ്മാണത്തിനും ഭരണത്തിനും മേൽനോട്ടം വഹിക്കുന്നതിനാണ് ബോർഡ് ആദ്യം വിഭാവനം ചെയ്തത്. പിന്നീട് അത് ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്നതിലേക്ക് വ്യാപിച്ചു. അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കാൻ ഈ ബോർഡ് സഹായിക്കുമെന്നും ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഡാവോസിൽ ട്രംപ് പറഞ്ഞു. ലോകത്തെ എല്ലാ രാജ്യങ്ങളും ഇതിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഐക്യരാഷ്ട്രസഭയ്ക്ക് പകരമായോ അല്ലെങ്കിൽ അതിന് സമാന്തരമായോ ലോക സമാധാനത്തിനായി പ്രവർത്തിക്കുന്ന ഒരു സഖ്യം രൂപീകരിക്കുക എന്നതാണ് ട്രംപിന്റെ ലക്ഷ്യം. റഷ്യ-ഉക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യൻ പ്രതിസന്ധി എന്നിവ പരിഹരിക്കാൻ ഈ ബോർഡിലൂടെ സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
ഇന്ത്യയും അമേരിക്കയും തമ്മിൽ നല്ല ബന്ധമാണെങ്കിലും, മറ്റൊരു രാജ്യത്തിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേരുന്നതിനോട് ഇന്ത്യക്ക് താൽപ്പര്യമില്ല. റഷ്യയെ ഈ സഖ്യത്തിൽ ഉൾപ്പെടുത്തിയതും പാകിസ്ഥാൻ ഇതിൽ പ്രധാന പങ്കാളിയായതും ഇന്ത്യയുടെ വിട്ടുനിൽക്കലിന് കാരണമായേക്കാം.





