Connect with us

Articles

'2002'- ഭീകരതയെ ഓര്‍മിപ്പിക്കുന്ന ഒരടയാളം

ഗുജറാത്ത് വംശഹത്യ 'വെറുപ്പ്' മാതൃഭാഷയാക്കി വ്യത്യസ്ത വേഷങ്ങളില്‍ ജീവിതത്തിലേക്ക് തുടര്‍ച്ചയായി ഇടിച്ചു കയറുന്നതിനെതിരെയുള്ള നിരന്തര പ്രതിരോധമാണ്, ആ വംശഹത്യയുടെ അനുസ്മരണം ആവശ്യപ്പെടുന്നത്.

Published

|

Last Updated

രണ്ട് പതിറ്റാണ്ട് മുമ്പാണ് മലയാളത്തിന്റെ അഭിമാനവും പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റുമായിരുന്ന കടമ്മനിട്ടയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ഗുജറാത്ത് സന്ദര്‍ശിച്ചത്. സത്യത്തിലത് സന്ദര്‍ശനമായിരുന്നില്ല. സമാനതകളില്ലാത്തൊരു സംഘര്‍ഷത്തിലേക്കും സങ്കടങ്ങളിലേക്കുമുള്ള വലിയൊരു വീഴ്ചയായിരുന്നു. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് സ്വയം ചോദിച്ച് അസ്വസ്ഥമായ ആ ദിവസങ്ങള്‍, ഇനിയൊരിക്കലും ആവിധം ഓര്‍മയിലേക്ക് തിരിച്ചുവരരുതേ എന്നാഗ്രഹിച്ചു കൊണ്ടാണ് ഞങ്ങള്‍ ഗുജറാത്ത് വിട്ടത്. പക്ഷേ, ആ ഗുജറാത്ത് വംശഹത്യയുടെ വൈറസ്, ഒരു വാക്സിനും വഴങ്ങാതെ ഇപ്പോഴും ഇന്ത്യയൊന്നാകെ വട്ടം കറങ്ങുകയാണ്.

