Connect with us

ഫെഡറൽ

ഹാട്രിക് വൈറ്റ് വാഷ്? അട്ടിമറി..

സങ്കീര്‍ണമായ ജാതി സമവാക്യങ്ങള്‍ സൂക്ഷ്മമായി ഉപയോഗിച്ച് തിരഞ്ഞെടുപ്പ് വഴിക്കണക്ക് ചെയ്തില്ലെങ്കില്‍ വലിയ തോതില്‍ ഉത്തരം തെറ്റിപ്പോകുന്ന പരീക്ഷാ ഇടമാണ് രാജസ്ഥാന്‍.

Published

|

Last Updated

സങ്കീര്‍ണമായ ജാതി സമവാക്യങ്ങള്‍ സൂക്ഷ്മമായി ഉപയോഗിച്ച് തിരഞ്ഞെടുപ്പ് വഴിക്കണക്ക് ചെയ്തില്ലെങ്കില്‍ വലിയ തോതില്‍ ഉത്തരം തെറ്റിപ്പോകുന്ന പരീക്ഷാ ഇടമാണ് രാജസ്ഥാന്‍. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലിന് വേദിയായ ഇവിടം ബി ജെ പിയാണ് ഭരിക്കുന്നത്. ജാതി വികാരങ്ങളെ കൃത്യമായി ചേരുംപടി ചേര്‍ത്തും പൊതുവെയുള്ള ഹിന്ദുത്വയെ ‘കത്തിച്ചു’മാണ് ബി ജെ പി ജയിച്ചത്. കോണ്‍ഗ്രസ്സിലെ അതിരൂക്ഷമായ ചേരിപ്പോരും അവരെ തുണച്ചു.

നാല് ജാതികള്‍
കഴിഞ്ഞ രണ്ട് തവണയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ 25 സീറ്റും തൂത്തുവാരിയിരുന്നു. കോണ്‍ഗ്രസ്സ് സംസ്ഥാന ഭരണത്തില്‍ തിരിച്ചെത്തിയ വേളയിലായിരുന്നു ഇത്. 88.49 ശതമാനം വരുന്ന ഹിന്ദു സമുദായമാണ് സംസ്ഥാനത്ത് നിര്‍ണായകം. 9.07 ശതമാനം മുസ്ലിംകളും 1.27 ശതമാനം സിഖുകാരും 0.91 ശതമാനം ജൈനന്മാരുമുണ്ട്. ജാതികളുടെ പോക്കറ്റിലാണ് ഹിന്ദു സമുദായത്തിന്റെ വോട്ടുകള്‍. ജാട്ട്, രജപുത്രര്‍, മീണ, ഗുജ്ജാര്‍ എന്നിവയാണ് വോട്ടുരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുന്നത്. ഈ സമുദായങ്ങള്‍ സംഘടിതരും ഭരണ തലത്തിലടക്കം കാര്യങ്ങള്‍ നിയന്ത്രിക്കുന്നവരുമാണ്. 2018ലെ റിപോര്‍ട്ട് അനുസരിച്ച്, ജാട്ടുകള്‍ 12ഉം ഗുജ്ജാറുകളും രജപുത്രരും ഒമ്പത് വീതവും ബ്രാഹ്മണരും മീണകളും ഏഴ് വീതവും ശതമാനമാണ്. പട്ടിക ജാതിക്കാര്‍ 18ഉം പട്ടിക വര്‍ഗക്കാര്‍ 13ഉം ശതമാനമുണ്ട്. ഇവര്‍ പല ഉപജാതികളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പായി തലസ്ഥാനമായ ജയ്പൂരില്‍ പ്രധാന ജാതികള്‍ മഹാപഞ്ചായത്ത് പരമ്പര നടത്തുകയും കോണ്‍ഗ്രസ്സിനും ബി ജെ പിക്കും ടിക്കറ്റ് അനുവദിക്കുന്നതില്‍ കൃത്യമായ സന്ദേശം നല്‍കുകയുമുണ്ടായി. ജാട്ട് സമുദായത്തിലുള്ള ജഗ്ദീപ് ധന്‍കറിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ഉപരാഷ്ട്രപതിയാക്കിയതും ബ്രാഹ്മണനായ സി പി ജോഷിയെ സംസ്ഥാന പാര്‍ട്ടി അധ്യക്ഷനാക്കിയതും രജപുത്രനായ രാജേന്ദ്ര റാത്തോഡിനെ പ്രതിപക്ഷ നേതാവാക്കിയതും ബി ജെ പിയുടെ തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും ഈ തന്ത്രം അവര്‍ തുടര്‍ന്നു. ബ്രാഹ്മണനായ ഭജന്‍ ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയും മുന്‍ രാജകുടുബാംഗമായ ദിയ കുമാരിയെയും ദളിത് നേതാവായ പ്രേംചന്ദ് ഭൈരവയെയും ഉപമുഖ്യമന്ത്രിമാരുമാക്കി. സിന്ധി നേതാവായ വസുദേവ് ദേവ്നാനിയാണ് സ്പീക്കര്‍. രജപുത്രര്‍ മുഖ്യമന്ത്രിയാകുന്ന പതിവാണ് ഇവിടെ തെറ്റിയത്.

