Connect with us

HEAVY RAIN ALERT

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു

ഇടുക്കിയില്‍ രാത്രിയാത്രാ നിരോധനം: അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദകേന്ദ്രം വെള്ളിയാഴ്ചവരെ അടച്ചു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെങ്ങും അതിതീവ്ര മഴ തുടരുന്നതിനിടെ ദുരന്തങ്ങളും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വിഴിഞ്ഞത്ത് കാറ്റിനെ തുടര്‍ന്ന് കടലില്‍ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. ടീംസണ്‍ (27) എന്ന മത്സ്യ തൊഴിലാളിയാണ് മരിച്ചത്. പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി.. കോട്ടയം മൂന്നിലാവ് പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടി. കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. നിരവധി വീടുകളിലേക്ക് വെള്ളം കയറി. പമ്പ, മണിമലയാറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു.

അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാരകേന്ദ്രം വെള്ളിയാഴ്ചവരെ അടച്ചു. ഇടുക്കിയില്‍ റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ രാത്രിയാത്ര നിരോധിച്ചു. പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചക്ക് ശേഷവും നാളേയും അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ട വെന്നിക്കുളം കല്ലുപാലത്തില്‍ നിന്ന് കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര് മരിച്ചു. അത്തിക്കയം വില്ലേജില്‍ റെജി ചീങ്കയില്‍ (60) എന്നയാള്‍ പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ടു. ഫയര്‍ഫോഴ്‌സ് തിരച്ചില്‍ ആരംഭിച്ചു. തഹസില്‍ദാര്‍ ഉള്‍പ്പെടെ റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്.

തിരുവനന്തപുരം ജില്ലയിലെ ആദിവാസി ഊരുകള്‍ കനത്ത മഴയെ തുടര്‍ന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്. കൊച്ചി എം ജി റോഡില്‍ രാവിലെ വെള്ളം കയറിയിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പലയിടത്തും ഗതാഗതം തടസ്സം നേരിട്ടുണ്ട്. കോട്ടയത്ത് കനത്ത മഴ മുന്നറിയിപ്പുള്ള അവസ്ഥയില്‍ എല്ലാ ഖനന പ്രവര്‍ത്തനങ്ങളും കലക്ടര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

Latest