Connect with us

Kerala

ജനങ്ങള്‍ക്കിടയില്‍ ജലാശയത്തിലെ മത്സ്യമെന്ന പോലെ ജീവിച്ച നായകന്‍: മന്ത്രി എം ബി രാജേഷ്

ഏത് ചുമതലയിലിരുന്നാലും ജനങ്ങളുടെയും നാടിന്റെയും പ്രശ്‌നങ്ങളായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ പരിഗണന. ചുമതലകളുടെ പരിധിയും പരിമിതിയും ആ വിപ്ലവകാരിയെ നിശ്ശബ്ദനാക്കിയില്ല.

Published

|

Last Updated

വി എസ് പതിപ്പിച്ച പാദമുദ്രകള്‍ നമുക്ക് എന്നും വഴികാട്ടുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം ബി രാജേഷ്. ഏത് ചുമതലയിലിരുന്നാലും ജനങ്ങളുടെയും നാടിന്റെയും പ്രശ്‌നങ്ങളായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ പരിഗണന. ചുമതലകളുടെ പരിധിയും പരിമിതിയും ആ വിപ്ലവകാരിയെ നിശ്ശബ്ദനാക്കിയില്ല. ജനകോടികളെ ആവേശഭരിതരാക്കിയ രണ്ടക്ഷരങ്ങളാണ് വി എസ് എന്നും ജനങ്ങള്‍ക്കിടയില്‍ ജലാശയത്തിലെ മത്സ്യമെന്ന പോലെ ജീവിച്ച ജനനായകനാണ് അദ്ദേഹമെന്നും രാജേഷ് ഫേസ് ബുക്കില്‍ കുറിച്ചു.

മന്ത്രി എം ബി രാജേഷിന്റെ ഫേസ് ബുക്ക് കുറിപ്പ്:
ഒരു വിപ്ലവായുസ്സിന് അന്ത്യമായി. സിപിഐ എമ്മിന്റെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരുന്ന അവസാനത്തെ ആളായ വി എസ് 102 വയസ്സ് പിന്നിട്ടാണ് നമ്മെ വിട്ടുപോയിരിക്കുന്നത്. പക്ഷെ വി എസ് പതിപ്പിച്ച പാദമുദ്രകള്‍ നമുക്ക് എന്നും വഴികാട്ടും.

ജനകോടികളെ ആവേശഭരിതരാക്കിയ രണ്ടക്ഷരങ്ങളാണ് വി എസ്. ജനങ്ങള്‍ക്കിടയില്‍ ജലാശയത്തിലെ മത്സ്യമെന്നപോലെ ജീവിച്ച ജനനായകന്‍. അടിമുടി പോരാളിയായ നേതാവ്, ശക്തനായ ഭരണാധികാരി എന്നിവയെല്ലാമായിരുന്നു അദ്ദേഹം.

പുന്നപ്ര-വയലാര്‍ സമരത്തിന്റെ മഹത്തായ സമരപാരമ്പര്യം നെഞ്ചേറ്റിയ വി എസ് ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ മഹത്തായ സംഭാവന നല്‍കി. സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ സജീവമായിരുന്ന ഒരു രാഷ്ട്രീയജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഏത് ചുമതലയിലിരുന്നാലും ജനങ്ങളുടെയും നാടിന്റെയും പ്രശ്‌നങ്ങളായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ പരിഗണന. ചുമതലകളുടെ പരിധിയും പരിമിതിയും ആ വിപ്ലവകാരിയെ നിശ്ശബ്ദനാക്കിയില്ല.

അഴിമതിക്കും അനീതിക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം സമരരംഗത്തിറങ്ങി. നിയമസഭയെ പോരാട്ടവേദിയാക്കി മാറ്റി. കാടും മലയും കടന്ന് എവിടെയും അദ്ദേഹം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു വേണ്ടി എത്തുകയും സമരം നയിക്കുകയും ചെയ്തു.

പതിനഞ്ചാമത്തെ വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ വി എസ് അന്ത്യശ്വാസം വരെ ആ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു. ദാരിദ്ര്യവും കഷ്ടപ്പാടുകളും ചൂഴ്ന്നുനിന്ന യാതനാനിര്‍ഭരമായ ബാല്യമായിരുന്നു വി എസിന്റേത്. . പ്രതിബന്ധങ്ങളെ ഇച്ഛാശക്തി കൊണ്ട് തരണം ചെയ്യാനുള്ള കഴിവ് ബാല്യകാലത്തെ ആ ചുറ്റുപാടുകളില്‍ നിന്ന് ആര്‍ജിച്ചതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ച നാളുകളില്‍ വര്‍ഗ്ഗശത്രുക്കളുടെയും പോലീസിന്റെയും കൊടിയ മര്‍ദനവും ജയില്‍വാസവുമെല്ലാം കരളുറപ്പോടെ നേരിടാനും അദ്ദേഹത്തിന് കരുത്തായത് ഈ കഠിനമായ ബാല്യകാല ജീവിതാനുഭവങ്ങള്‍ തന്നെയാകണം.

