സാഹിത്യം
പരീക്ഷണങ്ങളുടെ കഥ; അഗ്നിപരീക്ഷകളുടെയും...
ഗാന്ധിജിയുടെ ആത്മകഥയെ ആദ്യന്തം ആകർഷകവും ജീവസ്സുറ്റതുമായി നിലനിർത്തുന്ന പ്രധാന ഘടകം അതിന്റെ സത്യസന്ധതയിലധിഷ്ഠിതമായ ആഖ്യാനമാണ്. ഗാന്ധിജിയുടെ ഈ ആത്മകഥ സത്യത്തിനും ധർമത്തിനും അഹിംസക്കും വേണ്ടി നിലകൊള്ളാനും അവയെ പരിപാലിക്കാനുമുള്ള ഒരു മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റേയും അചഞ്ചലമായ മനശ്ശക്തിയുടെയും കഥയാണ്.
ലോകത്തിലെത്തന്നെ ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്ന് മഹാത്മാഗാന്ധിയുടെ ആത്മകഥയാണ്. “ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണകഥ’ (An Autography or Story of My Experiments with Truth) എന്ന ഏറെ കൗതുകകരമായ പേരിൽ 1925 നവംബർ മാസത്തിൽ “നവജീവൻ’ എന്ന ഗുജറാത്തി വാരികയിലാണ് ആഴ്ചതോറും ഈ രചന പ്രസിദ്ധീകരിച്ചുതുടങ്ങിയത്. ഇരുപതാംനൂറ്റാണ്ടിലെ, ലോകത്തിന്റെ ആദരവിന് അർഹരായ നേതാക്കളിൽ പ്രധാനിയാണ് ഗാന്ധിജി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആത്മകഥ ലോകജനത അത്യധികമായ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഗാന്ധിജിയുടെ എണ്ണമറ്റ കൃതികളിൽ ഏറ്റവും വലുതെന്നു കരുതാവുന്ന അതുല്യമായ ഈ ഗ്രന്ഥം ഇപ്പോൾ ശതാബ്ദിനിറവിലാണ്.
തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ നിരന്തര പ്രേരണയാണ് ആത്മകഥയെഴുതുന്നതിന് തനിക്ക് പ്രചോദനമായതെന്ന് ഈ ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഗാന്ധിജി സൂചിപ്പിക്കുന്നുണ്ട്. എന്നാൽ എഴുത്ത് ആരംഭിച്ചപ്പോഴേക്കും ബോംബെയിൽ കലാപം പൊട്ടിപ്പുറപ്പെടുകയും തുടർന്നുണ്ടായ ചില അനിഷ്ട സംഭവങ്ങളെത്തുടർന്ന് ഗാന്ധിജി ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെകൂടെ ജയിലിലുണ്ടായിരുന്ന സുഹൃത്ത് ജേറാം ദാസ് ആത്മകഥ പൂർത്തിയാക്കാൻ ഗാന്ധിജിയോട് ആവശ്യപ്പെട്ടെങ്കിലും അപ്പോഴൊന്നും അതിനുപറ്റിയ സാഹചര്യമുണ്ടായില്ല. പിന്നീട് ജയിൽ മോചിതനായശേഷം “നവജീവനു’വേണ്ടി ആഴ്ചതോറും എന്തെങ്കിലും എഴുതിക്കൊടുക്കേണ്ടത് അത്യാവശ്യമായപ്പോൾ അതെന്തുകൊണ്ട് ആത്മകഥയായിക്കൂടാ എന്ന ചിന്തയിൽനിന്നാണ് ഈയൊരു ഗ്രന്ഥം പിറവിയെടുത്തതെന്ന് ഗാന്ധിജിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
