Kerala
'രണ്ടുകോടി നല്‍കി, തിരികെ തന്നത് 20 ലക്ഷം മാത്രം': ആന്റോ ആന്റണിക്കെതിരായ ആരോപണത്തില്‍ ഉറച്ച് എന്‍ എം രാജു
കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് ആന്റോ ആന്റണി. എല്ലാ കണക്കും തിരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയിട്ടുണ്ട്. പണം കിട്ടാനുണ്ടെങ്കില്‍ നിയമപരമായി രാജുവിന് പോകാം.
കൊച്ചി | ആന്റോ ആന്റണി എം പിക്കെതിരായ ആരോപണത്തില്‍ ഉറച്ച് നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനൊരുങ്ങുകയാണ് രാജു.
അതേസമയം, തനിക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണത്തിനില്ലെന്നാണ് ആന്റോ ആന്റണിയുടെ പ്രതികരണം. നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ച ആന്റോ, പണം വാങ്ങിയത് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സംഭാവനയായിട്ടാണെന്ന് പറഞ്ഞു. എല്ലാ കണക്കും തിരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയിട്ടുണ്ട്. പണം കിട്ടാനുണ്ടെങ്കില്‍ നിയമപരമായി രാജുവിന് പോകാമെന്നും ആന്റോ പറഞ്ഞു. ആന്റോ ആന്റണിയുടെ മൊഴി എസ് ഐ ടി രേഖപ്പെടുത്തും.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആന്റോ ആന്റണി എം പിക്ക് രണ്ട് കോടി രൂപ നല്‍കിയെന്നാണ് എന്‍ എം രാജു പറയുന്നത്. രണ്ട് മാസത്തിനകം തിരികെ നല്‍കാമെന്നു പറഞ്ഞ് വാങ്ങിയ തുകയില്‍ ഇതുവരെ 20 ലക്ഷം രൂപ മാത്രമാണ് തിരികെ നല്‍കിയതെന്ന് രാജു ആരോപിക്കുന്നു. പ്രചാരണ ഫണ്ട് ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്നും സഹായിക്കണമെന്നും ആന്റോയുടെ ആളുകള്‍ അറിയിച്ചു. തുടര്‍ന്നാണ് വിവിധ ഘട്ടങ്ങളിലായി രണ്ട് കോടി രൂപ നല്‍കിയത്.