അഹമ്മദാബാദിലെ ഏത് വളവില്‍ വെച്ചാണ്, ആ കരിഞ്ഞ ആല്‍മരം കണ്ടതെന്ന് കൃത്യം ഓര്‍മയില്ല. വംശഹത്യയുടെ ആളിക്കത്തിയ തീയില്‍ മറ്റ് പലതിനുമൊപ്പം അവസാനിച്ചുപോയ ആ മരത്തിന്റെ കരിഞ്ഞ കുറ്റിയില്‍, അപ്പോഴേക്കും ഏറെക്കുറെ, വംശഹത്യയുടെ ക്രൂരതകള്‍ കേട്ടും അതിന്റെ ബാക്കി കണ്ടും മരവിച്ചുപോയ ഞങ്ങള്‍ക്ക്, പ്രത്യേകിച്ച് കാര്യമായൊന്നും തോന്നിയില്ല. എന്നാല്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഗുജറാത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗവും വംശഹത്യാനന്തര പ്രതിരോധ പ്രവര്‍ത്തനത്തിലെ സജീവസാന്നിധ്യവും മലയാളിയുമായ രാമചന്ദ്രന്‍, ഒരു നിമിഷം അവിടെ നിന്നു! അനാഥമാക്കപ്പെട്ടവരുടെ അവശിഷ്ടങ്ങള്‍ക്ക് മുമ്പിലെന്ന പോലെ. അപ്പോഴും ഞങ്ങള്‍ കരുതിയത് കൊള്ളകള്‍ക്കു ശേഷം ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ കത്തിച്ചുകളഞ്ഞ നിരവധി കടകള്‍ക്കൊപ്പം കത്തിപ്പോയ ഒരു മരം എന്നുമാത്രമായിരുന്നു. പിന്നീടാണറിഞ്ഞത്, പടര്‍ന്നു നിന്ന ആ അരയാല്‍ ചുവട്ടില്‍ തെരുവു കച്ചവടം നടത്തിയിരുന്ന, പതിനാല് വയസ്സ് മാത്രം പ്രായമുള്ള കംറആലം എന്ന ഒരു മുസ്ലിം കുട്ടിയെ കെട്ടിയിട്ട് പെട്രോളൊഴിച്ച് കത്തിച്ചതിന്റെ, ബാക്കിയാകാത്ത ബാക്കിയാണ് ആ ആല്‍മരക്കുറ്റിയെന്ന്. ബിഹാറുകാരനായ കംറആലത്തിന് വില്‍ക്കുന്ന കളിപ്പാട്ടങ്ങളുടെ വിലയല്ലാതെ, മറ്റൊന്നുമറിയുമായിരുന്നില്ല. പഠിക്കേണ്ട പ്രായത്തില്‍ കുടുംബം പോറ്റാന്‍ വേണ്ടി, തനിക്കപരിചിതമായ മറ്റൊരു പ്രദേശത്ത് ചെന്ന് കച്ചവടം നടത്തുന്ന ആ കുട്ടി, ആരെയും കല്ലെടുത്തെറിഞ്ഞിട്ടില്ല. എന്തിന് ഒരു മുദ്രാവാക്യം പോലും വിളിച്ചിട്ടില്ല. എന്നിട്ടും ആ ‘ഗുജറാത്ത് വംശഹത്യ’ മറ്റനവധി പേര്‍ക്കൊപ്പം അവനെയും ഒരുപിടി ചാരമാക്കി. കുത്തിയൊഴുകിയ ചോരപ്പുഴകള്‍, പറന്നുപോയ പ്രാണന്‍, അംഗഭംഗം വന്ന ജീവിതങ്ങള്‍, നിലക്കാത്ത നിലവിളികള്‍, അവക്കിടയില്‍ എന്ത് കംറആലം! ആരാരുമറിയാത്ത അവനെ ആരോര്‍മിക്കാന്‍. നാമമാത്രമായ നഷ്ടപരിഹാരങ്ങള്‍ പോലും കിട്ടാതെ അവസാനിച്ചുപോയ എത്രയോ ജീവിതങ്ങളില്‍ ഒന്ന്! ജന്മദേശമായ ബിഹാറിലും ജോലിസ്ഥലമായ ഗുജറാത്തിലും അവനെത്രമാത്രം ഓര്‍മിക്കപ്പെടുന്നുണ്ടാകും എന്നറിയില്ല. ആ ആലിന്‍ ചുവട്ടില്‍ എപ്പോഴെങ്കിലും കംറേ എന്നോ ആലം എന്നോ വിളിച്ച് അവനോടൊപ്പം ചങ്ങാത്തം കൂടിയ ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ അവരോര്‍ക്കുന്നുണ്ടാകാം അവനെ. എന്നാല്‍ ഇന്നും കംറആലം എന്ന ആ തെരുവ് കച്ചവടക്കാരന്‍, മലയാള സാഹിത്യത്തില്‍ വേദനയുടെ വിസ്മരിക്കപ്പെടാത്തൊരു സ്രോതസ്സായി നിറഞ്ഞുനില്‍ക്കുന്നു. ഒരു പക്ഷേ, നമ്മുടെ മതനിരപേക്ഷ കേരളത്തില്‍ മാത്രം.

ഞങ്ങള്‍ ഗുജറാത്തിലേക്ക് പോകുന്ന 2002 കാലത്ത് ഏറെക്കുറെ കടമ്മനിട്ട കവിതയെഴുത്ത് നിറുത്തിയ/നിന്ന കാലമായിരുന്നു. എന്താ ഇപ്പോഴൊന്നും എഴുതാത്തത് എന്ന് ചോദിക്കുമ്പോള്‍ കടമ്മനൊന്ന് ചിരിക്കും. എന്നാല്‍ ഗുജറാത്ത് സംഘര്‍ഷത്തില്‍ പെട്ടപ്പോള്‍, നിന്നെന്ന് കരുതിയ കവിതയുടെ ഉറവകള്‍ കടമ്മനില്‍ തുറന്നു. അക്കാലത്താണ്, ‘ബാപ്പുജി നഗറിലെ അശ്വത്ഥം’, ‘ക്യാ’ എന്നീ കവിതകള്‍ കടമ്മനെഴുതുന്നത്. ഒരര്‍ഥത്തില്‍ ‘അശ്വത്ഥം’ വായിക്കുന്ന മലയാളി ഒരിക്കലും കംറആലത്തേയും ആലത്തിനെ ഒരുപിടി ചാരമാക്കിയ വംശഹത്യയേയും മറക്കില്ല. ഭരണകൂടം നീതി നിഷേധിക്കുമ്പോഴും ഗുജറാത്ത് വംശഹത്യയുടെ വൈറസുകള്‍ പലപ്രകാരത്തില്‍ ഇന്ത്യയാകെ വ്യാപിക്കുമ്പോഴും കടമ്മന്റെ, ‘ബാപ്പുനഗറിലെ അശ്വത്ഥം’ ഏറ്റവും ചുരുങ്ങിയത്, മറക്കാന്‍ പാടില്ലാത്തൊരു ഭീകരതയെ ഓര്‍മിപ്പിക്കുന്ന ഒരടയാളം എന്ന നിലയില്‍, വംശഹത്യകള്‍ക്കെതിരെ കലഹിക്കും. രണ്ട് പതിറ്റാണ്ട് മുമ്പ് നവ ഫാസിസ്റ്റുകള്‍ ഗുജറാത്തില്‍ കത്തിച്ചത് കംറആലത്തെ, പിന്നീട് ‘ആള്‍ക്കൂട്ട കൊല’കളെന്ന പേരില്‍ അരങ്ങേറിയ ഭീകരതകളില്‍ നഷ്ടപ്പെട്ടത് നിരവധി പേരുടെ ജീവിതം, ഇപ്പോള്‍ കംറആലത്തിന്റെ അതേ നാട്ടില്‍ നിന്ന് ‘ഗോരക്ഷ’ ഭീകരര്‍ കത്തിച്ചുകളഞ്ഞത് മുഹമ്മദ് ഖലീല്‍ എന്ന മറ്റൊരു ആലത്തെ. ജനവിരുദ്ധ നിയമങ്ങള്‍ക്കൊപ്പം, നീതിനിഷേധങ്ങള്‍ക്കൊപ്പം ആക്രമണങ്ങളും തുടരുകയാണ്. ‘…നട്ടുച്ചക്ക് പെട്ടെന്ന് ഒരുകൂട്ടം വൈഷ്ണവര്‍/ ആഘോഷാരവങ്ങളോടെ ആലിന്‍ ചോട്ടിലെത്തി/ ആലത്തിന് പെട്രോള്‍കൊണ്ടഭിഷേകം/ അഗ്‌നിപൂജ, അഗ്‌നി ധരിച്ച കംറആലം/ ഒരു ഗോളമായ് വിഷ്ണുപാദം പ്രാപിച്ചു/ അശ്വത്ഥവുമാളിക്കത്തി ആര്‍പ്പുവിളിച്ചു/ എന്നാല്‍ ആലത്തിന്റെ ചാരം പോലും/ അശ്വത്ഥത്തിനു വളമായില്ല….’ (ബാപ്പുനഗറിലെ അശ്വത്ഥം)

ഗാന്ധിവധത്തെ ഭാരതം ആവശ്യപ്പെട്ട ‘പുണ്യകര്‍മ’മായി പ്രകീര്‍ത്തിച്ച ഗോഡ്സെയും, ഗുജറാത്ത് വേട്ടയെക്കുറിച്ച് തെഹല്‍ക്ക പ്രതിനിധി ചോദിച്ചപ്പോള്‍ ‘ഞാനത് ആസ്വദിക്കുന്നു സുഹൃത്തേ, അവസരം കിട്ടിയാല്‍ ഇനിയും കൊല്ലും’ എന്ന് പ്രഖ്യാപിച്ച ബാബു ബജ്റംഗിമാരും പങ്കുവെക്കുന്നത്, ഒരു ‘പുത്തന്‍ സാത്താന്‍ ശാസ്ത്ര’ത്തിന്റെ വ്യത്യസ്ത പ്രയോഗ മാതൃകകളാണ്! ഗുജറാത്തില്‍ വംശഹത്യാ കാലത്ത് രോഗികളെ കൊണ്ടുപോകുന്ന, പോകേണ്ട ‘ആംബുലന്‍സ്’ സ്വയം രോഗിയായി! വംശഹത്യക്കുള്ള ആയുധം കയറ്റി കലാപ വാഹനമായി മാറിയ ആ ആംബുലന്‍സില്‍ ഒന്ന് ‘കരുണാവതി’ എന്നു പേരുള്ള ഒരു ഹോസ്പിറ്റലിലേതായിരുന്നു!