വളരെ ചെറിയ പ്രായത്തില്‍ പാര്‍ട്ടിയുടെ ഉയര്‍ന്ന ഘടകങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയ അദ്ദേഹം വളരെ സുപ്രധാനമായ ചുമതലകളും ഏറ്റെടുത്തു. 1957 ലെ ദേവികുളം ഉപതെരഞ്ഞെടുപ്പില്‍ റോസമ്മ പുന്നൂസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല വഹിച്ചു. 1957 ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭാവി ഈ ഉപതെരഞ്ഞെടുപ്പിനെ ആശ്രയിച്ചാണിരുന്നത്. വി എസിന്റെ കഴിവിലും കാര്യക്ഷമതയിലും പാര്‍ട്ടിക്കുണ്ടായിരുന്ന വിശ്വാസത്തെ തെളിയിക്കുന്നതാണ് അന്ന് വിഎസിന് ലഭിച്ച ചുമതല.

ഒരു പതിറ്റാണ്ടുകാലം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായും പൊളിറ്റ് ബ്യൂറോ അംഗമായും എല്‍ ഡി എഫ് കണ്‍വീനറായും പ്രവര്‍ത്തിച്ച അദ്ദേഹം പല തവണ എം എല്‍ എയും പിന്നീട് മുഖ്യമന്ത്രിയുമായി. കേരളം കണ്ട ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാവുമായിരുന്നു വി എസ്.

2000 ല്‍ എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറി ആയ ശേഷമാണ് വി എസിനെ വ്യക്തിപരമായി പരിചയപ്പെടാന്‍ അവസരം ലഭിച്ചത്. ആ പരിചയപ്പെടല്‍ ഒരു സമരപ്പന്തലില്‍ വെച്ചായിരുന്നു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായി തൊട്ടടുത്ത ആഴ്ച തന്നെ കൊല്ലം എസ് എന്‍ കോളേജില്‍ മാസങ്ങളായി നടന്ന സമരത്തിന്റെ നേതൃത്വം നേരിട്ട് ഏറ്റെടുക്കേണ്ടിവന്നു. എസ് എന്‍ കോളേജിന് മുന്നിലെ സമരപ്പന്തലില്‍ ഞാന്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചു. അന്ന് എല്‍ ഡി എഫ് കണ്‍വീനറായിരുന്ന വി എസ് സമരപ്പന്തലില്‍ എന്നെ കാണാനെത്തി. വി എസുമായി ആദ്യം സംസാരിക്കുന്നത് അന്നാണ്. പിന്നീട് എല്‍ ഡി എഫ് കണ്‍വീനര്‍ എന്ന നിലയിലും പ്രതിപക്ഷനേതാവ് എന്ന നിലയിലും വിദ്യാഭ്യാസപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രക്ഷോഭങ്ങളുടെ പിന്തുണ തേടുന്നതിനുമായൊക്കെ അദ്ദേഹവുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞു.

2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി എസ് മലമ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. അന്ന് പാര്‍ട്ടി പാലക്കാട് ജില്ലാ കമ്മിറ്റി അംഗം കൂടിയായ എനിക്ക് നേരത്തേ നിശ്ചയിച്ച തെരഞ്ഞെടുപ്പ് ചുമതല ഒറ്റപ്പാലം മണ്ഡലത്തിലായിരുന്നു. വി എസിന്റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിച്ച ശേഷം വി എസ് എന്നെ എ കെ ജി സെന്ററില്‍ വിളിച്ചുവരുത്തി മലമ്പുഴയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടു. കാരണം, വി എസിന്റെ എതിര്‍ സ്ഥാനാര്‍ഥി, അന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് ആയിരുന്ന സതീശന്‍ പാച്ചേനി ആയിരുന്നു. ‘കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥിനേതാവ് മത്സരിക്കുന്ന സാഹചര്യത്തില്‍ രാജേഷ് മലമ്പുഴയില്‍ കേന്ദ്രീകരിച്ച് നമ്മുടെ വിദ്യാര്‍ത്ഥികളെ എല്ലാം സംഘടിപ്പിച്ച് പ്രത്യേകമായിട്ടുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യണം’ എന്ന് വി എസ് ആവശ്യപ്പെട്ടു. വി എസ് തന്നെ പാര്‍ട്ടി നേതൃത്വവുമായി സംസാരിച്ച് എന്റെ ചുമതല ഒറ്റപ്പാലത്തുനിന്ന് മലമ്പുഴയിലേക്ക് മാറ്റി നിശ്ചയിക്കാന്‍ ഏര്‍പ്പാടാക്കുകയും ചെയ്തു.

2001 ലെ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി മലമ്പുഴയില്‍ ആവേശകരമായ പ്രവര്‍ത്തനം തന്നെ നടത്തി. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും കൊടും വേനലില്‍ ഏഴു ദിവസം നീണ്ടുനിന്ന ആവേശകരമായ വിദ്യാര്‍ത്ഥിജാഥ നയിച്ചു. മലമ്പുഴ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും അനേകം തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിച്ചു. വി എസിന്റെ ചിട്ടകളും രീതികളും അടുത്തു മനസ്സിലാക്കാന്‍ കഴിഞ്ഞു. രാവിലെ കൃത്യസമയമാകുമ്പോള്‍ ജൂബയുടെ കൈ തെറുത്തു കയറ്റിക്കൊണ്ട് മുഖത്തൊരു ചെറിയ പുഞ്ചിരിയുമായി വി എസ് താമസസ്ഥലത്തുനിന്ന് പുറത്തേക്കുവരും. സ്ഥാനാര്‍ത്ഥികളുടെ പതിവ് പ്രകടനങ്ങളോ നിറഞ്ഞ ചിരിയോ ഒന്നും വി എസില്‍ കാണാനാകില്ല. കൈ രണ്ടും തലയ്ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വി എസിന്റെ മാത്രം ശൈലിയിലുള്ളൊരു പ്രത്യേകമായ കൈകൂപ്പല്‍ മാത്രമാണ് അദ്ദേഹത്തില്‍ നിന്നുണ്ടാവുക. അപൂര്‍വമായി മുഖത്തൊരു പുഞ്ചിരി വിരിയും. ആ തെരഞ്ഞെടുപ്പ്, പക്ഷെ പ്രതീക്ഷിച്ചത്ര അനായാസമായിരുന്നില്ല. നാലായിരത്തോളം വോട്ടുകള്‍ക്കാണ് മലമ്പുഴ പോലൊരു മണ്ഡലത്തില്‍ വി എസ് വിജയിച്ചത്.

തുടര്‍ന്ന് പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിക്കെ വിദ്യാഭ്യാസ മേഖലയിലെ പ്രക്ഷോഭങ്ങളുടെയും മറ്റും ഭാഗമായി വി എസിന്റെ ഇടപെടല്‍ പലപ്പോഴും ആവശ്യമായി വരികയും പിന്തുണ ലഭിക്കുകയും ചെയ്തിട്ടുണ്ട്. 2009 ല്‍ പാലക്കാട് നിന്ന് ഞാന്‍ ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് ആയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം വി എസിന്റെ സാന്നിധ്യവും ഉണ്ടായി. 2014 ല്‍ രണ്ടാമത് മത്സരിക്കുമ്പോഴും വി എസ് രംഗത്തുണ്ടായിരുന്നു. . 2019 ല്‍ ഞാന്‍ മത്സരിച്ചപ്പോഴേക്കും വി എസിനെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിത്തുടങ്ങിയിരുന്നു. രണ്ടു ദിവസം മാത്രമാണ് അദ്ദേഹം മണ്ഡലത്തിലെ പരിപാടികള്‍ക്ക് ഉണ്ടായത്. എങ്കിലും അദ്ദേഹത്തിന്റെ പരിപാടികള്‍ക്ക് അന്നും വലിയ ആള്‍ക്കൂട്ടമായിരുന്നു.

എം പി ആയിരിക്കെ പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ നിരന്തരമായി വി എസിന്റെ കൂടി മാര്‍ഗനിര്‍ദേശം തേടിയാണ് പ്രവര്‍ത്തിച്ചത്. കോച്ച് ഫാക്ടറിയുടെ സ്ഥലമെടുപ്പ് കുറ്റമറ്റ നിലയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ വി എസിന്റെ നിര്‍ണായകമായ സഹായമുണ്ടായിരുന്നു. ആദ്യ ഘട്ടത്തില്‍ എതിര്‍പ്പുയര്‍ത്താന്‍ ചില ശക്തികള്‍ സംഘടിതമായി ശ്രമിച്ചെങ്കിലും അതിനെയൊക്കെ തരണം ചെയ്യാന്‍ കഴിഞ്ഞത് മുഖ്യമന്ത്രി എന്ന നിലയില്‍ വി എസിന്റെ ഇടപെടല്‍ കൊണ്ട് കൂടിയാണ്. കോച്ച് ഫാക്ടറിയുടെ ആവശ്യത്തിന് ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രിമാരെ കാണുന്നതിന് പലപ്പോഴും വി എസിനൊപ്പം പോയിട്ടുണ്ട്. മറ്റു ചില വികസന പദ്ധതികളുമായും മറ്റും ബന്ധപ്പെട്ടും വി എസ് ആവശ്യപ്പെട്ടപ്പോഴെല്ലാം അദ്ദേഹത്തോടൊപ്പം ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രിമാരെ കാണാന്‍ പോയിട്ടുണ്ട്. അതിലൊരു ശ്രദ്ധേയമായ കൂടിക്കാഴ്ച അന്ന് കേന്ദ്ര ധനകാര്യ മന്ത്രി ആയിരുന്ന പ്രണബ് മുഖര്‍ജിയുമായിട്ടുള്ളതായിരുന്നു. പ്രണബ് മുഖര്‍ജി വി എസിനോട് കാണിച്ച പ്രത്യേകമായ ആദരവും പരിഗണനയും എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു.

