Aksharam Education
ഹാരപ്പൻ സംസ്‌കാരം
സിന്ധുനദീതട സംസ്‌കാരത്തിന്റെ നാശം ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ലാത്ത സിദ്ധാന്തമാണെന്ന് ചരിത്രകാരാനായ ഡോ. എച്ച് ഹെറാസ് പറയുന്നു. അതിന്റെ ജീർണതയെയും തകർച്ചയെയും കുറിച്ചുള്ള നമ്മുടെ അറിവ് ഇപ്പോഴും ഒരു അനുമാന ഘട്ടത്തിലാണ്. ഹാരപ്പൻ സംസ്‌കാരത്തിന്റെ അന്ത്യം അതിന്റെ ആരംഭം പോലെ തന്നെ നിഗൂഢമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ
മിക്കപ്പോഴും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിലെ ഒരു പ്രധാന ചോദ്യം ഹാരപ്പൻ സംസ്കാരത്തെ സംബന്ധിച്ചായിരിക്കും. പരീക്ഷ അടുക്കുന്ന വേളയിൽ നമുക്ക് ഹാരപ്പൻ സംസ്കാരത്തെ ഒന്ന് അറിയാം.
സിന്ധുനദീതട സംസ്കാരം
നദീതീരങ്ങൾ കേന്ദ്രീകരിച്ചാണ് മിക്ക നാഗകരികതയും എന്ന് നമുക്കറിയാമല്ലോ. കൃഷി ചെയ്യാനും യാത്ര ചെയ്യാനും നദികൾ അത്യാവശ്യമായിരുന്നത് കൊണ്ടാണ് എല്ലാ നാഗരികതയും നദിയുമായി ബന്ധപ്പെട്ട് കിടക്കുന്നത്. സിന്ധു നദിയുമായി ബന്ധപ്പെട്ട്് രൂപപ്പെട്ട ഹാരപ്പൻ നാഗരികത ഇത്തരത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. സിന്ധു നദീതട സംസ്കാരമെന്നും ബി സി മൂവായിരത്തോടെ നിലവിൽ വന്ന ഈ നാഗരികതയെ വിളിക്കുന്നുണ്ട്. സിന്ധുനദിയുടെയും ഘാഗ്ഗർ ഹക്ര നദിയുടെയും സമീപത്തായി നിലനിന്നിരുന്ന ഈ നാഗരികതയുടെ തെളിവുകൾ ആദ്യമായി ലഭിച്ചത് ഹാരപ്പയിൽ നിന്നായിരുന്നു. അതിനാലാണ് ഇത് ഹാരപ്പൻ സംസ്‌കാരം എന്ന പേരിൽ കൂടി അറിയപ്പെടുന്നത്.
കൃഷി
ഹാരപ്പൻ കാലഘട്ടത്തിലെ പ്രധാന ജീവിത മാർഗം കൃഷിയായിരുന്നു. ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന ഘഗ്ഗർ ഹക്ര നദിയുടെയും സിന്ധു നദിയുടെയും തീരങ്ങൾ ഫലഭൂയിഷ്ഠമായിരുന്നു. വർഷത്തിന്റെ ഭൂരിഭാഗം സമയവും നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലവും കൂടിയായതിനാൽ കൃഷിക്ക് ഏറെ അനുയോജ്യമായിരുന്നു. പല ഉത്ഖനനങ്ങളിലും കാളകൾ വലിക്കുന്ന ആകൃതിയിലെ കളിപ്പാട്ടങ്ങൾ, ചെറിയ മൺരൂപങ്ങൾ തുടങ്ങി പലതും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇത് ഹാരപ്പൻ കാലഘട്ടത്തിൽ മൃഗങ്ങളെ ഉപയോഗിച്ചതിന്റെ തെളിവായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ചില സ്ഥലങ്ങളിൽ ആനയെ ഉപയോഗിച്ച് കൃഷി ചെയ്തതിനുള്ള തെളിവും ലഭിച്ചിട്ടുണ്ട്.
