Connect with us

Prathivaram

അന്നേ മദ്റസ തുടങ്ങിയ ഒരാൾ

നവീനരീതിയിലുള്ള മദ്റസാ പഠനരീതി മനസ്സിൽ കണ്ട കോയിക്ക ഭാര്യാസമേതം താമസിക്കുകയായിരുന്ന കണ്ണൂർ സിറ്റിയിൽ നാലുപുരയെന്നറിയപ്പെട്ടിരുന്ന സ്വന്തം വീട്ടിൽ 1895ൽ മഅ്ദിനുൽ ഉലൂം മദ്റസ ആരംഭിച്ചു. മൂന്ന് കുട്ടികളുമായിട്ടായിരുന്നു തുടക്കം. പലകയിലെഴുത്തെന്ന രീതിമാറ്റി പുസ്തകങ്ങൾ വായിച്ചും കടലാസിലെഴുതിയുമുള്ള പഠന സമ്പ്രദായം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇഷ്ടപ്പെട്ടു.

Published

|

Last Updated

മറക്കേണ്ടവരെ ഒാർക്കുകയും ഒാർക്കേണ്ടവരെ മറക്കുകയും ചെയ്യുന്ന കാലത്ത് മറവിയിലേക്ക് മാറ്റിനിർത്തപ്പെട്ട ഒരാളുടെ പേര് എ എൻ കോയക്കുഞ്ഞി എന്നാണ്. അധിനിവേശ പാശ്ചാത്യ ശക്തികളോടുള്ള വിരോധമുൾപ്പെടെയുള്ള കാരണങ്ങളാൽ സ്കൂൾ വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞു നിന്ന മലബാറിലെ മാപ്പിള മക്കളോട് അക്ഷരമാണ് വെളിച്ചമെന്നുദ്ഘോഷിച്ച ” യാഥാസ്ഥിതിക’ പണ്ഡിതന്റെ പേരാണ് എ എൻ കോയക്കുഞ്ഞി. കോയിക്കയെന്നു നാട്ടുകാർ വിളിച്ചിരുന്ന എ എൻ കോയക്കുഞ്ഞിക്ക് നാട് നൽകിയ സ്നേഹാദരമായിരുന്നു ആ വിശേഷണം.
കണ്ണൂർ സിറ്റി പള്ളിയകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും അറക്കകത്ത് നാലുപുരയിൽ ആയിശുമ്മയുടെയും മൂന്ന് മക്കളിൽ രണ്ടാമനായി ജനിച്ചു. നാട്ടിലെ പ്രാഥമിക മതവിദ്യാഭ്യാസത്തിനു ശേഷംപ്രമുഖ ഇസ്്ലാമിക പണ്ഡിതനായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്ഥാപിച്ച പൊന്നാനി വലിയ ജുമാഅത്ത് പള്ളിയിലെ ദർസിൽ ചേർന്നു.

ദർസ് പഠനത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയ കോയിക്ക കണ്ണൂരിൽ കച്ചവടം തുടങ്ങി. ഒപ്പം ഖാദിരിയ്യ ത്വരീഖത്തിന്റെ വാക്താവുമായി. കുത്ത് റാത്തീബ് അടക്കമുള്ള ആത്മീയ സദസ്സുകളിലെ സാന്നിധ്യമായി. ആയിടെ തലശ്ശേരി ചെറിയാണ്ടി മൊയ്തീൻ കുട്ടി ഹാജിയുടെ മകളെ വിവാഹം ചെയ്തു. കച്ചവടത്തിൽ താത്പര്യം കുറഞ്ഞ അദ്ദേഹം പടച്ചവന്റെ നിയോഗമെന്നോണം പിന്നീട് കൈവെച്ചത് പലരും തൊടാൻ താത്പര്യം കാണിക്കാതിരുന്ന വിദ്യാഭ്യാസ മേഖലയിലായിരുന്നു.

നവീനരീതിയിലുള്ള മദ്റസാ പഠനരീതി മനസ്സിൽ കണ്ട അദ്ദേഹം ഭാര്യാസമേതം താമസിക്കുകയായിരുന്ന കണ്ണൂർ സിറ്റിയിൽ നാലുപുരയെന്നറിയപ്പെട്ടിരുന്ന സ്വന്തം വീട്ടിൽ 1895ൽ മഅ്ദിനുൽ ഉലൂം മദ്റസ ആരംഭിച്ചു. മൂന്ന് കുട്ടികളുമായിട്ടായിരുന്നു തുടക്കം. പലകയിലെഴുത്തെന്ന രീതിമാറ്റി പുസ്തകങ്ങൾ വായിച്ചും കടലാസിലെഴുതിയുമുള്ള പഠന സമ്പ്രദായം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇഷ്ടപ്പെട്ടു.