‘ആരാച്ചാരാകാന്‍ ആള്‍ത്തിരക്ക്’ എന്ന പത്രവാര്‍ത്ത വന്നത്, രണ്ടായിരത്തി പതിനാലിലാണ്. കൊല ഒന്ന്ക്ക് അഞ്ഞൂറ് രൂപയുണ്ടായിരുന്നത്, രണ്ട് ലക്ഷമാക്കി വര്‍ധിപ്പിച്ചപ്പോഴാണ് മനുഷ്യരില്‍ ‘ആരാച്ചാര്‍ ആവേശം’ അണപൊട്ടിയത്. എന്നാല്‍ ഗുജറാത്ത് വംശഹത്യയില്‍ കൊലക്കൊപ്പം നടത്തിയ കൊള്ളയും ബലാത്സംഗവും പലതരം ഫാസിസ്റ്റ് അംഗീകാര പട്ടങ്ങളുമാണ് ‘വേട്ടയെ’ ആഘോഷമാക്കിയത്. പേടിമാറ്റാന്‍ സ്വന്തം വീട്ടിലെ സഹായിയായ രംഭ എന്ന സ്ത്രീയാണ് പില്‍ക്കാലത്ത് ‘മഹാത്മാ ഗാന്ധി’യായി മാറിയ ‘മോഹന്‍ദാസ്’ എന്ന കുട്ടിയോട് രാമനാമം ജപിച്ച് കിടക്കാന്‍ പറഞ്ഞത്. എന്നാല്‍ ഗാന്ധിയുടെ പേടി മാറ്റിയ അതേ ‘രാമനാമം’ ഉച്ചരിച്ചാണ് ഗോഡ്സെ ഗാന്ധിജിയെ കൊന്നത്. അതേ ജയ്ശ്രീരാമാണ് ഒരലര്‍ച്ചയായി ബാബരി പള്ളിയിലും ഗുജറാത്തിലും ഒഡീഷയിലും മുസഫര്‍ നഗറിലും, മുഹമ്മദ് അഖ്ലാക് മുതല്‍ അരങ്ങേറിയ ആള്‍ക്കൂട്ട കൊലകളിലും കര്‍ണാടകയിലെ ഹിജാബ് ധരിച്ച സ്വന്തം സഹപാഠിയുടെ മുമ്പിലും ഇടിവെട്ടും വിധമുള്ള അലര്‍ച്ചയായി മാറിയത്. ജോര്‍ജ് ഫ്ളോയിഡിനൊപ്പം തന്നെ ഇന്ത്യക്കാര്‍ മറക്കാന്‍ പാടില്ലാത്ത, ഡല്‍ഹി വംശഹത്യ ഇല്ലാതാക്കിയ ഫൈസാന്‍ മുതല്‍ വംശീയ വെറുപ്പിന്റെ ‘ഇരകള്‍’ നിരവധിയാണ്. ഒരു മുസ്ലിം പേരുണ്ടായിരുന്നില്ലെങ്കില്‍ ഈ പ്രബന്ധം ഞാന്‍ മറ്റൊരു വിധത്തില്‍ എഴുതുമായിരുന്നു എന്ന് താബിഷ് കബീര്‍ എന്നൊരു സാംസ്‌കാരിക പ്രതിഭ ഹിന്ദുപത്രത്തിന്റെ എഡിറ്റ് പേജില്‍ പ്രകടമായി എഴുതുവോളം ‘കാര്യങ്ങള്‍’ വളര്‍ന്നു! അദ്വാനി ജീവചരിത്രത്തില്‍ ‘തിയോക്രാറ്റിക് ചിഹ്ന’മായി കണ്ടെത്തിയത് ദേശീയ പതാകയിലെ, ‘അശോകചക്ര’മാണ്. അറുപത് ലക്ഷത്തിന് കലാപങ്ങള്‍ സംഘടിപ്പിച്ചു കൊടുക്കപ്പെടും എന്ന് പ്രഖ്യാപിച്ചത്, യുവതികള്‍ അടിവസ്ത്രം പാര്‍സല്‍ ചെയ്ത് അയച്ച് ആദരിച്ച കര്‍ണാടക വെറുപ്പുവ്യാപാരി പ്രമോദ് മുത്തലിക്കാണ്. നിരഞ്ജന്‍ ജ്യോതി ഇന്ത്യന്‍ ജനതയെ രാമന്റെ മക്കള്‍ ഹറാം മക്കള്‍ എന്നിങ്ങനെ വിഭജിച്ചതും, പൗരത്വ പീഡനം സഹിക്കാതെ അസമിലെ കവി രഹ്നാ സുല്‍ത്താനക്ക് ‘അമ്മേ ഞാന്‍ മടുത്തു. എന്നെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തി മടുത്തു’ എന്നെഴുതേണ്ടി വന്നതും, സാരെ ജഹാംസെ അഛാ..