National
തന്നെ അറസ്റ്റുചെയ്താലും ഡല്‍ഹിയില്‍ എഎപി വിജയിക്കും: കെജ്രിവാള്‍
ഡല്‍ഹിയില്‍ എഎപിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബിജെപിക്ക് അറിയാം.

ന്യൂഡല്‍ഹി| 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വിജയിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തന്നെ അറസ്റ്റുചെയ്താലും അതിന് മാറ്റം വരില്ലെന്നും ജയിലില്‍ പോകുന്നതില്‍ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തില്‍ നടന്ന എഎപി പ്രവര്‍ത്തക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് കെജ്രിവാളിന്റെ പ്രതികരണം.
മുഖ്യമന്ത്രി പദത്തോട് തനിക്ക് മോഹമൊന്നുമില്ലെന്നും ഒരുപക്ഷേ 49 ദിവസത്തിന് ശേഷം ആരും ആവശ്യപ്പെടാതെ രാജിവച്ച ലോകത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ഞാനായിരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ എഎപിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബിജെപിക്ക് അറിയാം. അതിനാലാണ് ഗൂഢാലോചന നടത്തി എഎപി നേതാക്കളെ ജയിലിലടയ്ക്കുന്നതെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.