Connect with us

National

ഹരിയാനയിൽ 350 കിലോ സ്ഫോടകവസ്തുക്കളും എ കെ 47 തോക്കും പിടികൂടി; സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത് ഡൽഹിക്ക് തൊട്ടടുത്ത്

ശ്രീനഗറിൽ ഭീകരസംഘടനയായ ജെയ്‌ഷ്-ഇ-മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ പതിച്ചതിന് ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് ഒരു കശ്മീരി ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്.

Published

|

Last Updated

ന്യൂഡൽഹി | രാജ്യതലസ്ഥാനത്തിന് സമീപത്ത് നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയത് ഞെട്ടലുണ്ടാക്കുന്നു. ഡൽഹിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന, ഹരിയാനയിലെ ഫരീദാബാദിൽ നിന്നാണ് 350 കിലോ സ്ഫോടകവസ്തുക്കളും (അമോണിയം നൈട്രേറ്റ് ആണെന്ന് സംശയം), ഒരു എ കെ 47 അസോൾട്ട് റൈഫിളും ജമ്മു കശ്മീർ പോലീസ് ടീം പിടിച്ചെടുത്തത്. ശ്രീനഗറിൽ ഭീകരസംഘടനയായ ജെയ്‌ഷ്-ഇ-മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ പതിച്ചതിന് ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് ഒരു കശ്മീരി ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്.

ചോദ്യം ചെയ്യലിൽ ഡോ. ആദിൽ അഹമ്മദ് റാഥർ നൽകിയ വിവരങ്ങളെ തുടർന്നാണ് ഫരീദാബാദിലെ ശേഖരം കണ്ടെടുത്തതെന്നാണ് വിവരം. സ്ഫോടകവസ്തുക്കളും ആയുധങ്ങളും മറ്റൊരു ഡോക്ടറായ മുജമ്മിൽ ഷക്കീലിന്റെ പക്കലാണ് സൂക്ഷിച്ചിരുന്നത്. ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയാണ് ഷക്കീൽ. ഫരീദാബാദിലെ അൽ-ഫലാഹ് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

350 കിലോ സ്ഫോടകവസ്തുക്കൾക്കൊപ്പം 20 ടൈമറുകളും ഒരു പിസ്റ്റളും മൂന്ന് മാഗസിനുകളും ഒരു വാക്കി-ടോക്കി സെറ്റും കണ്ടെടുത്തതായി ഫരീദാബാദ് പോലീസ് കമ്മീഷണർ സത്യേന്ദർ കുമാർ ഗുപ്ത അറിയിച്ചു.

ഒക്ടോബർ 27 ന് ശ്രീനഗറിൽ ജെയ്‌ഷ്-ഇ-മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവമാണ് ഈ അന്വേഷണങ്ങൾക്ക് തുടക്കമിട്ടത്. പോസ്റ്റർ പതിക്കുന്നത് ഡോ. റാഥർ ആണെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതോടെ പ്രാദേശിക പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് റാഥറിനെ ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബർ വരെ അനന്ത്‌നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയായിരുന്നു റാഥർ എന്നും പോലീസ് കണ്ടെത്തി.

അനന്ത്‌നാഗിലെ ഇയാളുടെ ലോക്കറിൽ നടത്തിയ തിരച്ചിലിൽ ഒരു അസോൾട്ട് റൈഫിൾ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിൽ റാഥർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫരീദാബാദിൽ നിന്ന് സ്ഫോടകവസ്തുക്കൾ പോലീസ് പിടിച്ചെടുത്തത്. റാഥറിനെതിരെ നേരത്തെ ആയുധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യു എ പി എ.) എന്നിവ പ്രകാരം കേസെടുത്തിരുന്നു.നൽകുന്നതെന്നാണ് വിലയിരുത്തൽ.

തലസ്ഥാനത്തിന് ഇത്രയും അടുത്ത് വൻതോതിൽ സ്ഫോടകവസ്തുക്കൾ ശേഖരിച്ചതിന് പിന്നിലെ പദ്ധതി എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും, കൂടുതൽ വിവരങ്ങൾക്കായി സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇത്രയും വലിയ അളവിലുള്ള സ്ഫോടകവസ്തുക്കൾ തലസ്ഥാനത്തിന് സമീപത്തേക്ക് എങ്ങനെ കണ്ടെത്താതെ എത്തിച്ചുവെന്നും അന്വേഷിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest