articles
ഇനി "മഹാത്മ'യില്ലാത്ത ചരിത്രം
വിധ്വംസകതക്കപ്പുറം സ്‌നേഹമായിരുന്നു ഗാന്ധി എന്ന സത്യത്തെ കണ്ടെത്താനും ഉറക്കെ പറയാനും നമുക്ക് ഇനിയും കഴിയണം. പക്ഷേ ഇതുവരെയുള്ളതു പോലെ ഇനി മുതല്‍ പാഠപുസ്തകങ്ങള്‍ നമുക്കതിന് കൂട്ടായി ഉണ്ടാകണമെന്നില്ല.

ചരിത്രം വെടിപ്പാക്കുന്ന സംഘ്പരിവാറിന്റെ പണി തകൃതിയായി തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. എന്‍ സി ഇ ആര്‍ ടിയുടെ സ്‌കൂള്‍ പാഠപുസ്തകങ്ങളിലാണ് ഇപ്പോള്‍ കുറച്ചു കാലമായി കാര്യമായ വെട്ടിത്തിരുത്തുകള്‍ നടക്കുന്നത്. സംഘ്പരിവാറിന്റെ സങ്കല്‍പ്പ ചരിത്രത്തിന് വിരുദ്ധമായതൊക്കെ വെട്ടിമാറ്റുകയെന്നതാണ് പുതിയ അജന്‍ഡ. എടുത്തു കളയുന്ന ഓരോ ചരിത്രശകലങ്ങളെയും പരിശോധിച്ചാല്‍ മനസ്സിലാകും അവക്കെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരേ പ്രത്യയശാസ്ത്ര പ്രേരണയാണെന്ന്. ഗാന്ധിയെയും ഗാന്ധിവധത്തെയും എങ്ങനെയാണ് ചരിത്രത്തില്‍ നിന്ന് അവര്‍ ചേറിക്കളയുന്നതെന്ന് മാത്രം പറയാം.
1948 ജനുവരി മുപ്പതാം തീയതി നാഥുറാം ഗോഡ്‌സെ ഗാന്ധിയെ വെടിവെച്ചിട്ട ദിനമായിരുന്നു. മുപ്പത് വര്‍ഷത്തോളമായി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുന്ന ഗാന്ധിക്ക് അവസാന രണ്ട് വര്‍ഷങ്ങള്‍ അത്ര സുഖകരമായ ദിനങ്ങളായിരുന്നില്ല സമ്മാനിച്ചത്. മറ്റു സമയങ്ങളെ അപേക്ഷിച്ച് ഗാന്ധി ഏറ്റവും കൂടുതല്‍ അവഗണനയും അവശതയും നേരിട്ട സമയമായിരുന്നു അത്. സ്വതന്ത്ര ഇന്ത്യക്കായി സ്വന്തത്തെ സമര്‍പ്പിച്ച അവസാന അഞ്ചര മാസങ്ങളില്‍ ഈ തിരിച്ചറിവ് അദ്ദേഹത്തിന് ഏറ്റവും തീവ്രമായി അനുഭവപ്പെട്ടു. സാമുദായിക ഭ്രാന്തുമായി തെരുവിലേക്കിറങ്ങിയവരോട് സ്‌നേഹത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമായിരുന്നു ഗാന്ധി സംസാരിച്ചത്.
തനിക്ക് “പ്രവര്‍ത്തിക്കാനോ അല്ലെങ്കില്‍ മരിക്കാനോ’ സമയമായെന്ന് വിശ്വസിച്ചുകൊണ്ട്, ആ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഗാന്ധി തന്റെ ജീവനെ രണ്ട് തവണ അപകടത്തിലാഴ്ത്തി. “ഒരു മനുഷ്യന് അവന്റെ ജീവന്‍ ബലിയര്‍പ്പിക്കുന്നതിനപ്പുറം മറ്റെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് സുഹൃത്തായ സി എഫ് ആന്‍ഡ്രൂസിനോട് ഏറെ നിരാശയോടെ മഹാത്മ ചോദിക്കുന്ന ഒരു ഘട്ടം ചരിത്രത്തിലുണ്ട്. തന്റെ സമീപനങ്ങളുടെ പേരിലും ആശയങ്ങളുടെ പേരിലും ഗാന്ധി പരിഹാസങ്ങള്‍ നേരിട്ടു. ഉപവാസത്തെക്കുറിച്ച് ചോദിച്ചവരോട് എല്ലാം ഗാന്ധി ഒരു അഭ്യര്‍ഥനയെന്നോണം വിശദീകരിച്ചു പറഞ്ഞിരുന്ന കാര്യം ഇതായിരുന്നു, “ഒരു നല്ല മനുഷ്യന് തന്റെ ജീവനേക്കാള്‍ വിലപ്പെട്ടതൊന്നും നല്‍കാനില്ല, അത്തരമൊരു സമര്‍പ്പണത്തിന് എനിക്ക് സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും അതിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു ‘.
