Connect with us

Ongoing News

അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു;ഷാജി എന്‍ കരുണിന് ടി കെ രാമകൃഷ്ണന്‍ പുരസ്‌കാരം

അരലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് ഈ സാംസ്‌കാരിക പുരസ്‌കാരം.

Published

|

Last Updated

അബുദാബി |  മലയാളത്തിലെ സര്‍ഗ്ഗധനരായ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശക്തി തിയറ്റേഴ്സ് അബുദാബി ഏര്‍പ്പെടുത്തിയ അബുദാബി ശക്തി തായാട്ട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 1987 ല്‍ അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി രൂപീകരിച്ചതു മുതല്‍ അതിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ച മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി കൂടിയായ ടി.കെ. രാമകൃഷ്ണന്റെ സ്മരണ മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയ ശക്തി ടി.കെ. രാമകൃഷ്ണന്‍ പുരസ്‌കാരത്തിന് പ്രമുഖ ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണ്‍ അര്‍ഹനായി. അരലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് ഈ സാംസ്‌കാരിക പുരസ്‌കാരം.

മലയാള സാഹിത്യത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും സഹായകരമായ മികച്ച കൃതികള്‍ കണ്ടെത്തി അവ എഴുതിയ സാഹിത്യകാരന്മാരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1987 മുതല്‍ നല്‍കിവരുന്ന മുപ്പത്തിയെട്ടാമത് അബുദാബി ശക്തി അവാര്‍ഡുകള്‍ക്ക് താഴെ പറയുന്നവര്‍ അര്‍ഹരായി. വിജ്ഞാന സാഹിത്യത്തിനുള്ള അബുദാബി ശക്തി അവാര്‍ഡ് മീനമ്പലം സന്തോഷിനും (വേദി, ജനകീയ നാടകം, രംഗാനുഭവപഠനം) പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ക്കും (ചരിത്ര പഠനവും സമൂഹവും) ലഭിച്ചു. കവിതാ പുരസ്‌കാരം ശ്രീകാന്ത് താമരശ്ശേരി യുടെ കടല്‍ കടന്ന കറിവേപ്പുകള്‍ എന്ന കവിതാസമാഹാരത്തിനു ലഭിച്ചപ്പോള്‍ കഥയ്ക്കുള്ള പുരസ്‌കാരം ഗ്രേസിയും (ഗ്രേസിയുടെ കുറുംകഥകള്‍), മഞ്ജു വൈഖരിയും (ബോധി ധാബ) പങ്കിട്ടു.

ബാലസാഹിത്യത്തിനുള്ള അവാര്‍ഡ് ദിവാകരന്‍ വിഷ്ണുമംഗലം (വെള്ള ബലൂണ്‍), ഡോ. രതീഷ് കാളിയാടന്‍ (കുട്ടിക്കുട ഉഷാറാണ്) എന്നിവര്‍ക്കാണ്. നാടകത്തിനുള്ള അവാര്‍ഡ് കാളിദാസ് പുതുമന (നാടകപഞ്ചകം), ഗിരീഷ് കളത്തില്‍ (ഒച്ചയും കാഴ്ചയും) എന്നിവര്‍ പങ്കിട്ടെടുത്തപ്പോള്‍ നോവലിനുള്ള അവാര്‍ഡ് ജാനമ്മ കുഞ്ഞുണ്ണിയുടെ പറയാതെ പോയത് എന്ന നോവല്‍ സ്വന്തമാക്കി. പ്രശസ്ത സാഹിത്യ വിമര്‍ശകനും, വിദ്യാഭ്യാസ ചിന്തകനും ദേശാഭിമാനിവാരികയുടെ പത്രാധിപരും ആയിരുന്ന തായാട്ട് ശങ്കരന്റെ സ്മരണക്കായി 1989 ല്‍ രൂപം നല്‍കിയ നിരൂപണ സാഹിത്യത്തിനുള്ള ശക്തി തായാട്ട് അവാര്‍ഡ് ഇത്തവണ എം. കെ. ഹരികുമാര്‍ (അക്ഷര ജാലകം), ആര്‍ വി എം ദിവാകരന്‍ (കാത്തുനില്‍ക്കുന്നു കാലം) എന്നിവര്‍ പങ്കിട്ടെടുത്തു. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും സാംസ്‌കാരിക നായകനുമായ പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ളയുടെ സ്മരണക്കായി 2014 ല്‍ ഏര്‍പ്പെടുത്തിയ ഇതര സാഹിത്യത്തിനുള്ള ശക്തി – എരുമേലി അവാര്‍ഡ് പി. പി. ബാചന്ദ്രന്റെ എ.കെ.ജിയും ഷേക്‌സിപിയറും എന്ന ഗ്രന്ഥത്തിനര്‍ഹമായി. പി. പി. അബൂബക്കര്‍ രചിച്ച ‘ദേശാഭിമാനി ചരിത്രം’ എന്ന മാധ്യമ രംഗത്തെ കുറിച്ചുള്ള ഗ്രന്ഥവും സിയാര്‍ പ്രസാദ് രചിച്ച ‘ഉപ്പുകള്‍’ എന്ന കവിതാ സമാഹാരവും പ്രത്യേക പുരസ്‌കാരങ്ങള്‍ക്കായി തെരഞ്ഞെടുത്തു.

25,000 രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് ഈ അവാര്‍ഡുകള്‍. അര്‍ഹതപ്പെട്ട രണ്ടുപേരുള്ള ഇനങ്ങളില്‍ തുക തുല്യമായി വീതിച്ചു നല്‍കും
. അവാര്‍ഡ് സമര്‍പ്പണം ആഗസ്റ്റ് 25 വൈകിട്ട് മൂന്നിന് ചെങ്ങന്നൂര്‍ ഐ എച്ച് ആര്‍ ഡി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അവാര്‍ഡ് സമര്‍പ്പണം ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.