കുട്ടികളും അധ്യാപകരും വർധിച്ചതോടെ മദ്റസ നടത്തിപ്പിനു സ്ഥലപരിമിതി തടസ്സമായി. 1917ൽ ഇന്നത്തെ സിറ്റി ബർമ ഹോട്ടലിനു പിന്നിലുണ്ടായിരുന്ന ഔറാല എന്ന ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിൽ മദ്റസ മാറ്റി സ്ഥാപിച്ചു.
ഇതിനിടെ മതപഠനത്തോടൊപ്പം ഇഗ്ലീഷ്, ഉറുദു, അറബിക് ഭാഷകളും കണക്കും പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി. മദ്റസ ക്ലാസുകളിലേക്കാവശ്യമായ പാഠപുസ്തകങ്ങൾ തയ്യാറാക്കിയതും കോയിക്കയായിരുന്നു. ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷാപഠന സഹായി എന്ന അറബി മലയാളത്തിലുള്ള പുസ്തകവും അദ്ദേഹം പുറത്തിറക്കി.

മഅ്ദിനുൽ മദ്റസ കൂടാതെ കണ്ണൂർ സിറ്റിയിലും പരിസരങ്ങളിലുമായി മദ്റസ ഹക്കീമിയ്യ ( കോട്ടക്കു താഴെ ), മദ്റസ ഹുസൈനിയ്യ ( നീർച്ചാൽ), ഖുവ്വത്തുൽ ഇസ്്ലാം ( തയ്യിൽ ), തഅലീമുദ്ദീൻ ( കാംബസാർ ), തഅലീമുൽ ഉലൂം (കക്കാട്) എന്നീ മദ്റസകളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഇവയിൽ ചിലത് ഇപ്പോഴും തുടർന്നുപോരുന്നു.

സ്ഥലപരിമിതി വീണ്ടും പ്രശ്നമായി ഇന്നത്തെ അറക്കൽ മ്യൂസിയത്തിനു സമീപത്തുണ്ടായിരുന്ന പാലമാടം എന്ന വിശാലമായ കെട്ടിടം അറക്കൽ രാജകുടുംബം സ്കൂളിനായി വിട്ടുനൽകി. 1921 ൽ മദ്റസ മഅദിനുൽ ഉലൂം ഹയർ എലിമെന്ററി സ്കൂൾ പാലമാടത്തിൽ പ്രവർത്തനം തുടങ്ങി . എട്ടാം തരം വരെ ക്ലാസുണ്ടായിരുന്ന സ്കൂൾ അറിയപ്പെട്ടിരുന്നത് കോയിക്കാന്റെ സ്കൂൾ എന്ന പേരിലായിരുന്നു. കെട്ടിടത്തിന്റെ ജീർണാവസ്ഥ കാരണം സ്കൂളിന്റെ സ്ഥലം ഒരിക്കൽ കൂടി മാറേണ്ടിവന്നു. സ്കൂളിന്റെ പ്രവർത്തനം ദീനുൽ ഇസ്്ലാം സഭ മദ്റസ നടത്തിക്കൊണ്ടിരുന്ന സിറ്റി ജുമുഅ മസ്്ജിദിന് സമീപത്തെ തോപ്പ് എന്ന കെട്ടിടത്തിലേക്ക് മാറ്റി . സ്കൂൾ തോപ്പിലേക്ക് മാറ്റിയത് 1962ലാണ്. അപ്പോഴേക്കും കോയിക്ക മരണപ്പെട്ടിരുന്നു. 1965 ൽ സ്കൂൾ ദീനുൽ ഇസ്്ലാം സഭ ഏറ്റെടുത്തു.