ഗാന്ധിയുടെ ഉപവാസം അന്നും അവര്‍ക്ക് അത്ര രസിച്ചിരുന്നില്ല. ഇത് അസഹനീയമായി തോന്നിയ ഘട്ടത്തിലാണ് അവര്‍ അദ്ദേഹത്തെ പ്രകോപിപ്പിക്കുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തത്. ഹിന്ദുസ്ഥാനിലെ മുസ്‌ലിംകളെ സംരക്ഷിക്കാനായി നിങ്ങള്‍ സത്യാഗ്രഹം ഇരിക്കുകയാണല്ലോ എന്ന് ഹിന്ദുക്കളും സിഖുകാരും ചോദിച്ചപ്പോള്‍ അദ്ദേഹം സത്യസന്ധമായി അതെ എന്ന് മറുപടി പറഞ്ഞു. ഹിന്ദുസ്ഥാനിലെ മാത്രമല്ല പാക്കിസ്ഥാനിലെ സിഖുകാരെയും മുസ്‌ലിംകളെയും സംരക്ഷിക്കാനും ഞാന്‍ ഉപവാസമിരിക്കുന്നുണ്ടെന്ന് ഗാന്ധി അവരെ ഓര്‍മപ്പെടുത്തി. പാക്കിസ്ഥാന് കൊടുക്കാനുള്ള 55 കോടി രൂപയുടെ കടം കൈമാറിയതോടു കൂടെയാണ് ഈ പ്രശ്‌നങ്ങള്‍ക്ക് ഒരറുതിയുണ്ടായത്. ഗാന്ധിയുടെ ഉപവാസമായിരുന്നു ഇത്തരമൊരു പരിഹാരത്തിന് പ്രേരണയായത്. എന്നാല്‍ ഇതിന്റെ പേരില്‍ ഗാന്ധിയെ ദേശവിരുദ്ധനായി ചാപ്പ കുത്തിയ ഒത്തിരി പേരുണ്ടായിരുന്നു. അവരിന്ന് അനേകം പേരായിരിക്കുന്നു എന്നതാണ് ഏറെ സങ്കടകരമായ കാര്യം.
എന്നാല്‍ മറ്റുള്ളവരുടെ ദേഷ്യവും നീരസവുമൊന്നും ഗാന്ധി കാര്യമാക്കിയിരുന്നില്ല. തന്റെ ആശയങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും ഗാന്ധി ഒരടി പിന്നോട്ട് പോയില്ല. ഗാന്ധിയുടെ ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പോറലേല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കുകയും ചെയ്തില്ല. മറ്റിടങ്ങള്‍ കലുഷിതമായി തുടര്‍ന്നുവെങ്കിലും ഏറെ വൈകാതെ ഡല്‍ഹിയില്‍ കാര്യങ്ങള്‍ ശാന്തമായി. അതോടെയാണ് ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചത്. ഗാന്ധിയെ ഹിന്ദുക്കളുടെ ഒന്നാം നമ്പര്‍ ശത്രുവായി കണ്ട ഭ്രാന്തന്‍ അപ്പോഴേക്കും അദ്ദേഹത്തെ ആ വഴിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചു. അവര്‍ക്ക് എളുപ്പം ഉന്നം വെക്കാനും ആക്രമിക്കാനും സാധിക്കുന്ന വിധത്തില്‍ ആരെയും പേടിക്കാതെയും ഒരു സംരക്ഷണവുമില്ലാതെയായിരുന്നു ഗാന്ധിയുടെ മുന്നോട്ടുള്ള ഗമനങ്ങള്‍. തന്റെ ഭൗതിക ശരീരത്തിന്റെ ചലനശേഷിയെ നിശ്ചലമാക്കിയത് കൊണ്ടൊന്നും തന്റെ ആശയത്തെ ഒരാള്‍ക്കും നിര്‍വീര്യമാക്കാന്‍ കഴിയില്ലെന്ന് ഗാന്ധിക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. സങ്കടകരമായ നാളുകളിലൂടെ കടന്നുപോയ ഗാന്ധി അവസാനം കാത്തിരുന്ന മരണത്തെ കണ്ടുമുട്ടുന്നുണ്ട്. ചുണ്ടില്‍ രാമനാമം ജപിച്ചു കൊണ്ടാണ് അന്ന് ഗാന്ധി വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയത്. എല്ലാം തീര്‍ന്നുവെന്നു കരുതിയ ഗോഡ്‌സെയുടെ ആസൂത്രണങ്ങളെല്ലാം അസ്ഥാനത്തായിരുന്നു. ഒരു വെടിയുണ്ട നെഞ്ചകത്ത് ചെന്നു പതിച്ചാല്‍ തീരുമെന്നു കരുതിയ ഗാന്ധി അതുവഴി അനേകായിരം ഹൃദയങ്ങളിലേക്ക് പടര്‍ന്നു കയറുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്.