പൊതുവില്‍ ഗൗരവക്കാരനും കര്‍ക്കശക്കാരനുമായിട്ടുള്ള വി എസ് പക്ഷെ നല്ല സരസനുമായിരുന്നു. അപൂര്‍വമായി മാത്രമേ അദ്ദേഹം തമാശ പറയാറുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ നര്‍മ്മബോധം അവിശ്വസനീയമായിരുന്നു. രസകരമായ പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്തുന്നത് കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു ദിവസം ഡല്‍ഹിയില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിനായി എത്തിയ വി എസിനെ അന്ന് എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഞാനും പി കൃഷ്ണപ്രസാദും കെ കെ രാഗേഷും സന്ദര്‍ശിച്ചു. രാഗേഷ് എസ് എഫ് ഐ അഖിലേന്ത്യാ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കാനായി എത്തിയിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളു. രാഗേഷ് ഡല്‍ഹിയിലെ കേന്ദ്രത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ രാഗേഷിനോട് വി എസിന്റെ ചോദ്യം: ‘ഹിന്ദിയൊക്കെ അറിയാമോ?’. അപ്പോള്‍ രാഗേഷിന്റെ മറുപടി, ‘കേട്ടാല്‍ മനസ്സിലാകും’ എന്നായിരുന്നു. അപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് വി എസ് പതിവ് ശൈലിയില്‍ നീട്ടിയൊരു ചോദ്യം: ‘പറയുന്നത് കേട്ടാല്‍ ആ പറയുന്നത് ഹിന്ദിയാണെന്ന് മനസ്സിലാകും അല്ലേ ?’. എന്നിട്ട് വീണ്ടുമൊരു പൊട്ടിച്ചിരി. ആ ചിരിയില്‍ ഞങ്ങളെല്ലാവരും പങ്കാളികളായി. എന്നിട്ട് രാഗേഷിന് വി എസിന്റെ ഉപദേശം, ‘ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഹിന്ദി നന്നായി പറയാന്‍ പരിശീലിക്കണം. ഉത്തരേന്ത്യയിലൊക്കെ ധാരാളം യാത്ര ചെയ്യണം. എന്നിട്ട് ഗൗരവത്തോടെ പറഞ്ഞു, ‘ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഹിന്ദി കൊണ്ടേ പ്രയോജനമുള്ളൂ. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന സഖാവ് വിജയരാഘവനോടൊക്കെ സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കണം’.

ആധുനിക കേരളത്തിന്റെ നിര്‍മിതിയിലും വികാസത്തിലും നിര്‍ണായക പങ്കു വഹിച്ച പ്രധാനപ്പെട്ട നേതാവാണ് സഖാവ് വി എസ് . കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെയും ആലപ്പുഴയിലെ പാവപ്പെട്ട മനുഷ്യരെയും സംഘടിപ്പിച്ച് ജന്മിമാര്‍ക്കും മാടമ്പിമാര്‍ക്കുമെതിരായി വര്‍ഗസമരം നയിച്ച് വളര്‍ന്നുവന്ന വി എസ് മലയാളികളുടെ മാത്രമല്ല, ഇന്ത്യയിലാകെയുള്ള ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് ആവേശവും പ്രചോദനവുമാണ്. ഈ ശൂന്യത നികത്താനാവില്ല. എന്നാല്‍ വി എസ് ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയം കാത്തുസൂക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാന്‍ കഴിയും. വി എസിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ബന്ധുക്കളുടെയും ജനങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. സഫലവും സമ്പൂര്‍ണവുമായ ആ വിപ്ലവജീവിതത്തിന്, വിപ്ലവ തേജസ്സിന് അന്ത്യാഭിവാദ്യം.

 

 

Latest