സിന്ധുനദിയുടെയും ഘഗ്ഗർ ഹക്ര നദിയുടെയും തീരത്തായി നിരവധി സമൂഹങ്ങളും ഗ്രാമങ്ങളും രൂപപ്പെടുകയും അവ തമ്മിൽ ബന്ധപ്പെടുത്തി വലിയൊരു നാഗരിക സംസ്‌കാരം രൂപപ്പെടുകയുമായിരുന്നു. മികച്ച ആസൂത്രണത്തോടെയുള്ള നഗരനിർമാണവും വിപുലമായ വാണിജ്യ സംവിധാനങ്ങളും ഡ്രൈനേജ് സംവിധാനവും മറ്റ് പുരാതന സംസ്‌കാരങ്ങളിൽ നിന്ന് ഹാരപ്പൻ സംസ്‌കാരത്തെ ഭിന്നമാക്കുന്നു കളിമൺ പാത്രങ്ങളിലെ മനോഹരമായ ചിത്രവേലകളും പ്രസിദ്ധമായിരുന്നു. പ്രകൃതി, മാതൃദേവി, കാള തുടങ്ങിയവയെ ആരാധിച്ചിരുന്ന ഈ സംസ്‌കാരം മെസപ്പൊട്ടേമിയയുമായി വ്യാപാരം നടത്തിയിരുന്നു. ഗോതമ്പ്, ബാർലി, പലതരം പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയവ കൃഷി ചെയ്യുകയും പരുത്തി തുണിത്തരങ്ങൾ, കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയവയാണ് മെസപ്പൊട്ടേമിയയുമായി നടത്തിയ വ്യാപാരങ്ങൾ.
23,500 ഓളം ജനങ്ങൾ ഇവിടെ വസിച്ചിരുന്നു എന്നാണ് കണക്കാക്കുന്നത്. അക്കാലത്തെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായിരുന്നു ഹാരപ്പ. ഇന്നും ഈ സംസ്‌കൃതിയുടെ ഭാഷ പൂർണമായി മനസ്സിലാക്കാൻ ചരിത്രകാരൻമാർക്ക് കഴിഞ്ഞിട്ടില്ല. ഹാരപ്പയിൽ നിന്ന് ധാരാളം പുരാവസ്തു അവശിഷ്ടങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. വ്യക്തമായി തിരിച്ച തെരുവുകൾ, വേർതിരിച്ച വാസഗൃഹങ്ങൾ, പരന്ന മേൽക്കൂരയുള്ള ചുടുകൽ വീടുകൾ എല്ലാം നാഗരികയുടെ പ്രത്യേകതകളായിരുന്നു. ചെമ്പ്, വെങ്കലം എന്നിവ ഉപയോഗിച്ചിരുന്നെങ്കിലും, ഇരുമ്പ് ഇവർ ഉപയോഗിച്ചിരുന്നില്ല. പരുത്തി നെയ്യുകയും നിറംപിടിപ്പിച്ച വസ്ത്രങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
ഭരണം
മുഴുവൻ സംസ്‌കൃതിക്കും കേന്ദ്രീകൃതമായ ഭരണസംവിധാനം ഇല്ലായിരുന്നെങ്കിലും ഓരോ നഗരത്തിനും കേന്ദ്രീകൃതമായ ഭരണസംവിധാനം ഉണ്ടായിരുന്നു. ആഭരണ നിർമാണവും അക്കാലത്തുണ്ടായിരുന്നു. മൂല്യമുള്ള വിവിധതരം കല്ല് കൊണ്ടാണ് മാലകളും വളകളും മറ്റു ആഭരണങ്ങളും നിർമിച്ചിരിക്കുന്നത്.
