Kerala
അടൂര്‍ പോലീസ് സ്റ്റേഷനില്‍വച്ച് 62കാരനെ അകാരണമായി മര്‍ദിച്ചു; എസ്‌ഐ അനൂപ് ചന്ദ്രനെതിരെ പരാതി
അസുഖമുള്ള ആളാണെന്നും ഉപദ്രവിക്കരുതെന്നും സ്റ്റേഷന് പുറത്തുനിന്ന് ബാബുവിന്റെ ഭാര്യ കരഞ്ഞു പറഞ്ഞെങ്കിലും ഭാര്യയെയും അസഭ്യം പറഞ്ഞ എസ്‌ഐ ജാതീയമായി അധിക്ഷേപിച്ചു

പത്തനംതിട്ട|പത്തനംതിട്ടയില്‍ റിട്ട. ബേങ്ക് ഉദ്യോഗസ്ഥനായ 62കാരന്‍ ബാബുവിനെ അടൂര്‍ പോലീസ് സ്റ്റേഷനുള്ളില്‍ വച്ച് അകാരണമായി മര്‍ദിച്ചെന്ന് പരാതി. സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന അനൂപ് ചന്ദ്രനെതിരെയാണ് പരാതി. നാട്ടിലുള്ള ഒരു വ്യക്തിയുമായി ബാബു സാമ്പത്തിക ഇടപാടില്‍ തര്‍ക്കം ഉണ്ടായിരുന്നു. അടൂര്‍ പോലീസ് സ്റ്റേഷനില്‍ വച്ച് മെയ് 27ാം തീയതി സിഐയുടെ മധ്യസ്ഥതയില്‍ അത് ഒത്തുതീര്‍പ്പായി. തുടര്‍ന്ന് പരാതികള്‍ ഒന്നുമില്ലെന്ന് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ട് സിഐ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് പോയി. ഈ സമയം സ്റ്റേഷനിലേക്ക് കയറിവന്ന എസ്‌ഐ അനൂപ് ചന്ദ്രന്‍ ഒരു കാരണവും ഇല്ലാതെ അസഭ്യം പറഞ്ഞശേഷം മര്‍ദിച്ചു എന്നാണ് പരാതി. പള്ളിക്കല്‍ സ്വദേശിയാണ് ബാബു.
അസുഖമുള്ള ആളാണെന്നും ഉപദ്രവിക്കരുതെന്നും സ്റ്റേഷന് പുറത്തുനിന്ന് ബാബുവിന്റെ ഭാര്യ കരഞ്ഞു പറഞ്ഞെങ്കിലും ഭാര്യയെയും അസഭ്യം പറഞ്ഞ എസ്‌ഐ ജാതീയമായി അധിക്ഷേപിച്ചെന്നും ബാബു പറയുന്നു. ദളിത് സംഘടനാ പ്രവര്‍ത്തകര്‍ കൂടിയാണ് ബാബുവും ഭാര്യയും. മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നീതി കിട്ടിയില്ലെന്ന് ബാബു പറയുന്നു.