Connect with us

aathmeeyam

ശാന്തമായ മനസ്സ്

ആത്മാവും ശരീരവും ചേർന്നതാണ് മനുഷ്യൻ. അവന്റെ ദേഹത്തെ വൃത്തിയാക്കുന്ന പോലെ മനുഷ്യൻ ദേഹിയെയും സംസ്കരിക്കേണ്ടതുണ്ട്. വ്യക്തിയും കുടുംബവും സമൂഹവും സംസ്കരിക്കപ്പെടുമ്പോഴാണ് ഐശ്വര്യപൂർണമായ ജീവിതം സാധ്യമാകുന്നത്.

Published

|

Last Updated

ആത്മാവും ശരീരവും ചേർന്നതാണ് മനുഷ്യൻ. അവന്റെ ദേഹത്തെ വൃത്തിയാക്കുന്ന പോലെ മനുഷ്യൻ ദേഹിയെയും സംസ്കരിക്കേണ്ടതുണ്ട്. വ്യക്തിയും കുടുംബവും സമൂഹവും സംസ്കരിക്കപ്പെടുമ്പോഴാണ് ഐശ്വര്യപൂർണമായ ജീവിതം സാധ്യമാകുന്നത്. ആത്മീയതയില്ലാത്ത വ്യക്തിയും സമൂഹവും ഊഷരവും അസ്വസ്ഥവും പ്രശ്‌ന സങ്കീര്‍ണതകൾ നിറഞ്ഞതുമായിരിക്കും. ആത്മീയശൂന്യത അനുഭവിക്കുന്ന വ്യക്തിക്കും ജനതക്കും മറ്റെന്ത്‌ ഭൗതിക വിഭവങ്ങളുണ്ടായാലും ക്ഷേമപൂര്‍ണമായ ജീവിതം നയിക്കാനോ ഉന്നതമായ സംസ്‌കാരവും നാഗരികതയും കെട്ടിപ്പടുക്കാനോ സാധ്യമാകില്ല.
ആത്മീയതയിലൂന്നിയ മതമായ വിശുദ്ധ ഇസ്്ലാം വിശ്വാസികളുടെ ജീവിതം സംസ്‌കരിക്കപ്പെട്ടതാകണമെന്ന കണിശത പുലർത്തുന്നു. കാരണം, ആരാധനകളിൽ ആത്മാർഥതയും ആനന്ദവും ലഭിക്കാൻ അത് അനിവാര്യമാണ്.

ആത്മാവിനെ സ്ഫുടം ചെയ്യണമെങ്കിൽ അതിന്റെ വാഹകനായ ശരീരത്തെയും കൂടി സ്ഫുടം ചെയ്യേണ്ടതുണ്ട്. ഭക്ഷണത്തിന് രസമുണ്ടായാലും അത് വിളമ്പുന്ന പാത്രത്തിന് കൂടി വൃത്തിയുണ്ടാകുമ്പോഴാണ് ഇഷ്ടത്തോടെ കഴിക്കാൻ കഴിയുന്നത്. അല്ലാഹു പറയുന്നു: “മനസ്സ് ശുദ്ധീകരിച്ചവന്‍ തീര്‍ച്ചയായും വിജയിച്ചിരിക്കുന്നു. മനസ്സ് മലിനപ്പെടുത്തിയവന്‍ തീര്‍ച്ചയായും പരാജയപ്പെടുകയും ചെയ്തിരിക്കുന്നു.’ (സൂറതുശ്ശംസ്: 9, 10)
ആത്മീയ വിജ്ഞാനം മനുഷ്യനെ നന്മകളിലേക്ക് വഴിനടത്തുകയും തിന്മകളിലേക്ക് ആപതിക്കുന്നതിൽ നിന്ന് തടഞ്ഞുനിർത്തുകയും ചെയ്യുന്നു. ദേഹേച്ഛകളെ നിയന്ത്രിക്കാനും പിശാചിന്റെ ദുര്‍ബോധനങ്ങളെ തടയാനും വിശ്വാസിയെ പാകപ്പെടുത്തുന്നത് ആത്മീയ ബോധമാണ്. ഭൗതികാസക്തിമൂലം മനുഷ്യന്റെ ഉള്ളറകളിൽ ഉടലെടുത്ത അന്ധകാരവും മൃഗീയതയും ആത്മീയതയുടെ പ്രകാശത്താൽ മാത്രമേ അകറ്റാൻ കഴിയുകയുള്ളൂ. മനുഷ്യനിലുണ്ടാകുന്ന വ്യത്യസ്ത വികാരങ്ങളെ ആരോഗ്യകരമായ രീതിയിൽ കൈകാര്യം ചെയ്യണമെങ്കിൽ ഹൃദയം ശുദ്ധീകരിക്കപ്പെടണം. സംസ്കരണം ലഭിക്കാത്ത മനസ്സ് എപ്പോഴും അശാന്തവും അസ്വസ്ഥവുമായിരിക്കും. അങ്ങനെയുള്ളവർക്ക് വിജയത്തിലെത്തിച്ചേരാൻ കഴിയുകയില്ല.