എണ്ണപ്പെരുക്കത്തില്‍ ജാട്ടുകളാണ് പ്രബലര്‍. ചുരു, ശികാര്‍, ഝുന്‍ഝുനു എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ശെഖാവതി, മാര്‍വാര്‍ മേഖലകളില്‍ ശക്തരാണ് ഇവര്‍. കിഴക്കന്‍ ഭാഗത്താണ് മീണകളും ഗുജ്ജാറുകളുമുള്ളത്. 30- 35 നിയമസഭാ സീറ്റുകളില്‍ വിജയം നിര്‍ണയിക്കുന്നത് ഇവരാണ്. 17 സീറ്റുകളിലാണ് രജപുത്രരുടെ സ്വാധീനം. ഗുജ്ജാറുകളും രജപുത്രരുമാണ് ബി ജെ പിയുടെ പ്രധാന വോട്ടുബേങ്ക്.

സഖ്യ പരീക്ഷണം
സഖ്യ പരീക്ഷണത്തിലൂടെ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൊയ്യാനുള്ള ദൃഢനിശ്ചയത്തിലാണ് കോണ്‍ഗ്രസ്സ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ വാര്‍ത്താ ശീര്‍ഷകങ്ങള്‍ സൃഷ്ടിച്ച ജാട്ട് നേതാവ് ഹനുമാന്‍ ബേനിവാളിന്റെ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആര്‍ എല്‍ പി), പുതുതായി രൂപവത്കരിച്ച ഭാരതീയ ആദിവാസി പാര്‍ട്ടി (ബി എ പി) എന്നിവ ഇന്ത്യ സഖ്യത്തിലുണ്ട്. ഏഴ് ലോക്സഭാ മണ്ഡലങ്ങളില്‍ ഇന്ത്യ മുന്നണി ശുഭപ്രതീക്ഷ പുലര്‍ത്തുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും അതിന് മുമ്പുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും എന്‍ ഡി എക്കൊപ്പമായിരുന്നു ഹനുമാന്‍ ബേനിവാള്‍. കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് സഖ്യം ഉപേക്ഷിച്ചത്. ജാട്ട് നേതാവ് എന്ന് ബ്രാന്‍ഡ് ചെയ്ത് കന്നിയങ്കത്തില്‍ മത്സരിച്ച അദ്ദേഹം റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നഗൗറിലാണ് ശക്തികേന്ദ്രം. ജാട്ട് സമുദായംഗമാണ് സച്ചിന്‍ പൈലറ്റ് എന്നതും കോണ്‍ഗ്രസ്സിന് പ്രതീക്ഷ പകരുന്നതാണ്. അതേസമയം, പൈലറ്റിനെ കോണ്‍ഗ്രസ്സ് നിരന്തരം അവഗണിക്കുന്നതും കഴിഞ്ഞ തവണ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതും വലിയ നിരാശയാണ് സമുദായത്തില്‍ സൃഷ്ടിച്ചത്. പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തെ ജാട്ടുകള്‍ പിന്തുണച്ചിരുന്നത്.

മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയെ മുഖ്യമന്ത്രിയാക്കാത്തതില്‍ ബി ജെ പിയോട് രജപുത്രര്‍ക്കുള്ള നിരാശയിലും കോണ്‍ഗ്രസ്സ് കണ്ണുവെക്കുന്നുണ്ട്. വസുന്ധരയുടെ മകനെ ആദ്യ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ‘പരിഗണന’ നല്‍കിയിരിക്കുകയാണ് ബി ജെ പി. മകന്‍ ദുഷ്യന്ത് സിംഗിന്റെ ഝലാവര്‍- ബാരന്‍ മണ്ഡലത്തില്‍ മാത്രമേ അവര്‍ പ്രചരാണത്തിനിറങ്ങൂവെന്ന് അനുയായികള്‍ പറയുന്നു.
വസുന്ധരയുടെ ശക്തികേന്ദ്രമായ ധോല്‍പൂര്‍, സാവയ് മധോപൂര്‍- ധോല്‍പൂര്‍ മണ്ഡലത്തിലാണ്. ഇവിടെ അവരുടെ ഇഷ്ടക്കാര്‍ മാത്രമാണ് ജയിക്കാറുള്ളത്. പാര്‍ട്ടിയില്‍ അരികുവത്കരിക്കപ്പെട്ട അവരുടെ നിരാശ തങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ്സിനുണ്ട്.

കൂടുമാറിയവരിലും പ്രതീക്ഷ
52 നാടോടി സമുദായങ്ങളുള്ള സംസ്ഥാനത്ത്, ദളിതര്‍ക്ക് പുറമെ അവരുടേയും പിന്തുണ ലഭിക്കുമെന്ന് ഭാരതീയ ആദിവാസി പാര്‍ട്ടി പ്രതീക്ഷിക്കുന്നു. 55 ലക്ഷം പേരുള്ള ബഞ്ചാര ഇവരില്‍ പ്രബലരാണ്. അതേസമയം, ഇവരില്‍ പലര്‍ക്കും കൃത്യമായ രേഖകളില്ല എന്നത് വലിയ തിരിച്ചടിയാണ്. ബി ജെ പിയില്‍ നിന്നെത്തിയ നേതാക്കളിലും കോണ്‍ഗ്രസ്സ് പ്രതീക്ഷ പുലര്‍ത്തുന്നു. ആ പ്രതീക്ഷ ബി ജെ പിക്കുമുണ്ട്. പല സിറ്റിംഗ് എം പിമാര്‍ക്കും ബി ജെ പി അവസരം നല്‍കാത്തത് അവര്‍ ഒന്നും ചെയ്തില്ല എന്നതിനാലാണെന്ന് ബി ജെ പി നന്നായി പ്രചരിപ്പിക്കുന്നുണ്ട്.
ചുരുക്കത്തില്‍, സഖ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് നല്ല പോരാട്ടം കാഴ്ചവെക്കാനാണ് കോണ്‍ഗ്രസ്സ് രാജസ്ഥാനില്‍ ശ്രമിക്കുന്നത്. പത്ത് സീറ്റെങ്കിലും നേടിയില്ലെങ്കില്‍ കഴിഞ്ഞ തവണകളിലെ നാണക്കേട് പോകില്ല. ഏറ്റവുമൊടുവില്‍ ട്രഷറര്‍ അടക്കം ബി ജെ പിയിലേക്ക് കൂടുമാറിയത് കോണ്‍ഗ്രസ്സിന് തലവേദനയാകുന്നുണ്ട്.

 

Latest