Connect with us

ഫെഡറൽ

പുതുമുഖ കക്ഷിയുടെ വിഹാരകേന്ദ്രം

ഏക ലോക്‌സഭാ സീറ്റിൽ എം എൻ ഫിന് ജയം തുടരാനാകുമോ ഇസഡ് പി എം പിടിച്ചെടുക്കുമോ എന്ന് കണ്ടറിയണം

Published

|

Last Updated

മാസങ്ങൾക്ക് മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാരമ്പര്യ പാർട്ടിക്ക് പകരം താരതമ്യേന പുതുമുഖത്തെ ഭരണമേൽപ്പിച്ച വോട്ടർമാരാണ് മിസോറമിലേത്. ഗോത്ര സ്വത്വവും ബീഫും മണിപ്പൂരും സി എ എയും മ്യാന്മറിലെ സംഭവവികാസങ്ങളുമെല്ലാം ഈ അന്താരാഷ്ട്ര അതിർത്തി സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങളാണ്. രാജ്യത്ത് ജനസംഖ്യ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സംസ്ഥാനം കൂടിയായ ഇവിടെ ക്രിസ്ത്യാനികളാണ് ഭൂരിപക്ഷം. 13- 14 ലക്ഷം വരുന്ന ജനങ്ങളിൽ ക്രിസ്ത്യാനികൾ 87.16 ശതമാനവും ഹിന്ദുക്കൾ 2.75ഉം മുസ്‌ലിംകൾ 1.35ഉം ശതമാനമാണ്. പൊയ്, ലാഖേർ, ചക്മ, ബ്രു, ഗൂർഖ പോലുള്ള സമുദായങ്ങളുമുണ്ട്. ഒരു ലോക്‌സഭാ മണ്ഡലമാണുള്ളത്. തദ്ദേശ പാർട്ടിയായ മിസോ നാഷനൽ ഫ്രണ്ട് (എം എൻ എഫ്) അംഗം സി ലാൽറോസാംഗ ആണ് സിറ്റിംഗ് എം പി.

ആറ് വർഷം കൊണ്ട് ഭരണത്തിൽ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എം എൻ എഫിനെ തകർത്ത് ആറ് വർഷം മാത്രം പ്രായമായ സോറം പീപ്പിൾസ് മൂവ്‌മെന്റ് (ഇസെഡ് പി എം) 27 സീറ്റോടെ അധികാരത്തിലേറി. വിരമിച്ച ഐ പി എസ് ഉദ്യോഗസ്ഥൻ 74കാരനായ ലാൽദുഹോമയാണ് പാർട്ടി സ്ഥാപിച്ചത്. എം എൻ എഫിന് പത്ത് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ബി ജെ പി രണ്ട് സീറ്റ് നേടിയപ്പോൾ കോൺഗ്രസ്സ് ഒന്നിലൊതുങ്ങി. മുൻകാലങ്ങളിൽ കോൺഗ്രസ്സും എം എൻ എഫുമാണ് മാറിമാറി സംസ്ഥാനം ഭരിച്ചിരുന്നത്.
അഞ്ച് എം എൽ എമാരുണ്ടായിരുന്ന കോൺഗ്രസ്സാണ് ഒന്നിലേക്ക് ചുരുങ്ങിയത്. ബി ജെ പി ഒരു സീറ്റ് കൂടി അധികം നേടി നില മെച്ചപ്പെടുത്തി. അതേസമയം, കോൺഗ്രസ്സ് 20.82 ശതമാനം വോട്ടോഹരി നേടിയപ്പോൾ ബി ജെ പിയുടേത് 5.06 ശതമാനം മാത്രമായിരുന്നു. 37.86 ശതമാനം വോട്ടും ഇസെഡ് പി എം കൊണ്ടുപോയപ്പോൾ എം എൻ എഫ് 35.10 ശതമാനം സ്വന്തമാക്കി. ആം ആദ്മി പാർട്ടിയും മത്സരിച്ചിരുന്നെങ്കിലും നോട്ടക്ക് സമാനമായ വോട്ടോഹരിയാണ് നേടാനായത്. മുൻ മുഖ്യമന്ത്രി സോറംതാംഗ തോറ്റിരുന്നു. മിസോറമിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഭരണകക്ഷി തോൽക്കുകയാണെങ്കിൽ മുഖ്യമന്ത്രിയും പരാജയപ്പെടാറുണ്ട്.

ബി ജെ പി നേതൃത്വം നൽകുന്ന നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് (നെഡ) കക്ഷിയായിരുന്നു എം എൻ എഫ്. നെഡയിൽ അംഗമാണെങ്കിലും മുഖ്യമന്ത്രിയായിരിക്കെ എം എൻ എഫിന്റെ സോറംതാംഗ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സ്റ്റേജ് പങ്കിടാൻ വിസമ്മതിച്ചത് വലിയ വാർത്തയായിരുന്നു. ഭരണത്തിലിരിക്കെ, അയൽ സംസ്ഥാനമായ മണിപ്പൂരിൽ നടന്ന വംശീയ അതിക്രമത്തിൽ മികച്ച നിലപാടാണ് എം എൻ എഫ് പ്രകടിപ്പിച്ചത്. മണിപ്പൂരിലെ കുകി അഭയാർഥികളെ സ്വീകരിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തു. മാത്രമല്ല, അയൽ രാജ്യമായ മ്യാന്മറിൽ നിന്നുള്ള അഭയാർഥികളെയും സ്വീകരിച്ചു. മണിപ്പൂരിലെ കുകി, മാറ ഗോത്രങ്ങളുമായുള്ള സോ ഐക്യം എം എൻ എഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു. ഇതേ വാഗ്ദാനം ഇസെഡ് പി എമ്മും നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പിയുമായി സഹകരിക്കുമെങ്കിലും അധിക വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് സഖ്യമുണ്ടാകാറില്ല. മിസോറമിൽ മാത്രമാണ് പ്രാദേശിക കക്ഷികളുമായി ബി ജെ പി സഖ്യമുണ്ടാക്കിയത്. മറ്റിടങ്ങളിൽ ദേശീയ പദവിയുള്ള പാർട്ടികളുമായാണ് സഖ്യം. തിരഞ്ഞെടുപ്പിനു ശേഷം സഖ്യമുണ്ടാക്കുന്നത് കേന്ദ്ര ഫണ്ടിനും ഗ്രാന്റിനുമെല്ലാമാണ്. സാമ്പത്തിക ഞെരുക്കമുണ്ടാക്കാൻ കേന്ദ്രത്തിന് എളുപ്പമാണല്ലോ.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും ബി ജെ പി ഒറ്റക്കാണ് മത്സരിച്ചത്. ഭരണം ലഭിച്ച ഇസെഡ് പി എം തന്നെയായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിലും തിളങ്ങുക. നിയമസഭാ തിരഞ്ഞെടുപ്പിൽ നഗര വോട്ടുകളാണ് പാർട്ടിക്ക് ലഭിച്ചിരുന്നത്. തലസ്ഥാനമായ ഐസ്വാളിലെ 12 സീറ്റുകളും നേടിയിരുന്നു. ഗ്രാമീണ മേഖലകളിലെ പത്ത് സീറ്റുകളാണ് എം എൻ എഫിന് ലഭിച്ചത്. ക്രിസ്ത്യാനികളായ മാരി സമുദായങ്ങളുടെ ശക്തി കേന്ദ്രത്തിലാണ് ബി ജെ പിയുടെ രണ്ട് എം എൽ എമാരും ജയിച്ചതെന്നതും ശ്രദ്ധിക്കേണ്ടതാണ്. ക്രിസ്ത്യൻ സഭകളുടെ നിലപാട് ഇവിടെ പ്രധാനമാണ്. അതിനാൽ ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ തിരഞ്ഞെടുപ്പിന്റെ ചൂട് വർധിപ്പിക്കാറുമുണ്ട്. ഏക ലോക്‌സഭാ സീറ്റിൽ എം എൻ ഫിന് ജയം തുടരാനാകുമോ ഇസെഡ് പി എം പിടിച്ചെടുക്കുമോ എന്ന് കണ്ടറിയണം.

Latest