Connect with us

National

തെലങ്കാന സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളോട് അണിചേരാന്‍ ആവിശ്യപ്പെട്ട് വൈ എസ് ശര്‍മിള

സംസ്ഥാനത്ത് പ്രഗതി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനും നിർദേശം

Published

|

Last Updated

ഹൈദരാബാദ്|ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് തെലങ്കാന സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളോട് അണിചേരാന്‍ ആവിശ്യപ്പെട്ട് വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി മേധാവി വൈ എസ് ശര്‍മിള. കോണ്‍ഗ്രസ് നേതാവ് രേവന്ത് റെഡ്ഡിയോടും ബിജെപി നേതാവ് ബന്ദി സഞ്ജയിനോടുമാണ് ശര്‍മിള അഭ്യര്‍ത്ഥിച്ചത്.

കൂടാതെ കെ സി ആര്‍ നേതൃത്വത്തിലുള്ള തെലങ്കാന സര്‍ക്കാരിനെതിരെ വലിയതോതില്‍ പ്രതിഷേധിക്കാന്‍ വൈഎസ്ആര്‍ടിപി നേതാവ് ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് പ്രഗതി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനും അവര്‍ നിര്‍ദ്ദേശിച്ചു.

തൊഴിലില്ലാത്ത, വിദ്യാസമ്പന്നരായ യുവാക്കളുടെ ജീവിതം കൊണ്ട് കളിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ പോരാടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് സംയുക്ത കര്‍മ്മ പദ്ധതി തയ്യാറാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.നമുക്ക് ഒരുമിച്ച് പ്രഗതി ഭവനിലേക്ക് മാര്‍ച്ച് ചെയാം. അതിലൂടെ കെസിആറിനെ പ്രതിക്കൂട്ടില്‍ കൊണ്ടുവരാമെന്നും വൈഎസ്ആര്‍ടിപി നേതാവ് പറഞ്ഞു.

ബന്ദി സഞ്ജയ് പിന്തുണ നല്‍കിയതായും കാണാമെന്ന് ഉറപ്പുനല്‍കിയതായും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തൊഴിലില്ലാത്തവര്‍ക്കായി പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ത്ത് പോരാടേണ്ടതിന്റെ ആവശ്യകത രേവന്തിനും തോന്നിയെന്നും ശര്‍മിള പറഞ്ഞു.

വെള്ളിയാഴ്ച ഹൈദരാബാദിലെ തെലങ്കാന സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ടിഎസ്പിഎസ്സി) ഓഫീസിന് പുറത്ത് നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് വൈഎസ്ആര്‍ടിപി മേധാവി വൈ എസ് ശര്‍മിളയെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ശര്‍മിളയുടെ പ്രതിഷേധം.