Uae
44 രാജ്യങ്ങളില്‍ നിന്നും 680 പ്രദര്‍ശകര്‍; അബുദാബി അന്താരഷ്ട്ര വേട്ട പ്രദര്‍ശനത്തിന് തുടക്കമായി
പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ പ്രദര്ശനമെന്ന നിലയില്‍, അഡിഹെക്‌സ് ഒരു അഭിമാനകരമായ ആഗോള പ്ലാറ്റ്ഫോമായി മാറിയിരിക്കുന്നു

അബൂദബി | ഭരണാധികാരിയുടെ അല്‍ ദഫ്ര മേഖല പ്രതിനിധിയും എമിറേറ്റ്‌സ് ഫാല്‍ക്കണേഴ്‌സ് ക്ലബ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര വേട്ട പ്രദര്‍ശനത്തിന് (അഡിഹെക്‌സ് ) അബുദബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ തുടക്കമായി. സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ രാജ്യം പദ്ധതിയിടുന്ന പശ്ചാത്തലത്തില്‍ എമിറേറ്റ്‌സ് ഫാല്‍ക്കണേഴ്‌സ് ക്ലബ് സംഘടിപ്പിക്കുന്ന പതിനെട്ടാമത് പതിപ്പില്‍ 44 രാജ്യങ്ങളില്‍ നിന്നും 680 പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്. 319 ഇമറാത്തി പ്രദര്‍ശകരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ പ്രദര്ശനമെന്ന നിലയില്‍, അഡിഹെക്‌സ് ഒരു അഭിമാനകരമായ ആഗോള പ്ലാറ്റ്ഫോമായി മാറിയിരിക്കുന്നു.
സാംസ്‌കാരിക പ്രോത്സാഹനത്തിലും സംരക്ഷണത്തിലും അതിന്റെ അവിഭാജ്യ പങ്കിനൊപ്പം സമാന മേഖലയിലുള്ളവരെയും വിതരണക്കാരെയും പങ്കാളികളെയും തിരിച്ചറിയാനും ഇതിലൂടെ ബിസിനസ്സ് വിപുലീകരിക്കാനും പുതിയ ഉല്‍പ്പന്നങ്ങള്‍ സമാരംഭിക്കാനും പ്രോത്സാഹിപ്പിക്കാനും അഡിഹെക്‌സ് അനുവദിക്കുന്നു സംഘടകര്‍ അറിയിച്ചു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഫാല്‍ക്കണര്‍മാര്‍, വേട്ടയാടല്‍, കുതിരസവാരി പ്രേമികള്‍, ഉപയോക്താക്കള്‍, വ്യാപാരികള്‍, വിവിഐപികള്‍, പ്രമുഖര്‍ എന്നിവര്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. വാക്‌സിനേഷന്‍ ലഭിച്ചവര്‍ക്ക് മാത്രമായി പ്രദര്‍ശനം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും പ്രവേശനത്തിന് 48 മണിക്കൂറിനുള്ളില്‍ ലഭിച്ച നെഗറ്റീവ് പി സി ആര്‍ പരിശോധന ഫലം അല്‍ ഹുസന്‍ ആപ്പില്‍ നിര്‍ബന്ധമാണെന്നും അധികൃതര്‍ അറിയിച്ചു. 2019 ല്‍ നടന്ന പ്രദര്‍ശനത്തില്‍ 120 രാജ്യങ്ങളില്‍ നിന്നായി 110,000 സന്ദര്‍ശകര്‍ പങ്കെടുത്തിരുന്നു