പാടിയ അല്ലാമ മുഹമ്മദ് ഇഖ്ബാലിനെ ബനാറസ് യൂനിവേഴ്സിറ്റിയിലെ പോസ്റ്ററില്‍ നിന്ന് വെട്ടിമാറ്റിയതും ‘ബുള്ളിബായ്’ പോലുള്ള ക്ഷുദ്ര ആപ്പുകള്‍ മുസ്ലിം സ്ത്രീകളെ ലേലത്തിന് വെച്ചതും സങ്കല്‍പ്പങ്ങള്‍ക്കപ്പുറമുള്ള ആ അസാം ശവനൃത്തവും, നമ്മെ കൊണ്ടുപോകാന്‍ നോക്കുന്നത് ‘സ്വന്തം ആത്മാവിന്റെ അഗാധതയെ വര്‍ധിപ്പിക്കുക എന്നല്ലാതെ മറ്റൊന്നും മൈത്രിയില്‍ തിരയരുത്’ എന്ന് ഖലീല്‍ ജിബ്രാന്‍ സാക്ഷ്യപ്പെടുത്തിയ ആ ‘സൗഹൃദ’ത്തിന്റെ ലോകത്തുനിന്നും, പകയുടെയും വെറുപ്പിന്റെയും ലോകങ്ങളിലേക്കാണ്. പക്ഷേ, അപ്പോഴും വംശഹത്യാനന്തര ഗുജറാത്തിലെ വെറുപ്പൊഴുക്കിനെ പ്രതിരോധിച്ച എത്രയെത്രയോ മനുഷ്യരുണ്ട്. ‘സൈനികമിത്ര പരിവാര്‍’ എന്ന വിമുക്ത ഭടന്മാരുടെ സംഘടനയുടെ നേതാവായ, ആനന്ദ് ഷിറാഫ് അവരിലൊരാള്‍ മാത്രം. സങ്കടപ്പെടുന്ന നീതിയുടെ നിത്യസാന്നിധ്യമായി മാറിയ കുത്തുബുദ്ദീന്‍ അന്‍സാരിയെ ‘പൂനയിലെ’ മനുഷ്യര്‍ക്കു മുമ്പില്‍ വെച്ച് ഹൃദയപൂര്‍വം അഭിവാദ്യം ചെയ്ത ആനന്ദ് ഷിറാഫിനെ പോലുള്ളവര്‍ കൂടിയാണ് ഇന്ത്യ എന്ന്, പിന്നീട് മുറിവേറ്റ അന്‍സാരിമാര്‍ തിരിച്ചറിയുന്നുവെന്നത് മതനിരപേക്ഷതയുടെ കോരിത്തരിപ്പാണ്. പുളകം പകര്‍ന്ന ആ പൂണ സ്വീകരണത്തിനു ശേഷം കുത്തുബുദ്ദീന്‍ അന്‍സാരി പറഞ്ഞു: ഇനിമേല്‍ ഹിന്ദുക്കളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഞാന്‍ നരേന്ദ്ര മോദിയെയോ ബാബു ബജ്റംഗിയെയോ ഓര്‍ക്കില്ല. പകരം ആനന്ദ് ഷിറാഫിനെ. ഇപ്പോള്‍ എന്റെ മനസ്സില്‍ ഇന്ത്യക്കും മതേതരത്വത്തിനും വലിയ സ്ഥാനമാണുള്ളത്. എന്റെ ഉള്ള് ദേശസ്നേഹത്താല്‍ ശരിക്കും തുടിക്കുന്നു. എന്റെ മനസ്സ് മന്ത്രിച്ചു. ഞാന്‍ ഈ നാടിനെ വെറുക്കുന്നില്ല. അഗാധമായി സ്നേഹിക്കുന്നു.

