Connect with us

Kerala

പാലക്കാട് മുതലമടയില്‍ ആദിവാസി മധ്യവയസ്‌കനെ ആറു ദിവസം മുറിയില്‍ അടച്ചിട്ടു; പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി

മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിലെ വെള്ളയന്‍ (54) എന്ന ആദിവാസി മധ്യവയസ്‌കനാണ് മര്‍ദ്ദനമേറ്റത്.

Published

|

Last Updated

പാലക്കാട്|പാലക്കാട് മുതലമടയില്‍ ആദിവാസി മധ്യവയസ്‌കനെ ആറു ദിവസം മുറിയില്‍ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിലെ വെള്ളയന്‍ (54) എന്ന ആദിവാസി മധ്യവയസ്‌കനാണ് മര്‍ദ്ദനമേറ്റത്. മുതലമട ഊര്‍ക്കുളം വനമേഖലയിലെ ഹോം സ്‌റ്റേ ഉടമയാണ് സംഭവത്തിന് പിന്നില്ലെന്നാണ് പരാതി. കൂലി പണിക്കാരനായ വെള്ളയന്‍ ഹോം സ്റ്റേയിലും മറ്റിടത്തും പണിക്ക് പോകാറുണ്ട്. തേങ്ങ പെറുക്കുന്നതിനിടെ ഹോംസ്റ്റേക്ക് സമീപം കണ്ട മദ്യ കുപ്പിയില്‍ നിന്ന് വെള്ളയന്‍ മദ്യമെടുത്ത് കുടിച്ചതിന്റെ പേരിലാണ് ക്രൂരമര്‍ദനമെന്നാണ് പരാതി.

മദ്യം കുടിച്ചത് ഹോം സ്റ്റേ ഉടമ ചോദ്യം ചെയ്തു. തുടര്‍ന്ന് വെള്ളയനെ മര്‍ദിച്ച് മുറിയില്‍ പൂട്ടിയിടുകയായിരുന്നു. മൂത്രമൊഴിക്കാന്‍ പോലും കഴിയാതെ ആറു ദിവസത്തോളം വെള്ളയനെ മുറിയില്‍ പൂട്ടിയിട്ടു. ഭക്ഷണമോ വെള്ളമോ നല്‍കാതെയായിരുന്നു ക്രൂരമര്‍ദനം. ഇന്നലെ രാത്രിയാണ് മുതലമട പഞ്ചായത്ത് മെമ്പര്‍ കല്പനാ ദേവിയുടെ നേതൃത്വത്തില്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് യുവാവിനെ രക്ഷപ്പെടുത്തിയത്. ഏറെ സമയമെടുത്താണ് വാതില്‍ തകര്‍ത്ത് അകത്ത് കയറി വെള്ളയനെ രക്ഷപ്പെടുത്തിയതെന്ന് പഞ്ചായത്ത് മെമ്പര്‍ കല്പനാ ദേവി പറഞ്ഞു. അവശനായ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

Latest