Connect with us

National

ഉത്തർപ്രദേശിൽ ഒരു വീട്ടിൽ 4,271 വോട്ടർമാർ; വോട്ടർപട്ടികയിൽ വൻ ക്രമക്കേട് ആരോപിച്ച് എഎപി

ബിഹാർ ഭഗൽപൂരിൽ വ്യവസായി ഗൗതം അദാനിക്ക് 1 രൂപ നിരക്കിൽ ഭൂമി അനുവദിച്ചതിനെക്കുറിച്ചും സിംഗ് ആരോപണങ്ങൾ ഉന്നയിച്ചു.

Published

|

Last Updated

ലക്നൗ | ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി ആം ആദ്മി പാർട്ടി (എഎപി) രാജ്യസഭാ എം.പി. സഞ്ജയ് സിംഗ് ആരോപിച്ചു. മഹ്‌റൗബ ജില്ലയിലെ ഒരു വീട്ടിൽ മാത്രം 4,271 വോട്ടർമാരെ കണ്ടെത്തിയതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

മഹ്‌റൗബയിലെ രണ്ട് വീടുകളിൽ 243 ഉം 185ഉം വോട്ടർമാരെ കണ്ടെത്തിയെന്ന് ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ ഇന്ന് ഒരു വീട്ടിൽ 4,271 വോട്ടർമാരുള്ള മറ്റൊരു സംഭവം കൂടി കണ്ടെത്തിയിരിക്കുന്നു. ഒരു വീട്ടിൽ ഇത്രയും വോട്ടർമാർ ഉണ്ടെങ്കിൽ ആ കുടുംബത്തിൽ ഏകദേശം 12,000 അംഗങ്ങളുണ്ടാവണം. ഇങ്ങനെയൊരു കുടുംബത്തെ ആരെങ്കിലും കണ്ടെത്തേണ്ടിയിരിക്കുന്നു – സിംഗ് പരിഹസിച്ചു.

ബി ജെ പിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിച്ച് വോട്ട് മോഷണം നടത്തുകയാണെന്നും സിംഗ് ആരോപിച്ചു. മഹ്‌റൗബയിലെ ഈ വീടിൻ്റെ ഉടമ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ കുടുംബാംഗങ്ങൾ മാത്രം വോട്ട് ചെയ്താൽ പോലും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതേ ഗ്രാമത്തിൽ ആകെ 16,000 വോട്ടർമാരാണ് ഉള്ളത്. അതിൽ 4,271 വോട്ടർമാർ ഒരു വീട്ടിൽ ഉണ്ടെങ്കിൽ ഈ ക്രമക്കേടിൻ്റെ ഗൗരവം വർധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിഹാർ ഭഗൽപൂരിൽ വ്യവസായി ഗൗതം അദാനിക്ക് 1 രൂപ നിരക്കിൽ ഭൂമി അനുവദിച്ചതിനെക്കുറിച്ചും സിംഗ് ആരോപണങ്ങൾ ഉന്നയിച്ചു. ജെ.ഡി.യു – ബി.ജെ.പി സഖ്യം ഭരിക്കുമ്പോൾ 1,050 ഏക്കർ ഭൂമി 25 വർഷത്തേക്ക് ഒരേക്കറിന് 1 രൂപ നിരക്കിൽ അദാനി ഗ്രൂപ്പിന് നൽകിയെന്നാണ് ആരോപണം.

ഒരു രൂപയ്ക്ക് ഭൂമി നൽകിയെന്ന് മാത്രമല്ല, അടുത്ത 25 വർഷത്തേക്ക് നിങ്ങൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റിന് 7 രൂപ നിരക്കിൽ വാങ്ങിക്കൊള്ളാമെന്ന് ഉറപ്പും നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് 10 രൂപ, 11 രൂപ, 12 രൂപ നിരക്കിൽ വൈദ്യുതി കിട്ടിയാലും സർക്കാരിന് പ്രശ്നമില്ല. പ്രധാനമന്ത്രിയുടെ സുഹൃത്തിന് ബുദ്ധിമുട്ടുണ്ടാകരുത് – സിംഗ് പറഞ്ഞു.

 

Latest