Connect with us

രാഷ്ട്രം / ജുഡീഷ്യറി

മൗനികളുടെ ബനാന റിപബ്ലിക്കോ?

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ സുപ്രീം കോടതിയുടെ ഗുരുതര നിരീക്ഷണങ്ങള്‍ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് പഴുതുള്ളതാണ്. ആ വ്യാഖ്യാനങ്ങള്‍ എങ്ങനെയായാലും ഭരണകൂടത്തോട് ചോദ്യം ചോദിക്കുന്നത് ദേശവിരുദ്ധമാകില്ല. മൗനത്തിന്റെ വാത്മീകത്തിലൊളിച്ചാല്‍ ദേശസ്‌നേഹവുമാകില്ല. മൗനികളുടെ ബനാന റിപബ്ലിക്കല്ല ഇന്ത്യ. അതേസമയം പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമായി തെളിയിക്കുന്നതില്‍ രാഹുല്‍ ഗാന്ധിയെ പോലെയുള്ളവര്‍ ജാഗ്രത കാണിക്കുകയും വേണം.

Published

|

Last Updated

മേരിക്കന്‍ ഭരണകൂടത്തില്‍ പ്രതിപക്ഷ നേതാവ് അറിയപ്പെടുന്നത് മൈനോരിറ്റി ലീഡര്‍ എന്ന പേരിലാണ്. ഭരണകൂടത്തിനെതിരെ ന്യൂനപക്ഷമായ പ്രതിപക്ഷത്തിന്റെ നാവാകേണ്ടതാണ് പ്രതിപക്ഷ നേതാവെന്ന് പറയുകയാണവിടെ. ന്യൂനപക്ഷമായിരിക്കുമ്പോഴുള്ള അവകാശവും ഉത്തരവാദിത്വവുമാണ് ചോദിച്ചു കൊണ്ടേയിരിക്കുക എന്നത്. വിഖ്യാത ബ്രിട്ടീഷ് നിയമജ്ഞനും അക്കാദമിക് വിദഗ്ധനുമായിരുന്ന ഐവര്‍ ജെന്നിംഗ്‌സ് പ്രതിപക്ഷ നേതാവിനെ വിശേഷിപ്പിച്ചത് അള്‍ട്ടര്‍നേറ്റീവ് പ്രൈം മിനിസ്റ്റര്‍ എന്നാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ തിരുത്തുകയും ദേശീയ താത്പര്യം മുന്‍നിര്‍ത്തി വിമര്‍ശിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വമുള്ള, തിരുത്തല്‍ വാദിയായ പ്രധാനമന്ത്രിയാണ് പ്രതിപക്ഷ നേതാവെന്ന് പറഞ്ഞു വെക്കുകയാണ് ഐവര്‍ ജെന്നിംഗ്‌സ്.

പ്രതിപക്ഷ നേതാവിന്റെ പണിയെന്താണ്?

ഇന്ത്യയുടെ ഇക്കാലം വരെയുള്ള ചരിത്രത്തില്‍ പ്രതിപക്ഷ ശബ്ദമാണ് രാജ്യത്തിന്റെ ജനാധിപത്യത്തിന് വഴി കാണിച്ചതെന്ന് മനസ്സിലാക്കാന്‍ പ്രയാസമല്ല. ഭരണകൂട കേന്ദ്രീകൃതമല്ല ഇന്ത്യയുടെ ജനാധിപത്യ വാഴ്ച. പ്രത്യുത ക്രിയാത്മകമായ പ്രതിപക്ഷമാണ് രാജ്യത്തിന്റെ ജനാധിപത്യത്തെ നിര്‍ണയിച്ചത്. ഭരണകൂടത്തിന്റെ ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമായ നടപടികളെ ചോദ്യം ചെയ്യുകയും അത് പൗരസമൂഹത്തെ ബോധ്യപ്പെടുത്തുകയുമാണ് രാജ്യത്തെ പ്രതിപക്ഷം നിര്‍വഹിക്കേണ്ട ധര്‍മം. ആ ദൗത്യത്തിന്റെ മുന്നണിപ്പോരാളിയാണ് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്. അയാളെയും സഭയിലെ മറ്റെല്ലാ അംഗങ്ങളെയും ഈ രാജ്യത്തെ ജനത വോട്ടു ചെയ്ത് നേരിട്ട് തിരഞ്ഞെടുത്തയച്ചതാണ്. അതിനാല്‍ പ്രതിപക്ഷ നേതാവിന് മിണ്ടാതിരിക്കാനാകില്ല, പാര്‍ലിമെന്റിനകത്തും പുറത്തും.

