Kerala
തൃശൂരില്‍ മരിച്ച യുവാവിന് വിദേശത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചിരുന്നു; ഉന്നതതല അന്വേഷണം നടത്തും: മന്ത്രി വീണ ജോര്‍ജ്
റിപ്പോര്‍ട്ട് ഇന്നലെയാണ് ബന്ധുക്കള്‍ തൃശൂരിലെ ആശുപത്രി അധികൃതര്‍ക്ക് നല്‍കിയതെന്നും ആരോഗ്യമന്ത്രി

പത്തനംതിട്ട | തൃശൂരില്‍ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം ഉന്നതല സംഘം അന്വേഷിക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. മങ്കിപോക്‌സ് മൂലം സാധാരണ ഗതിയില്‍ മരണമുണ്ടാകാനുള്ള സാധ്യതയില്ലെന്നും മങ്കിപോക്‌സ് ലക്ഷണങ്ങളില്ലാതിരുന്ന യുവാവ് തൃശൂരില്‍ ചികിത്സ തേടിയത് കടുത്ത ക്ഷീണവും മസ്തിഷ്‌ക ജ്വരവും മൂലമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദേശത്തു വെച്ച് നടത്തിയ പരിശോധനയില്‍ യുവാവിന് മങ്കി പോക്‌സ് സ്ഥിരീകരിച്ചിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നലെയാണ് ബന്ധുക്കള്‍ തൃശൂരിലെ ആശുപത്രി അധികൃതര്‍ക്ക് നല്‍കിയതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.21 ന് കേരളത്തിലെത്തിയ യുവാവ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. 27 ന് മാത്രമാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. എന്ത് കൊണ്ട് ആശുപത്രിയില്‍ ചികിത്സ തേടാന്‍ വൈകിയെന്നതടക്കമുള്ള കാര്യങ്ങള്‍ ഉന്നതതല സംഘം പരിശോധിക്കും. യുവാവിന്റെ സാമ്പിള്‍ ഒരിക്കല്‍ കൂടി ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കും.
പകര്‍ച്ച വ്യാധി ആണങ്കിലും മങ്കി പോക്‌സിന് വലിയ വ്യാപനശേഷി ഇല്ലെന്നും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും വീണ ജോര്‍ജ് പറഞ്ഞു.
21ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. സംശയത്തെ തുടര്‍ന്നാണ് സ്രവ സാമ്പിളുകള്‍ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചത്. അതിനിടെ, നെടുമ്പാശേരി വിമാനത്താവളത്തിലെത്തി നിരീക്ഷണത്തിലായിരുന്ന ഏഴ് പേര്‍ക്ക് മങ്കിപോക്‌സ് ഇല്ലെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇവര്‍ ആലുവ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.