1925 നവംബറിൽ “നവജീവനി’ൽ പ്രസിദ്ധീകരിച്ചുതുടങ്ങിയ ആത്മകഥയുടെ ജനനം അങ്ങനെയായിരുന്നു. 1929 ഫെബ്രുവരി വരെ തുടർച്ചയായി ആത്മകഥ “നവജീവനി’ൽ അച്ചടിച്ചുവന്നു. അതിന്റെ ഇംഗ്ലീഷ് പരിഭാഷ മഹാദേവ ദേശായിയിലൂടെ “യംഗ് ഇന്ത്യ’ യിലും ഏതാണ്ട് അതേസമയത്തുതന്നെ വന്നുകൊണ്ടിരുന്നു. 1927ൽ ആത്മകഥയുടെ ഒന്നാംഭാഗം നവജീവൻ ട്രസ്റ്റ് ഗുജറാത്തി ഭാഷയിൽ പുറത്തിറക്കി. രണ്ടാംഭാഗം 1929 ലും. തുടർന്ന് ഇംഗ്ലീഷിലേക്കും മിക്കവാറും എല്ലാ ഭാരതീയഭാഷകളിലേക്കും ഈ ഗ്രന്ഥം വിവർത്തനം ചെയ്യപ്പെട്ടു. 1997 ൽ നവജീവൻ പബ്ലിക്കേഷനിലൂടെ ഇതിന്റെ മലയാളപരിഭാഷ പതിനായിരം കോപ്പികളുമായി പുറത്തുവന്നു. തൊണ്ണൂറ്റി രണ്ടാമത്തെ പതിപ്പ് 2024 ൽ പ്രസിദ്ധീകരിച്ചതോടെ മൊത്തം ഒന്പത് ലക്ഷത്തി മൂവായിരം മലയാളം പതിപ്പുകൾ “നവജീവൻ’ പുറത്തിറക്കി. അതിനും എത്രയോ മുന്പ് 1955 ൽ “എന്റെ സത്യാന്വേഷണ പരീക്ഷകൾ’ എന്ന പേരിൽ മാതൃഭൂമി ഈ പുസ്തകത്തിന്റെ മലയാളപരിഭാഷ പ്രസിദ്ധീകരിച്ചിരുന്നു. കെ മാധവനാർ ആയിരുന്നു വിവർത്തകൻ. “നവജീവനു’വേണ്ടി മലയാള പരിഭാഷ നിർവഹിച്ചത് ഡോക്ടർ ജോർജ് ഇരുമ്പയമാണ്.
അഞ്ച് ഭാഗങ്ങളിലായി അസംഖ്യം ചെറു അധ്യായങ്ങളുടെ സഞ്ചയമാണ് ഗാന്ധിജിയുടെ ആത്മകഥ. അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതൽ 1921 വരെയുള്ള സംഭവങ്ങൾ ഇതിൽ വിവരിച്ചിരിക്കുന്നു. ലളിതമായ ആഖ്യാനരീതി എല്ലാവിഭാഗം വായനക്കാരെയും ആകർഷിക്കുന്നതാണ്. വായനയെ വിസ്മയകരമായൊരു അനുഭവതലത്തിലേക്കുയർത്തുന്ന ഗാന്ധിജിയുടെ അന്യാദൃശമായ രചനാതന്ത്രം അദ്ദേഹത്തിലെ അനുഗൃഹീതനായ എഴുത്തുകാരനെക്കൂടിയാണ് വെളിപ്പെടുത്തുന്നത്.
ഗാന്ധിജിതന്നെ സൂചിപ്പിച്ചിട്ടുള്ളതുപോലെ ഇത് വെറുമൊരു ആത്മകഥയല്ല, നേരെമറിച്ച് സത്യവുമായി അദ്ദേഹം പലപ്പോഴായി നടത്തിയ പരീക്ഷണങ്ങളുടെ കഥയാണ്. തന്റെ ജീവിതത്തിൽ ആ പരീക്ഷണങ്ങളല്ലാതെ മറ്റൊന്നും ഇല്ലാത്തതിനാൽ അതൊരു ആത്മകഥയുടെ രൂപം കൊള്ളൂന്നതാണെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അവ ചിലപ്പോഴൊക്കെ അദ്ദേഹത്തിന് അഗ്നിപരീക്ഷകളുമായിരുന്നു. തന്റെ ജീവിതത്തിലെ വൈയക്തികമായ വിഷയങ്ങളിൽ കടുത്ത നിസ്സംഗത പുലർത്തിയ ഗാന്ധിജി അപരക്ഷേമ പ്രവർത്തനങ്ങളിലാണ് കൂടുതലായി ശ്രദ്ധകേന്ദ്രീകരിച്ചത്.