ഏഴ് ദശബ്ദങ്ങള്‍ക്കിപ്പുറത്തേക്ക് വളര്‍ന്ന് ലോകവും കാലവും വികസിക്കുമ്പോഴും പലരുടെയും ചിന്തകള്‍ വര്‍ഗീയതയുടെ വേരുകള്‍ തേടി പിറകോട്ടാണ് സഞ്ചരിക്കുന്നത്. അതിനിടയില്‍ നമ്മില്‍ പലരുടെയും ശക്തമായ നിലപാടുകള്‍ക്കും ബോധ്യങ്ങള്‍ക്കും ഇളക്കം തട്ടിയിട്ടുണ്ട്. പതിയെ പരിണമിച്ച പലതും സമ്പൂര്‍ണ ഗാന്ധി വിരുദ്ധതയിലേക്ക് പോലും എത്തിപ്പെട്ടിട്ടുണ്ട്.
ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുകയെന്ന ഹിന്ദുത്വയുടെ സ്വപ്‌നത്തിനുള്ള ഏറ്റവും വലിയ തടസ്സം ഗാന്ധി തന്നെയായായിരുന്നു. മറ്റാരെക്കാളും അക്കാര്യത്തില്‍ അവര്‍ക്ക് നല്ല ബോധ്യവുമുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ പിറകെ വരുന്ന തലവേദനകളെയെല്ലാം മറന്ന് അവര്‍ ആ കൃത്യത്തിന് ഒരുമ്പെട്ടിറങ്ങിയത്. പിന്നീടുണ്ടായ കാര്യങ്ങള്‍ ചരിത്രം അത്ര പെട്ടെന്ന് മറക്കാനിടയില്ല. കാരണം പിന്നീടങ്ങോട്ടുള്ള ദിവസങ്ങള്‍ ഒളിച്ചോട്ടങ്ങളുടെയും പെരും നുണകളുടെയും ചരടുവലികളുടെയും ദിവസമായിരുന്നു. മാപ്പ് ലഭിക്കാനായി അവര്‍ പോകാത്ത ഇടങ്ങളുണ്ടായിരുന്നില്ല. കൃത്യം നടത്തിയത് മുതല്‍ അവര്‍ക്ക് ഒരു സമാധാനവും ലഭിച്ചില്ല. ഇറക്കാനോ തുപ്പാനോ കഴിയാത്ത ഒരു എല്ലിന്‍ കഷ്ണമായി ഗാന്ധി വധം അവരുടെ തൊണ്ടയില്‍ കുരുങ്ങി. ഗാന്ധിയെ അവസാനിപ്പിക്കുക എന്നത് അവരുടെ ലക്ഷ്യത്തിലേക്കുള്ള പരമപ്രധാനമായ ഒരു കടമ്പയായിരുന്നു. പക്ഷേ ഒരു വെടിയുണ്ട കൊണ്ട് മാത്രം തീര്‍ക്കാന്‍ കഴിയുന്നതല്ല ഗാന്ധി എന്ന് അവര്‍ക്ക് നന്നായി അറിയാമായിരുന്നു. അന്ന് ഒരു ഭ്രാന്തന്‍ ചെയ്ത കൃത്യം മാത്രമായിരുന്നു അതെങ്കില്‍ ഇന്നവര്‍ക്ക് ആളും അധികാരവുമുണ്ട്. ഗാന്ധിയെ ഇല്ലാതാക്കുകയെന്നത് അത്ര ലളിതമായ പണിയല്ലെന്ന് ഇന്നും അവര്‍ക്കറിയാം. ആ പദ്ധതിയുടെ ഭാഗം തന്നെയാണ് ഇപ്പോള്‍ എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ നടത്തുന്ന വെട്ടിത്തിരുത്തുകളും. ഗാന്ധിയെ എന്നെന്നേക്കുമായി ഇല്ലാതാക്കാനായി അവര്‍ നടത്തുന്ന കുതന്ത്രങ്ങളുടെ കൂട്ടത്തില്‍ ഒന്ന് മാത്രമാണിത്.