ഗുജറാത്തില്‍ വംശഹത്യ വിജയിച്ചപ്പോള്‍ ഇന്ത്യ നടുങ്ങി. മനുഷ്യരായ മനുഷ്യരാകെ സ്തംഭിച്ചു. പിന്നെ വ്യത്യസ്തമായ പ്രതിഷേധങ്ങളുണ്ടായി. എണ്‍പതുകളില്‍ അസമിലെ നെല്ലിയിലടക്കം നടന്ന വംശഹത്യകളില്‍ നിന്ന് വ്യത്യസ്തമായി കുറ്റവാളികളില്‍ ഒരു വിഭാഗമെങ്കിലും ശിക്ഷ അനുഭവിക്കേണ്ടിവന്നു. ടീസ്ത സെതല്‍വാദ്, ആര്‍ ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട്, ഷബ്നം ഹാഷ്മി, ഹര്‍ഷ് മന്ദിര്‍…..നിരവധി എന്‍ ജി ഒകള്‍, ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ വംശഹത്യക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് മുമ്പില്‍ നിവര്‍ന്നു നിന്നു. കൈകൂപ്പി നിലവിളിക്കുന്ന അന്‍സാരിക്കൊപ്പം പതുക്കെയാണെങ്കിലും മുഷ്ടി ചുരുട്ടി നീതി ആവശ്യപ്പെടുന്ന ഒരു യുവസമൂഹം കൂടി വളര്‍ന്നുവന്നു. അംബേദ്കര്‍ വ്യക്തമാക്കിയ പോലെ ജനാധിപത്യം, ഇന്ത്യന്‍ മണ്ണിന്റെ മേല്‍പാളി മാത്രമാണ്. അടിയിലും മുകളിലുമെല്ലാം ‘ജാതിമേല്‍ക്കോയ്മ’യുടെ അടരുകളാണ്. ഒരിഞ്ച് മേല്‍മണ്ണ് പറന്നുപോകാന്‍ ഒരു മണിക്കൂര്‍ മതി, പക്ഷേ അത് പുനര്‍നിര്‍മിക്കാന്‍ ആയിരം കൊല്ലം വേണമെന്ന് പരിസ്ഥിതി ശാസ്ത്രം. വെറുപ്പ് പടരാന്‍ മിനിട്ടുകള്‍ മതി, എന്നാല്‍ സൗഹൃദം പൂക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് സാമൂഹിക ശാസ്ത്രം. ഗുജറാത്ത് വംശഹത്യ ‘വെറുപ്പ്’ മാതൃഭാഷയാക്കി വ്യത്യസ്ത വേഷങ്ങളില്‍ ജീവിതത്തിലേക്ക് തുടര്‍ച്ചയായി ഇടിച്ചു കയറുന്നതിനെതിരെയുള്ള നിരന്തര പ്രതിരോധമാണ്, ആ വംശഹത്യയുടെ അനുസ്മരണം ആവശ്യപ്പെടുന്നത്.

 

http://www.kenblogonline.wordpress.com/