From the print
ജമാഅത്തിന്റെ മതരാഷ്ട്ര വാദം ന്യായീകരിച്ച് സതീശൻ; കരുതലോടെ ലീഗ്
മൗദൂദികൾ യുവാക്കളെ വഴിതെറ്റിക്കുന്നെന്ന് ഇ കെ വിഭാഗം
കോഴിക്കോട് | നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രവാദം മുന്നണികൾക്കിടയിൽ വീണ്ടും ചർച്ചയാകുന്നു. കഴിഞ്ഞ ത ദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ പു കിലിൽ നിന്ന് പാഠം പഠിച്ച് ജമാഅത്തിനെ അകറ്റിനിർത്താനുള്ള ശ്രമങ്ങൾ മുസ്‌ലിം ലീഗ് ആരംഭിച്ചെങ്കിലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിടുന്ന മട്ടില്ല. ജമാഅത്ത് ബന്ധത്തെ വേദികൾ തോറും ന്യായീകരിക്കുകയാണ് അദ്ദേഹം. നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഒട്ടും പരിഗണിക്കപ്പെടേണ്ട എണ്ണം ജമാഅത്തുകാർ ഇല്ലെന്നിരിക്കെ പ്രതിപക്ഷ നേതാവിന്റെ ഈ ശ്രമത്തിനെതിരെ കോൺഗ്രസ്സിനുള്ളിൽ നിന്ന് തന്നെ എതിർപ്പുയരുന്നുണ്ട്.
ജമാഅത്തെ ഇസ്‌ലാമി നൽകിയ പിന്തുണ തദ്ദേശ തിരഞ്ഞെടുപ്പോടെ അവസാനിച്ചെന്ന മട്ടിലായിരുന്നു മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. എന്നാൽ, സതീശന്റെ ന്യായീകരണം ലീഗിനേയും വെട്ടിലാക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനക്ക് ലീഗ് നേതാക്കളും മറുപടി പറയേണ്ട സാഹചര്യമാണുള്ളത്. ജമാഅത്തെ ഇസ്‌ലാമിക്ക് മതരാഷ്ട്രവാദമില്ലെന്ന് പറഞ്ഞ് സ്ഥാപിക്കാനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം. എന്നാൽ, ഇസ്‌ലാമിക് റിപബ്ലിക് സംബന്ധിച്ച് ജമാഅത്ത് ശൂറ അംഗം ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന സതീശനെ തിരിഞ്ഞു കുത്തുകയാണ്. കാസർകോട് നടക്കുന്ന സമ്മേളനത്തിൽ ജമാഅത്തിനെതിരെ ഇ കെ വിഭാഗം അവതരിപ്പിച്ച പ്രമേയവും ഇന്നലെ രാഷ്ട്രീയ ചർച്ചകളിൽ ഇടംപിടിച്ചു. മുഖ്യധാരാ മുസ്‌ലിം സംഘടനകൾ മുഴുവൻ ജമാഅത്തിനെ ശക്തമായി എതിർത്ത് വിലയിരുത്തുമ്പോൾ ജമാഅത്തിനെ വെള്ളപൂശാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമം യു ഡി എഫിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
വിഷയത്തിൽ ബഹളങ്ങളില്ലാതെ മാറി നിൽക്കാനുള്ള ലീഗ് ശ്രമത്തെ പരമാവധി പ്രകോപിപ്പിക്കാനാണ് സി പി എം ശ്രമം. മുസ്‌ലിം ലീഗിന്റെ ആശയധാര രൂപപ്പെടുത്തുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്ന കടന്നാക്രമണമാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയത്. അതേസമയം, സി പി എം പൂർവകാലത്ത് ജമാഅത്തെ ഇസ്‌ലാമിയുമായി രാഷ്ട്രീയ ബന്ധം ഉണ്ടാക്കിയിരുന്നെന്നും അതുകൊണ്ട് ഞങ്ങളും കൂട്ടുകൂടുന്നുവെന്ന മറുവാദമാണ് പ്രതിപക്ഷ നേതാവിനുള്ളത്. പാർട്ടി പത്രത്തിലെ മുഖലേഖനവും സി പി എം നേതാക്കളുടെ അന്നത്തെ പ്രസംഗങ്ങളും മറ്റും തെളിവായി ഉന്നയിക്കപ്പെടുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ എൽ ഡി എഫ് – യു ഡി എ ഫ് മുന്നണികൾ വ്യത്യസ്ത ജാഥകളുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ രാഷ്ട്രീയ കേരളം ജമാഅത്ത് ബന്ധങ്ങൾ കൂടുതൽ ചർച്ച ചെയ്തേക്കും.