അതേസമയം ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ മറ്റേതൊരാളേയുംപോലെ താനും ആശയുടേയും ആസക്തിയുടേയും ഇരയായിരുന്നുവെന്ന് ഗാന്ധിജി തുറന്നു സമ്മതിക്കുന്നുമുണ്ട്. തനിക്കുപറ്റിയ തെറ്റുകളും പിഴവുകളും വിഡ്ഢിത്തരങ്ങളും വായനക്കാരിൽനിന്നും ഒളിപ്പിച്ചു വെക്കാൻ അദ്ദേഹം തുനിഞ്ഞില്ല. താൻ തന്നെ വെളിപ്പെടുത്തിയില്ലായിരുന്നെങ്കിൽ മറ്റാരും അറിയുമായിരുന്നില്ലാത്ത നിരവധി കാര്യങ്ങൾ പോലും തികഞ്ഞ ആത്മാർഥതയോടെ വെളിപ്പെടുത്തുമ്പോൾ സത്യസന്ധതയുടെയും ആർജവത്തിന്റെയും മഹാമേരുവായി അദ്ദേഹം വായനക്കാരുടെ മുന്നിൽ വളർന്നുനിൽക്കുന്നു.
ഗാന്ധിജിയുടെ ആത്മകഥയെ ആദ്യന്തം ആകർഷകവും ജീവസ്സുറ്റതുമായി നിലനിർത്തുന്ന പ്രധാന ഘടകം അതിന്റെ സത്യസന്ധതയിലധിഷ്ഠിതമായ ആഖ്യാനമാണ്. സത്യത്തെ ഗാന്ധിജി ദൈവമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ സത്യം പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറാകുന്നുമില്ല. ഒരിടത്ത് ഗാന്ധിജി പറയുന്നു : “എന്നെ സംബന്ധിച്ചിടത്തോളം സത്യമാണ് പരമമായ തത്വം.’ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടിമാത്രമുള്ള സത്യപാലനം അദ്ദേഹത്തിന് സ്വീകാര്യമായില്ല. അങ്ങനെ ചെയ്യുന്നത് സ്വന്തം മനസ്സാക്ഷിയോടുള്ള വഞ്ചനയായിരിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.
ഈ പുസ്തകത്തിൽ അതിന് ഒട്ടേറെ ഉദാഹരണങ്ങൾ കാണാം. ഒന്ന് ഇങ്ങനെയാണ്. ഗാന്ധിജിയുടെ സമുദായക്കാർക്ക് കപ്പൽയാത്ര നിഷിദ്ധമായതിനാൽ അദ്ദേഹത്തിന്റെ ലണ്ടൻ യാത്രയെത്തുടർന്ന് ഗാന്ധിജിക്ക് നേതാക്കൾ ജാതിവിലക്ക് ഏർപ്പെടുത്തി. അവിടെനിന്നും അദ്ദേഹം തിരിച്ചുവന്നിട്ടും അത് നിലനിന്നു. ജാതിയിൽനിന്നും പുറത്താക്കിയവർക്കുള്ള എല്ലാ നിബന്ധനകളും ഗാന്ധിജി പാലിച്ചു. അതുപ്രകാരം ഭാര്യയുടെ മാതാപിതാക്കൾക്കും സഹോദരിക്കും അളിയനുമൊന്നും അദ്ദേഹത്തെ സത്കരിക്കാൻ അനുവാദമില്ലായിരുന്നു. ഗാന്ധിജിയാകട്ടെ അവരുടെ വീടുകളിൽനിന്നും വെള്ളംപോലും കുടിച്ചതുമില്ല. ഗാന്ധിജി പറയുന്നു.