ആത്മീയ ജ്ഞാനത്തിലൂടെ മാത്രമേ സ്രഷ്ടാവിനെയും പ്രപഞ്ചത്തെയും മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ഉടമസ്ഥനിലേക്ക് അടുക്കുംതോറും ആത്മീയമായ ഔന്നിത്യം പ്രാപിക്കുകയും മനസ്സ് പാകപ്പെടുകയും പിശാചിനോടുള്ള പോരാട്ട ഭൂമികയിൽ കർമനിരതനാകുകയും ചെയ്യും. ആത്മീയതയെന്നത് കേവലം ആചാരാനുഷ്ഠാനങ്ങളോ സാമൂഹിക ചുറ്റുപാടുകളിൽ നിന്ന് ഒളിച്ചോടലോ അല്ല. മറിച്ച് വ്യക്തി, കുടുംബം, സമൂഹം, ഇതര ജീവജാലങ്ങള്‍, പ്രകൃതി പ്രതിഭാസങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ സകലമേഖലകളിലും വ്യാപിച്ചുകിടക്കുന്നതാണ്.

പ്രവാചകന്മാരുടെ നിയോഗങ്ങളിലെ പ്രധാന ലക്ഷ്യം തന്നെ ആത്മീയാന്തരീക്ഷം സൃഷ്ടിക്കലും ആത്മസംസ്‌കരണം സാധ്യമാക്കലുമായിരുന്നു.
പ്രവാചകന്മാർക്കുശേഷം പണ്ഡിതന്മാരും ആത്മജ്ഞാനികളുമാണ് പ്രസ്തുത ദൗത്യം നിർവഹിക്കുന്നത്. ബാഹ്യലോകത്തെ നിറച്ചാര്‍ത്തുകള്‍ക്കപ്പുറം ആന്തരിക ലോകത്തിന്റെ സൗന്ദര്യത്തില്‍ നിര്‍വൃതി കണ്ടെത്താനുള്ള വഴികളാണ് ആത്മജ്ഞാനികൾ കാണിച്ചുതരുന്നത്. സൂഫിസം അല്ലാഹുവോടുള്ള കളങ്കമറ്റ അനുസരണയും അടിമത്വത്തിന്റെ യഥാർഥ പ്രദർശനവുമാണ്. ആത്മജ്ഞാനത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് തിളങ്ങുന്ന നക്ഷത്രങ്ങളായി വിരാജിക്കുന്ന നിരവധി സൂഫിയാക്കളെ ഇസ്്ലാമിക ചരിത്രത്തിൽ കാണാവുന്നതാണ്. അവരില്‍ പ്രധാനിയാണ് മഹാനായ ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ). ലോകം മുഴുവന്‍ ആത്മീയതയുടെ പ്രഭ പരത്തിയ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) ഹിജ്‌റ 470 ല്‍ ഇറാനിലെ ജീലാന്‍ എന്ന പ്രദേശത്താണ് ജനിച്ചത്. അബൂ മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ ബിന്‍ മൂസാ ബിന്‍ അബ്ദില്ലാഹ് എന്നാണ് പൂര്‍ണ നാമം. നൂറ്റാണ്ടുകളായി വിശ്വാസികളുടെ മനോമുകരങ്ങളിൽ ഭക്തി ആദരവുകളോടെ അവിടുത്തെ അപദാനങ്ങൾ നിറഞ്ഞുനില്‍ക്കുന്നു. അധാർമികതയിൽ അഴിഞ്ഞാടിയ ഒരു ജനതയെ സത്സരണിയിലേക്ക് വഴിനടത്തിയ നവോത്ഥാന നായകനായ ശൈഖ് ജീലാനി(റ), വിജ്ഞാനത്തിലും ആത്മീയതയിലും യുക്തിയിലും മറ്റെല്ലാവരെക്കാളും പ്രോജ്വലിച്ചു നിൽക്കുന്ന ഔലിയാക്കളിലെ കുലപതിയാണ്. പാവപ്പെട്ടവരെ സഹായിക്കുന്നതിലും വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിലും മഹാനവർകൾ അതീവ താത്പര്യം കാണിച്ചിരുന്നു. വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കലാണ് ഏറ്റവും ഉത്തമമായ കര്‍മമെന്ന് അവിടുത്തെ വാക്കുകളിൽ കാണാം. പതിനായിരങ്ങളാണ് അവിടുത്തെ ഉദ്ബോധനങ്ങൾക്ക് കാതോർക്കാൻ ഓരോ സദസ്സിലും തിങ്ങിനിറഞ്ഞത്. സമ്പൂർണ സത്യസന്ധതയാണ് ശൈഖ് ജീലാനിയുടെ മുഖമുദ്ര. ഒരിക്കലും കളവ് പറയരുതെന്ന തന്റെ പ്രിയപ്പെട്ട മാതാവിന്റെ ഉപദേശത്തെ ജീവിതത്തിന്റെ സകല മേഖലകളിലും കാത്തുസൂക്ഷിച്ചതാണ് മഹാന്റെ ജീവിത വിജയത്തിന്റെ രഹസ്യം.വിലായത്തിന്റെ ഉന്നത പദവിയില്‍ വിരാജിച്ച മഹാനവർകൾ വൈജ്ഞാനിക ലോകത്തെ സൂര്യതേജസ്സും ആത്മീയ ലോകത്തെ ജ്ഞാനചക്രവര്‍ത്തിയും കെടാവിളക്കുമായി പ്രോജ്വലിച്ച് നിൽക്കുന്നു.