Malappuram
12 മണിക്കൂര്‍ ബദര്‍ കിസ്സ പാടിപ്പറയല്‍ ഇന്ന് മഅ്ദിന്‍ കാമ്പസില്‍

മലപ്പുറം | മഅ്ദിന്‍ അക്കാദമിയുടെയും ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്റെയും നേതൃത്വത്തില്‍ റമസാന്‍ പന്ത്രണ്ടായ ഇന്ന് സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ പ്രശസ്തരായ 12 കാഥികരും പിന്നണി ഗായകരും ചേര്‍ന്ന് 12 മണിക്കൂര്‍ ബദര്‍ കിസ്സപ്പാട്ട് പാടിപ്പറയല്‍ സംഘടിപ്പിക്കും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പരിപാടി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ മുഖ്യാതിഥിയാകും. മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തും. കിസ്സപ്പാട്ട് അസ്സോസിയേഷന്‍ പ്രസിഡന്റ് സയ്യിദ് സാലിം തങ്ങള്‍ കാമില്‍ സഖാഫി അധ്യക്ഷത വഹിക്കും.
മഅ്ദിന്‍ അക്കാദമിയില്‍ ഒരുപകല്‍ മുഴുവനും ബദ്‌റിന്റെ യഥാര്‍ഥ ചരിത്രത്തിന് കാതോര്‍ക്കുന്ന സംഗമം വിശ്വാസി സമൂഹത്തിന് നവ്യാനുഭവമാകും. മുഴു സമയവും മഅ്ദിന്‍ യൂട്യൂബ് ചാനലില്‍ തത്സമയ സംപ്രേഷണവും നടത്തും. പണ്ടുകാലങ്ങളില്‍ പഴയ തലമുറ പുതിയ തലമുറയിലേക്ക് ചരിത്രകൈമാറ്റം നടത്തിയിരുന്നത് ഇത്തരം പരിപാടികളിലൂടെയായിരുന്നു. കിസ്സപ്പാട്ടിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക വഴി കൂടുതല്‍ പേരെ ആകര്‍ഷിപ്പിക്കുന്നതിനും റമസാന്‍ 17 ന് നടന്ന ബദര്‍ സമരത്തെ അനുസ്മരിക്കുന്നതിനുമാണ് പ്രസ്തുത പരിപാടി. മഹാകവി മോയിന്‍കുട്ടി വൈദ്യരടക്കമുള്ള പൂര്‍വ കവികള്‍ ഇസ്‌ലാമിക ചരിത്രങ്ങളെയും പോരാട്ടങ്ങളെയും പ്രമേയമാക്കി അറബി മലയാള സാഹിത്യത്തില്‍ രചിച്ച കിസ്സപ്പാട്ടിന് പ്രമുഖര്‍ നേതൃത്വം നല്‍കും. പരിപാടിയില്‍ സംബന്ധിക്കുന്നതിന് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക സൗകര്യങ്ങളും ഇഫ്താറിനുള്ള വിപുലമായ സൗകര്യങ്ങളും ഒരുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9633158822.