National
ആം ആദ്മി പാര്‍ട്ടി ദേശീയ പാര്‍ട്ടി; പ്രവര്‍ത്തകരെ അഭിനന്ദിച്ച് കെജ്രിവാള്‍
പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും ഒപ്പം നേട്ടം ആഘോഷിക്കാന്‍ പാര്‍ട്ടി ഓഫീസിലെത്തിയ കെജ്രിവാള്‍ ദേശീയ പാര്‍ട്ടി പദവി നേടാന്‍ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞു.

ന്യൂഡെല്‍ഹി| ആം ആദ്മി പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതിന് പിന്നാലെ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 10 വര്‍ഷത്തിനുള്ളില്‍ എഎപിക്ക് ദേശീയ പാര്‍ട്ടിയെന്ന പദവി ലഭിച്ചത് അത്ഭുതത്തില്‍ കുറവല്ല.അതോടൊപ്പം വലിയ ഉത്തരവാദിത്തമാണിതെന്നും ആവശ്യമെങ്കില്‍ ജയിലില്‍ പോകാന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറാകണമെന്നും കെജ്രിവാള്‍ പറഞ്ഞു.
പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും ഒപ്പം നേട്ടം ആഘോഷിക്കാന്‍ പാര്‍ട്ടി ഓഫീസിലെത്തിയ കെജ്രിവാള്‍ എഎപിയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കിയവര്‍ക്കും ദേശീയ പാര്‍ട്ടി പദവി നേടാന്‍ സഹായിച്ചവര്‍ക്കും നന്ദി പറഞ്ഞു.
മനീഷ് സിസോദിയയെയും സത്യേന്ദര്‍ ജെയിനിനെയും ജയിലില്‍ നിര്‍ത്താന്‍ ദേശവിരുദ്ധ ശക്തികള്‍ പ്രവര്‍ത്തിച്ചുവെന്നും ഡല്‍ഹിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പുരോഗതി തടയാന്‍ ആഗ്രഹിക്കുന്ന എല്ലാ ‘ദേശവിരുദ്ധ ശക്തികളും’ ആം ആദ്മി പാര്‍ട്ടിക്ക് എതിരാണ്. ഇതില്‍ ഭയക്കുന്നവര്‍ പാര്‍ട്ടി വിടണം. ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമാക്കാന്‍ എഎപിയില്‍ ചേരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ നന്ദി അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ‘ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ദേശീയ പാര്‍ട്ടി? ഇത് ഒരു അത്ഭുതത്തില്‍ കുറവല്ല. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍’, എന്നായിരുന്നു ട്വീറ്റ്.