“അവർ (ബന്ധുക്കൾ) ആ നിരോധനത്തെ രഹസ്യമായി ലംഘിക്കാൻ തയ്യാറായിരുന്നു. എന്നാൽ പരസ്യമായി ചെയ്യുകയില്ലാത്ത ഒരു കാര്യം രഹസ്യമായി ചെയ്യുക എന്റെ സ്വഭാവത്തിനു നിരക്കാത്തതായിരുന്നു.’ സത്യത്തെക്കുറിച്ച് പറയുമ്പോഴൊക്കെ അഹിംസയെക്കുറിച്ചും ഗാന്ധിജി പറയുമായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സത്യത്തിന്റെ ഉപാസകർ അഹിംസയുടെയും ഉപാസകരായിരിക്കണം. അഹിംസയിലൂടെ മാത്രമേ സത്യത്തെ സാക്ഷാത്കരിക്കാൻ കഴിയൂവെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സത്യവും അഹിംസയും ഗാന്ധിജിയെ സംബന്ധിച്ച് ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്.
ഇത്തരത്തിൽ നിത്യജീവിതവുമായി ബന്ധപ്പെട്ട ഒട്ടനവധി വിഷയങ്ങളിൽ തന്റെ സുനിശ്ചിതമായ അഭിപ്രായങ്ങൾ ഗാന്ധിജി ഈ പുസ്തകത്തിൽ തുറന്നുപറയുന്നുണ്ട്. സമുദായപരിഷ്കരണത്തിൽ ക്ഷമ പാലിക്കേണ്ടതിനെക്കുറിച്ചും, കൂടാതെ, ലളിതജീവിതം, ബ്രഹ്മചര്യം, കുട്ടികളുടെ വിദ്യാഭ്യാസം, വ്യായാമം, ഭക്ഷണശീലം, പൊതുസ്ഥലങ്ങളിലെ വൃത്തിയും വെടിപ്പും, പ്രകൃതിചികിത്സ, സമൂഹത്തിൽ സ്ത്രീകളുടെ സ്ഥാനം, ധനം, അധികാരം, പാപം, അനാചാരങ്ങൾ, അയിത്തം, വർണവിവേചനം, ജാതീയത എന്നിങ്ങനെ ജനജീവിതത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്ന എല്ലാ വിഷയങ്ങളെയും സത്യത്തിന്റെ ഉരകല്ലിലിട്ടുകൊണ്ടാണ് അദ്ദേഹം പരിശോധിക്കുന്നത്.
ഗാന്ധിജിയുടെ ഈ ആത്മകഥ സത്യത്തിനും ധർമത്തിനും അഹിംസക്കും വേണ്ടി നിലകൊള്ളാനും അവയെ പരിപാലിക്കാനുമുള്ള ഒരു മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റേയും അചഞ്ചലമായ മനശ്ശക്തിയുടെയും കഥയാണ്. ദേബാശിഷ് ചാറ്റർജി പറഞ്ഞതുപോലെ “ഒരായുധവുമില്ലാതെ സൂര്യനസ്തമിക്കാത്ത വലിയൊരു സാമ്രാജ്യത്തെ മുട്ടുകുത്തിച്ച ഗാന്ധിജി’ക്ക് തുണയായിരുന്നത് ഈ രണ്ട് ആയുധങ്ങളായിരുന്നല്ലോ. ഗാന്ധിജിയെക്കുറിച്ച് ടാഗോർ രേഖപ്പെടുത്തിയിട്ടുണ്ട്: “സംഗീതം പോലെ, സൗന്ദര്യം പോലെ അനിർവചനീയമായ വ്യക്തിപ്രഭാവം ഗാന്ധിജിയിൽനിന്നും പ്രവഹിച്ചു. സ്വച്ഛന്ദമായ സ്വയംസമർപ്പണത്തിന്റെ കഴിവുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രഭാവം മറ്റുള്ളവരെ ശക്തമായി സ്വാധീനിച്ചു.’ ഈ വാക്കുകൾ അതിന്റെ യഥാർഥ തിളക്കത്തിൽ പ്രതിഫലിക്കുന്ന രചനയാണ് “ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണകഥ.’ നൂറ് വർഷങ്ങൾക്കിപ്പുറവും അത് ലോകമെങ്ങുമുള്ള മനുഷ്യരെ സ്വയംനവീകരണത്തിന്റെ പാതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു.