ഗാന്ധി വധം പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്ത രീതി എത്ര തന്ത്രപരമാണെന്ന് ആര്‍ക്കും ഒന്നു കണ്ണോടിച്ചാല്‍ മനസ്സിലാവുന്നതേയുള്ളൂ. പന്ത്രണ്ടാം ക്ലാസ്സിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്ത ഭാഗങ്ങള്‍ ഇവയാണ്. “പാക്കിസ്ഥാന്‍ മുസ്‌ലിം രാഷ്ട്രമായതുപോലെ ഇന്ത്യയും ഒരു ഹിന്ദു രാഷ്ട്രമാക്കണമെന്ന് വാദിക്കുന്ന ഹിന്ദു വിശ്വാസികള്‍ക്ക് ഗാന്ധിയില്‍ ഒട്ടും മതിപ്പുണ്ടായിരുന്നില്ല’. “ഹിന്ദു മുസ്‌ലിം ഐക്യത്തിനു വേണ്ടിയുള്ള ഗാന്ധിയുടെ നിരന്തരമായ ഇടപെടലുകള്‍ തീവ്ര ഹിന്ദുക്കളെ പ്രകോപിപ്പിച്ചു. അവര്‍ നിരന്തരം ഗാന്ധിയെ വധിക്കാന്‍ ശ്രമിച്ചു’. “ഗാന്ധിജിയുടെ മരണം രാജ്യത്തെ സാമുദായിക സാഹചര്യങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. വര്‍ഗീയ വിദ്വേഷം പരത്തുന്ന സംഘടനകളെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്തി. രാഷ്ട്രീയ സ്വയംസേവക സംഘിനെ (ആര്‍ എസ് എസിനെ )കുറച്ചുകാലത്തേക്ക് നിരോധിച്ചു’. ഇതോടൊപ്പം അതേ പാഠപുസ്തകത്തില്‍ തന്നെ ഗോഡ്‌സെയെ കുറിച്ച് പുണെയില്‍ നിന്നുള്ള ബ്രാഹ്‌മണന്‍ എന്നും തീവ്ര ഹിന്ദു പത്രത്തിന്റെ എഡിറ്ററെന്നും ഗാന്ധിയെ കുറിച്ച് മുസ്‌ലിംകളെ പ്രീതിപ്പെടുത്തിയ ആളെന്നുമുള്ള വിശേഷണങ്ങളൊക്കെ വെട്ടി മാറ്റിയതും കാണാം. ഹിന്ദു രാഷ്ട്രമെന്ന ഹിന്ദുത്വ പദ്ധതിയുടെ ഭാഗമാണ് ഈ വെട്ടിനീക്കലുകളെന്നതില്‍ ഒട്ടും സംശയമില്ല. ഗാന്ധിയെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളെല്ലാം എക്കാലത്തും പരാജയപ്പെടുകയാണുണ്ടായത്. കാരണം ഗാന്ധിജി ജീവിച്ചത് ജനഹൃദയങ്ങളിലായിരുന്നു. ഇവിടെ നിന്ന് ഗാന്ധിജിയെ പറിച്ചെറിയാന്‍ ഒരു ഭരണകൂടത്തിനും ഇക്കാലമത്രയും സാധിച്ചിട്ടില്ല. ഇനി എത്ര സാഹസപ്പെട്ടാലും അത് സാധിക്കുകയുമില്ല. വിധ്വംസകതക്കപ്പുറം സ്‌നേഹമായിരുന്നു ഗാന്ധി എന്ന സത്യത്തെ കണ്ടെത്താനും ഉറക്കെ പറയാനും നമുക്ക് ഇനിയും കഴിയണം. പക്ഷേ ഇതുവരെയുള്ളതു പോലെ ഇനി മുതല്‍ പാഠപുസ്തകങ്ങള്‍ നമുക്കതിന് കൂട്ടായി ഉണ്ടാകണമെന്നില്ല.
കടപ്പാട്: ദി വയര്‍
മൊഴിമാറ്റം: അബ്ദുല്ല ചെമ്പ്ര