National
ഗുരുഗ്രാമില്‍ പൊലീസ് വാഹനം കാറിലിടിച്ച് ആറുവയസുകാരിയ്ക്ക് ദാരുണാന്ത്യം
അപകടത്തിന് ശേഷം പൊലീസ് വാഹനം നിര്‍ത്താതെ പോകുകയായിരുന്നു.

ഗുരുഗ്രാം| ഹരിയാനയിലെ ഗുരുഗ്രാമില്‍ അമിതവേഗതയിലെത്തിയ പൊലീസ് വാഹനം കാറിലിടിച്ച് ആറുവയസുകാരിയ്ക്ക് ദാരുണാന്ത്യം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പൊലീസിന്റെ എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍ (ഇആര്‍വി) ആണ് അപകടമുണ്ടാക്കിയത്. എന്നാല്‍ അപകടത്തിന് ശേഷം പൊലീസ് വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. അപകടത്തില്‍പ്പെട്ട പൊലീസുകാര്‍ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളുമുണ്ട്. പിസിആര്‍ വാന്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതായി ഗുരുഗ്രാം എസിപി വികാസ് കൗശിക് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട ഡ്രൈവര്‍, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ (എസ്പിഒ), ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ആരംഭിക്കുമെന്ന് വികാസ് കൗശിക് വ്യക്തമാക്കി.
ഡല്‍ഹിയില്‍ നിന്ന് ഫരീദാബാദിലേക്ക് വരുന്ന കാറിലാണ് പൊലീസ് വാഹനം ഇടിച്ചത്. പൊലീസുകാര്‍ ഓടി രക്ഷപ്പെടുന്നതിനുപകരം കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നെങ്കില്‍ മകള്‍ ജീവിച്ചിരിക്കുമായിരുന്നെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് വിശ്വജിത്ത് പറഞ്ഞു. അപകടവിവരം അറിഞ്ഞെത്തിയ പൊലീസാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.