കോയിക്ക തന്റെ വിദ്യാഭ്യാസ പ്രവർത്തനം കണ്ണൂർ സിറ്റിയിലും പരിസര പ്രദേശങ്ങളിലും മാത്രമായി പരിമിതപ്പെടുത്തിയില്ല. തലശ്ലേരി, വടകര, തളിപ്പറമ്പ്, കാസർകോട് എന്നിവിടങ്ങളിലും ആധുനിക രീതിയിലുള്ള മദ്റസകൾക്ക് തുടക്കമിട്ടു. തളിപ്പറമ്പിൽ കോയിക്ക ആരംഭിച്ച ഖുവ്വത്തുൽ ഇസ്്ലാം മദ്റസ ഇന്ന് പ്രദേശത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണ്. കണ്ണൂർ സിറ്റിയിൽ ആദ്യമായി ദർസ് ആരംഭിച്ചത് കോയിക്കയാണ് . 1930 ൽ പാലമാടത്തിൽ ആരംഭിച്ച ദർസ് അന്നത്തെ അറക്കൽ രാജാവിന്റെ അധ്യക്ഷതയിൽ ദർസ് ഉദ്ഘാടനം ചെയ്തത് പ്രമുഖ പണ്ഡിതനായ ഖുത്തുബി മുഹമ്മദ് മുസ്്ലിയാർ ആയിരുന്നു. ദർസിനോടനുബന്ധിച്ച് വിശാലമായ ഒരു ലൈബ്രറിയും സ്ഥാപിച്ചു. അറബി, ഉറുദു, പാഴ്സി , അറബി – മലയാള ഭാഷകളിലുള്ള ഗഹനമായ പുസ്തകങ്ങൾ ലൈബ്രറിയിലുണ്ടായിരുന്നു. 1969 ൽ തോപ്പിനെ കാർന്നുതിന്ന തീപ്പിടിത്തത്തിൽ ലൈബ്രറിയും പൂർണമായി കത്തിനശിച്ചു.

വിദ്യാർഥികളുടെ സർഗവാസന പ്രോൽസാഹിപ്പിക്കുന്നതിലും കോയിക്ക പ്രത്യേക താത്പര്യം കാണിക്കാറുണ്ടായിരുന്നു. നന്നായി പഠിക്കുന്ന വിദ്യാർഥികളിൽ നിന്നു കുറച്ചു പേരെ തിരഞ്ഞെടുത്ത് അവർക്ക് വിവിധ വിഷയങ്ങളിൽ പരീക്ഷ നടത്തുകയും പ്രസംഗം , ലേഖനമെഴുത്ത്, ഗാനം , ഉറുദു , അറബി, മലയാള ഭാഷകളിലുള്ള പ്രഭാഷണം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്യുമായിരുന്നു. അതുപോലെ കുട്ടികളുമായി പഠനയാത്ര പോവുക പതിവായിരുന്നു. ഈ യാത്രകൾ പലതും അതാതിടങ്ങളിലെ പ്രമുഖരെയും സ്ഥാപനത്തെയും പരിചയപ്പെടുത്താൻ കൂടി ഉപയോഗപ്പെടുത്താറുണ്ടായിരുന്നു .

ഒരിക്കൽ കോയിക്ക ഹൈദരാബാദ് നൈസാമിനെ സന്ദർശിച്ചത് വിദ്യാർഥികൾക്കൊപ്പമായിരുന്നു. വിദ്യാർഥിയായിരിക്കെ അന്നത്തെ സിലോണിലും മദ്രാസിലും കോയിക്കയോടൊപ്പം പോയ കാര്യം ജസ്റ്റിസ് വി ഖാലിദ് ഒരഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രവർത്തനത്തോടൊപ്പം അനാഥകളെ സംരക്ഷിക്കുന്നതിലും കോയിക്ക താത്പര്യം കാട്ടിയിരുന്നു. പാലമാടം സ്കൂളിന്റെ ഒരു ഭാഗം അനാഥകളുടെ താമസത്തിനായി മാറ്റിവെച്ചു. 1935 ൽ യത്തീംഖാന തുടങ്ങി. ആയുസ്സിന്റെ പൂർണഭാഗവും അനാഥ സംരക്ഷണത്തേയും സമുദായത്തിന്റെവിദ്യാഭ്യാസ വളർച്ചയേയും കുറിച്ചു മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത കോയിക്ക 1957 ജൂൺ 27ന് 99-ാമത്തെ വയസ്സിൽ വിടവാങ്ങി. അദ്ദേഹത്തിന്റെ ഒസിയത്ത് പ്രകാരം താൻ ആത്മ ശാന്തി തേടിപ്പോകാറുണ്ടായിരുന്ന കണ്ണൂർ സിറ്റിയിലെ സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി മഖാം പരിസരത്ത് കോയിക്കയുടെ ഭൗതിക ശരീരം ഖബറടക്കി.

Latest