Connect with us

abudhabi award

അബുദബി അവാർഡ്: നിങ്ങൾക്കും നാമനിദേശം ചെയ്യാം

രാജ്യത്തെ  ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമാണ് അബുദബി അവാർഡ്.

Published

|

Last Updated

അബുദബി | സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങള്‍ക്കുള്ള അംഗീകാരമായ അബുദബി അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമാണ് അബുദബി അവാർഡ്. 2005ല്‍ തുടക്കം കുറിച്ചതു മുതല്‍ 16 രാജ്യങ്ങളില്‍ നിന്നുള്ള 92 വ്യക്തിത്വങ്ങളെയാണ് അബുദബി അവാര്‍ഡ് നല്‍കിയാദരിച്ചത്. അന്തരിച്ച ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഫലമാണ് അവാർഡുകൾ. യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശ പ്രകാരമാണ് അവാർഡ് പ്രക്രിയ പൂർത്തിയാക്കുന്നത്. 2005 മുതൽ 2009 വരെ എല്ലാ വർഷവും നടന്ന അവാർഡ് ദാന ചടങ്ങ് 2011 മുതൽ ദ്വിവത്സര പരിപാടിയായി മാറി.

എങ്ങനെ നാമനിർദേശം ചെയ്യാം

അവാർഡിന് നാമനിർദ്ദേശം ചെയ്യാൻ പ്രത്യേക വിഭാഗങ്ങളില്ല. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പരിസ്ഥിതി, സാമൂഹ്യക്ഷേമം, കമ്മ്യൂണിറ്റി സേവനങ്ങൾ, കായികം, സന്നദ്ധസേവനം തുടങ്ങിയ മേഖലകളിൽ നിന്നാണ് അവാർഡിന് അർഹരെ പരിഗണിക്കുക. പ്രായപരിധിയില്ല. പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധതക്ക് 2011ൽ അവാർഡ് ലഭിച്ചത് 10 വയസ്സുള്ള അബ്ദുൽ മുഖീത് അബ്ദുൽ മന്നനായിരുന്നു. പതിനൊന്നാമത് പതിപ്പിന്റെ നാമനിർദേശം ഒക്ടോബർ 10ന് അവസാനിക്കും. www.abudhabiawards.ae എന്ന ഓൺലൈൻ വഴിയോ  www.facebook.com/abudhabiawards എന്ന ഫേസ്ബുക്ക് പേജ് വഴിയോ 800 333 1 എന്ന നമ്പറിൽ കോൾ സെന്റർ വഴിയോ നോമിനേറ്റ് ചെയ്യാം. ഒരാൾക്ക് എത്ര പേരെ വേണമെങ്കിലും നോമിനേറ്റ് ചെയ്യാം. ഓരോന്നിനും വ്യത്യസ്ത നാമനിർദേശ ഫോമുകൾ ഉപയോഗിക്കണം. ഒരു നാമനിർദ്ദേശം മാത്രമേ ആവശ്യമുള്ളൂ. അർഹതയെ അടിസ്ഥാനമാക്കിയാണ് സ്വീകർത്താക്കളെ തിരഞ്ഞെടുക്കുന്നത്.

സ്വയം നാമനിർദേശം?

സ്വയം നാമനിദേശം ചെയ്യാൻ കഴിയില്ല. സമൂഹത്തിൽ അറിയപ്പെടുന്ന നല്ല പ്രവൃത്തി ചെയ്ത ഒരാളെ നാമനിർദേശം ചെയ്യാം. നോമിനേഷൻ പരസ്യമാക്കാൻ പാടുള്ളതല്ല. നോമിനേഷൻ ഫോമിൽ അടങ്ങിയിരിക്കുന്ന എല്ലാ വിവരങ്ങളും സ്വകാര്യവും രഹസ്യാത്മകവുമാണ്. യു എ ഇ സമൂഹത്തിൽ ക്രിയാത്മകമായ സംഭാവന നൽകിയതായി കരുതുന്നവരെ പ്രായം, ലിംഗഭേദം, പൌരത്വം, സ്ഥലം എന്നിവ പരിഗണിക്കാതെ നാമനിർദേശം ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് അവാർഡുകളുടെ പ്രധാന വെബ്‌സൈറ്റായ www.AbuDhabiAwards.ae സന്ദർശിക്കുക. വിധിനിർണയ പ്രക്രിയ സമഗ്രമാണ്. എല്ലാ നാമനിർദേശങ്ങളും വ്യക്തിഗതമായി അവലോകനം ചെയ്ത് അവലോകന സമിതിക്ക് റിപ്പോർട്ട് ചെയ്യുന്നു. റിവ്യൂ കമ്മിറ്റിയുടെ പ്രവർത്തനം പിന്നീട് പ്രമുഖർ, സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ ഡയറക്ടർമാർ അടങ്ങുന്ന അബുദബിയിലെ ഉന്നത അവലോകന സമിതി വിലയിരുത്തുന്നു. യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് വിധികർത്താക്കളെ തിരഞ്ഞെടുക്കുന്നത്. വോട്ട് ചെയ്യാൻ അവസരമില്ല.

അവാർഡ്ദാന  ചടങ്ങ് എപ്പോൾ, എവിടെ വെച്ച് ?

കഴിഞ്ഞ വർഷത്തെ അവർഡ് ദാന ചടങ്ങ് ഖസ്ർ അൽ ഹുസൻ കൊട്ടാരത്തിലായിരുന്നു. 2023ലെ എഡിഷൻ അടുത്ത വർഷം ഒന്നാം പാദത്തിലാണ് പ്രഖ്യാപിക്കുക. ചടങ്ങിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. സ്വീകർത്താക്കൾ, അവരുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സർക്കാർ, വ്യവസായ പ്രമുഖർ, മുൻകാലങ്ങളിൽ  അവാർഡുകൾ നേടിയവർ എന്നിവർക്കാണ് പ്രവേശനം. പരിപാടി അബൂദബി ടിവി ചാനലുകളിൽ സംപ്രേക്ഷണം ചെയ്യും. ഓരോ സ്വീകർത്താവിനും അബൂദബി അവാർഡ് ട്രോഫി, അബുദബി മെഡൽ (ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി) എന്നിവ ലഭിക്കും.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest