Connect with us

mall millioniaire

മാൾ മില്യനയർ നറുക്കെടുപ്പിൽ തമിഴ്നാട് സ്വദേശിക്ക് 10 ലക്ഷം ദിർഹം സമ്മാനം

14 വർഷമായി അബൂദബിയിൽ കഴിയുന്ന ദമ്പതികൾ ലുലുവിൽ നിന്നാണ് സ്ഥിരമായി സാധനങ്ങൾ വാങ്ങിയിരുന്നത്.

Published

|

Last Updated

അബൂദബി |  മാൾ മില്യനയർ നറുക്കെടുപ്പിൽ 10 ലക്ഷം ദിർഹമിന്റെ സമ്മാനം ലഭിച്ചത് ഇന്ത്യക്കാരിക്ക്. തമിഴ്നാട്ടുകാരിയായ സെൽവറാണി ഡാനിയൽ ജോസഫാണ് മാൾ മില്യനയറിലൂടെ കോടിപതിയായത്. അവധിക്കു നാട്ടിൽ പോയ സെൽവറാണിയെ സമ്മാനവിവരം അറിയിക്കാൻ അധികൃതർ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. കഴിഞ്ഞയാഴ്ച സെൽവറാണിക്ക് മാളിൽ നിന്നു കിട്ടിയ 80 കൂപ്പണുകളിലൊന്നിനാണ് പത്തുലക്ഷം ദിർഹം സമ്മാനമടിച്ചത്. കൂപ്പണുകൾ വാങ്ങിയപ്പോൾ ഭാര്യയുടെ നമ്പരായിരുന്നു നൽകിയിരുന്നതെന്നും അവർ നാട്ടിൽ പോയപ്പോൾ യു എ ഇ സിം മാറ്റിയതിനാലാണ് ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതെന്നും ഭർത്താവ് അരുൾശേഖർ ആന്റണി സാമി പറഞ്ഞു.

വിളിച്ചുകിട്ടാതായതോടെ മാൾ അധികൃതർ വാട്സ്ആപ്പ് സന്ദേശമയച്ചതോടെയാണ് സെൽവറാണി വിവരമറിയുന്നത്. തുടർന്ന് ഇവർ അബൂദബിയിലുള്ള ഭർത്താവിനെ വിവരം അറിയിക്കുകയായിരുന്നു. സമ്മാനവിവരം അറിയിച്ച ആദ്യസമയം തട്ടിപ്പാണെന്നാണ് സെൽവറാണി കരുതിയത്. തുടർന്ന് വിശദവിവരങ്ങൾ നൽകിയതോടെയാണ് അവർക്ക് വിശ്വാസമായത്. സെൽവറാണിയും മക്കളും നാട്ടിലായതിനാൽ അരുൾശേഖറാണ് സമ്മാനം കൈപ്പറ്റിയത്. 14 വർഷമായി അബൂദബിയിൽ കഴിയുന്ന ദമ്പതികൾ ലുലുവിൽ നിന്നാണ് സ്ഥിരമായി സാധനങ്ങൾ വാങ്ങിയിരുന്നത്. അബൂദബി സിറ്റിയിലെ ടിസിഎയിലായിരുന്നു ആറുവർഷമെന്നും ഈ സമയങ്ങളിൽ അൽ വഹ്ദ മാളിലും പിന്നീട് മുസ്സഫയിലേക്ക് മാറിയതോടെ മയ്സാദ് മാളിലുമാണ് തങ്ങൾ സ്ഥിരമായി പോവുന്നതെന്നും അരുൾ ശേഖർ പറഞ്ഞു.

ഇരുവരുടെയും മകൻ തമിഴ്നാട്ടിൽ എൻജിനീയറിംഗിനും മകൾ പ്ലസ് ടുവിനുമാണ് പഠിക്കുന്നത്. മക്കളുടെ പഠനത്തിനായി പണം ചെലവഴിക്കുമെന്നു പറഞ്ഞ അരുൾശേഖർ മകളെ എം ബി ബി എസിനു ചേർക്കാൻ പണം സഹായകമാവുമെന്നും വ്യക്തമാക്കി. പാവപ്പെട്ടവരെ സഹായിക്കാനും പണം ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മാൾ മില്യനയർ ലുലു വീണ്ടും തുടങ്ങിയത്. മെഗാ പ്രൈസ് കൂടാതെ ലുലു ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ 25,000 ദിർഹവും സമ്മാനമായി നൽകുന്നുണ്ട്. അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പിന്റെ റീട്ടെയിൽ പ്ലാറ്റ്ഫോം ആയ റീട്ടെയിൽ അബൂദബിയുമായി സഹകരിച്ചാണ് ലുലു മാൾ മില്യനയർ സമ്മാനപദ്ധതി നടപ്പാക്കുന്നത്.

Latest