2020ല്‍ ചൈനയുമായി ഗല്‍വാന്‍ അതിര്‍ത്തി പ്രദേശത്തുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ഭൂമി ചൈന കൈയേറിയെന്ന ആക്ഷേപം ഉന്നയിച്ചിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 2022 ഡിസംബറില്‍ ഭാരത് ജോഡോ യാത്രക്കിടയില്‍ അക്കാര്യം അദ്ദേഹം വിളിച്ചുപറഞ്ഞു. രാജ്യം ഭരിക്കുന്നത് ഏത് ഭരണകൂടമായാലും അവ്വിധമൊരു ആക്ഷേപം അവര്‍ക്ക് അഹിതകരമാകുമെന്ന കാര്യം പറയേണ്ടതില്ല. അപ്പോള്‍ പിന്നെ ദേശീയ പ്രാധാന്യമുള്ള പ്രശ്‌നങ്ങളെ രാജ്യത്തെ ജനങ്ങളുടെ ശ്രദ്ധയിലെത്തിക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണ്. ആ കടമ നിര്‍വഹിക്കുന്നതിനെ ഇന്ത്യന്‍ ഭരണഘടനാശയങ്ങളുടെ അകത്തുള്ള വ്യവഹാരമായാണ് കാണാനാകുക. ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ വ്യക്തതയും തെളിവും വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലാതിരിക്കുമ്പോഴും ദേശീയ താത്പര്യം മുന്‍നിര്‍ത്തി ഭരണകൂട വിമര്‍ശം നടത്തുന്ന പ്രതിപക്ഷ നേതാവിനെ നീതിപീഠത്തിന് എങ്ങനെയാണ് തള്ളിപ്പറയാനാകുക.

ചൈന ഇന്ത്യയുടെ രണ്ടായിരം ചതുരശ്ര കിലോമീറ്ററിലധികം പ്രദേശം കൈയേറിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ലക്നോ കോടതിയിലെ കോടതിയലക്ഷ്യ നടപടികള്‍ ആഗസ്റ്റ് നാലിന് സുപ്രീം കോടതി സ്റ്റേ ചെയ്‌തെങ്കിലും അസാധാരണ നിരീക്ഷണങ്ങളാണ് കോടതി ലോക്‌സഭാ പ്രതിപക്ഷ നേതാവിനെതിരെ നടത്തിയത്. നിങ്ങളൊരു യഥാര്‍ഥ ഇന്ത്യക്കാരനാണെങ്കില്‍ ഇത്തരം കാര്യങ്ങള്‍ പറയില്ലെന്ന നീതിപീഠത്തിന്റെ വിമര്‍ശം ഗുരുതരവും വിശാല വ്യാഖ്യാനങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതുമാണെന്ന് പറയാതിരിക്കാനാകില്ല. അതിര്‍ത്തിയില്‍ രാജ്യത്തിന്റെ ഭൂമി ചൈന കൈവശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ദേശീയ താത്പര്യം ഉള്‍വഹിക്കുന്ന, പൗരന്‍മാര്‍ അറിയേണ്ട കാര്യമാണെന്നിരിക്കെ അതില്‍ പ്രതികരിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്.

പറയാന്‍ എന്തധികാരം?

