Uae
യു എ ഇ ജനസംഖ്യയുടെ 50 ശതമാനവും യുവാക്കൾ
സാമ്പത്തിക സാക്ഷരത കുറവെന്ന് റിപ്പോർട്ട്
ദുബൈ| യു എ ഇയിലെ മൊത്തം ജനസംഖ്യയുടെ 50 ശതമാനവും യുവാക്കളാണെന്ന് ഫെഡറൽ യൂത്ത് ഫൗണ്ടേഷൻ സംഘടിപ്പിച്ച ശിൽപ്പശാലയിൽ അവതരിപ്പിച്ച ഡാറ്റാ റിപ്പോർട്ട് വെളിപ്പെടുത്തി. 15 മുതൽ 35 വയസ്സ് വരെയുള്ള ഈ വിഭാഗത്തിൽ ഇമാറാത്തി പൗരന്മാർ 10 ശതമാനവും പൗരന്മാരല്ലാത്തവർ 90 ശതമാനവുമാണ്. സർക്കാർ സ്‌കൂളുകളിൽ ഇരു ലിംഗക്കാർക്കുമുള്ള ബിരുദാനന്തര ബിരുദ നിരക്ക് 100 ശതമാനത്തിൽ എത്തുന്നുണ്ടെങ്കിലും 15 വയസ്സുള്ള 39 ശതമാനം വിദ്യാർഥികൾക്ക് അടിസ്ഥാന സാമ്പത്തിക സാക്ഷരത കുറവാണ്. ഇത് ആഗോള ശരാശരിയായ 18 ശതമാനത്തേക്കാൾ കൂടുതലാണ്. വിനോദ സമയത്തിൽ 34 ശതമാനം യുവാക്കളും ഇന്റർനെറ്റിലാണ് ചെലവഴിക്കുന്നത്, കുടുംബത്തോടൊപ്പം ചെലവഴിക്കുന്നത് വെറും 16 ശതമാനം മാത്രമാണ്.
62 ശതമാനം ഇമാറാത്തി ബിരുദധാരികളും സ്വകാര്യ മേഖലയിൽ ജോലി നേടുന്നത് കൂടുതൽ പ്രയാസകരമാണെന്ന് വിശ്വസിക്കുന്നു. 40 ശതമാനം പേർ സർക്കാർ ജോലിയാണ് ഇഷ്ടപ്പെടുന്നത്. 18 മുതൽ 35 വയസ്സ് വരെയുള്ള 32 ശതമാനം ഇമാറാത്തി യുവാക്കൾ സ്വന്തമായി ബിസിനസ് ആരംഭിച്ചു. 20 ശതമാനം ഇമാറാത്തി യുവാക്കൾ സാമ്പത്തിക സമ്മർദം അനുഭവിക്കുന്നുണ്ട്.
ഇമാറാത്തി യുവാക്കളുടെ ശരാശരി വിവാഹ പ്രായം പുരുഷന്മാർക്ക് 29 വയസ്സും സ്ത്രീകൾക്ക് 27 വയസ്സുമായി ഉയർന്നു. 59 ശതമാനം ഇമാറാത്തി യുവാക്കളും വിവാഹം വൈകുന്നതിന്റെ പ്രധാന കാരണം സാമ്പത്തിക കാരണങ്ങളാണെന്ന് വിശ്വസിക്കുന്നു.