പ്രദേശത്തിന്റെ അഞ്ച് ശതമാനം മാത്രമേ ഇന്നുവരെ ഖനനം ചെയ്യപ്പെട്ടിട്ടുള്ളൂ. ഈയടുത്ത് ഇവിടെനിന്ന് 5,000 വർഷം പഴക്കമുള്ള ആഭരണനിർമാണ ശാലയുടെ ഭാഗങ്ങൾ ഖനനം ചെയ്തെടുത്തിരുന്നു. വിവിധ കരകൗശല വസ്തുക്കൾ നിർമിക്കുന്ന രീതി ഹാരപ്പയിൽ കാണാം. വെങ്കലം കൊണ്ട് പ്രതിമകൾ ഉണ്ടാക്കിയിരുന്നു. പാത്ര നിർമാണം മറ്റൊരു കലയായിരുന്നു. പാത്രങ്ങളുടെ പുറത്ത് പലതരം ചിത്ര പണികൾനടത്തിയിരുന്നു. കല്ല്, വെങ്കലം, ചെമ്പ് ഉപയോഗിച്ചുള്ള ആയുധമാണ് വേട്ടക്ക് ഉപയോഗിച്ചിരുന്നത്.
പതനം
ആര്യന്മാരുടെ അധിനിവേശം ഹാരപ്പൻ സംസ്‌കാരത്തെ തകർത്തുകളഞ്ഞുവെന്നാണ് കണക്കാക്കപ്പെടുന്നത്. ആര്യൻമാർക്ക് കുതിരയെ ഉപയോഗിക്കാനും ഇരുമ്പ് ഉപയോഗിക്കാനും അറിയാമായിരുന്നു. ഇത് രണ്ടും ഹാരപ്പൻ സംസ്‌കാരത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഹാരപ്പൻ സംസ്‌കാരം അവസാനിച്ചു വർഷങ്ങൾക്കുശേഷമാണ് ആര്യൻ അധിനിവേശം ഇന്ത്യയിൽ വരുന്നതെന്നും അക്രമാസക്തമായ തെളിവുകളൊന്നും അവിടെ നിന്ന് ലഭിച്ചിട്ടില്ലെന്നും ഒരുവിഭാഗം പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് പതനം സംഭവിച്ചതെന്ന അഭിപ്രായവുമുണ്ട്.
പ്രത്യേകതകൾ
- ഹാരപ്പയിൽ കണ്ടെത്തിയ വലിയ ധാന്യപ്പുര ധാന്യശേഖരണത്തെയും പൊതു വിതരണ സമ്പ്രതായത്തെയും കുറിച്ചുള്ള അറിവ് നൽകുന്നു
- സിന്ദു നദീ തീരത്തുള്ള ഏറ്റവും വലിയ നഗരമായ മോഹൻജദാരോയിലാണ് മഹാ സ്‌നാനഘട്ടം (Great Bath) ഉള്ളത്
- ഗുജറാത്തിലെ ലോഥാളിൽ കണ്ടെത്തിയ തുറമുഖത്തിന്റെ അവശിഷ്ടങ്ങൾ ഹാരപ്പൻ സംസ്‌കൃതിയുടെ വിദേശ വാണിജ്യത്തെ കുറിച്ചുള്ള തെളിവുകൾ നൽകുന്നു
- ഹാരപ്പൻ നഗരാസൂത്രണം പ്രശസ്തമാണ്. പരസ്പരം സമ കോണാകൃതിയിൽ മുറിഞ്ഞുപോകുന്ന തെരുവുകൾ, അവക്ക് ഇരു വശവും പണിത കെട്ടിടങ്ങൾ, മൂടിയ അഴുക്കുചാൽ എന്നിങ്ങനെയായിരുന്നു അത്
- ഏകീകൃതമായ അളവുതൂക്ക സമ്പ്രദായം നിലനിന്നിരുന്നു
- ഹാരപ്പൻ സമൂഹത്തിൽ കൃഷിക്കാർക്ക് പുറമേ പലതരം കൈത്തൊഴിൽ കൂട്ടായ്മകൾ ഉണ്ടായിരുന്നു