പ്രതിപക്ഷ നേതാവ് എന്നത് ഭരണഘടനാ പദവിയല്ലെന്നത് ശ്രദ്ധേയമാണ്. അത്തരമൊരു പദവിയെക്കുറിച്ച് ഭരണഘടന പറയുന്നുമില്ല. പക്ഷേ പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തിന്റെ പിന്‍ബലമുണ്ട് പ്രതിപക്ഷ നേതൃ പദവിക്ക്. തതടിസ്ഥാനത്തിലുള്ള അധികാരങ്ങളുണ്ട് പ്രതിപക്ഷ നേതാവിന്. ഇന്ത്യന്‍ ജനാധിപത്യത്തെ സംവാദാത്മകവും തുറവിയുള്ളതുമാക്കി നിര്‍ത്തുകയെന്നതാണ് പ്രതിപക്ഷ നേതാവിന്റെ അധികാരങ്ങളുടെ ഉള്‍പൊരുളെന്ന് 1977ലെ സാലറി ആന്‍ഡ് അലവന്‍സസ് ഓഫ് ലീഡേഴ്‌സ് ഓഫ് ഓപോസിഷന്‍ ഇന്‍ പാര്‍ലിമെന്റ് ആക്ട് വായിച്ചാല്‍ ബോധ്യമാകും.

നമ്മുടെ ഭരണഘടന വകവെച്ചു നല്‍കുന്ന പ്രധാന മൗലികാവകാശമായ അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്യത്തിന്റെ ഭാഗമാണല്ലോ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനുള്ള അവകാശം. പ്രസ്തുത അവകാശത്തെ ജനാധിപത്യത്തിന്റെ സേഫ്റ്റി വാല്‍വെന്ന് വിശേഷിപ്പിച്ചത് സുപ്രീം കോടതി തന്നെയാണ്. 2020ല്‍ ആയിരുന്നു പരമോന്നത കോടതിയുടെ ആ ശ്രദ്ധേയ നിരീക്ഷണം. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ലഭ്യമായ അവകാശം പ്രതിപക്ഷ നേതാവിന് ഉണ്ടെന്നത് സവിശേഷ സംഗതിയായിരിക്കെ രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങളെ പൗരധര്‍മമായല്ലാതെ കാണുന്നതെങ്ങനെയാണ്.

മൗനിയാകലല്ല ദേശസ്‌നേഹം

രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. നൂറ്റിനാല്‍പ്പത് കോടിയിലധികം വരുന്ന ഇന്ത്യന്‍ ജനത അന്തിയുറങ്ങുന്നത് അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ രാജ്യം ഭരിക്കുന്നവര്‍ക്ക് വലിയ ജാഗ്രതയുണ്ടാകുമെന്ന വിശ്വാസത്തിലാണ്. അതില്‍ ഇടര്‍ച്ചകളുണ്ടായിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടേണ്ടത് തന്നെയാണ്. കേന്ദ്ര ക്യാബിനറ്റിന് ലോക്സഭയോട് ഉത്തരവാദിത്വമുണ്ടെന്നത് കൂടിയാകുമ്പോള്‍ പ്രതിപക്ഷ നേതാവിന് ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ടെന്ന കാര്യം സ്പഷ്ടമാണ്.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ സുപ്രീം കോടതിയുടെ ഗുരുതര നിരീക്ഷണങ്ങള്‍ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് പഴുതുള്ളതാണ്. ആ വ്യാഖ്യാനങ്ങള്‍ എങ്ങനെയായാലും ഭരണകൂടത്തോട് ചോദ്യം ചോദിക്കുന്നത് ദേശവിരുദ്ധമാകില്ല. മൗനത്തിന്റെ വാത്മീകത്തിലൊളിച്ചാല്‍ ദേശസ്‌നേഹവുമാകില്ല. മൗനികളുടെ ബനാന റിപബ്ലിക്കല്ല ഇന്ത്യ. അതേസമയം പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമായി തെളിയിക്കുന്നതില്‍ രാഹുല്‍ ഗാന്ധിയെ പോലെയുള്ളവര്‍ ജാഗ്രത കാണിക്കുകയും വേണം.

 

Latest