pinarayi
യൂത്ത് കോണ്‍ഗ്രസിനെ അവരുടെ പ്രതാപകാലത്തു പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോള്‍: മുഖ്യമന്ത്രി
ഞാന്‍ മഹാരാജാവല്ല, ഞങ്ങള്‍ ജനങ്ങളുടെ ദാസന്‍മാരാണെന്നും പിണറായി

തിരുവനന്തപുരം | യൂത്ത് കോണ്‍ഗ്രസിനെ അവരുടെ പ്രതാപകാലത്തു പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോള്‍ എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭീരുവായ മുഖ്യമന്ത്രി എന്ന വി ഡി സതീശന്റെ പ്രസ്താവനക്കു മറുപടി പറയുകയായിരുന്നു പിണറായി.
തനിക്ക് സതീശന്റെ അത്ര ധൈര്യമില്ലെന്ന് പരിഹാസ രൂപേണ പറഞ്ഞ മുഖ്യമന്ത്രി, തനിക്ക് ഭയമുണ്ടോ എന്ന് കെ പി സി സി പ്രസിഡന്റ് സുധാകരനോടു ചോദിച്ചാല്‍ അറിയാമെന്നും കൂട്ടിച്ചേര്‍ത്തു. നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രി എന്നാണ് സതീശന്‍ ചോദിക്കുന്നത്. ഏത് കാര്യത്തിനാണ് താന്‍ നാണിക്കേണ്ടത്.
പൊതുപ്രവര്‍ത്തന രംഗത്ത് തനിക്ക് പോകേണ്ട സ്ഥലങ്ങളില്‍ ഒക്കെ താന്‍ പോയിട്ടുണ്ട്. അതൊന്നും പോലീസ് സംരക്ഷണത്തില്‍ പോയതല്ല. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ പോയതാണ്. തനിക്ക് ഭയമുണ്ടോ എന്ന് കെ പി സി സി പ്രസിഡന്റിനോട് ചോദിച്ചാല്‍ അറിയാം. തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട്.
തന്നെ രാജാവെന്നാണ് സതീശന്‍ വിളിക്കുന്നത്. ഞാന്‍ ഏതെങ്കിലും വിഭാഗത്തിന്റെ മഹാരാജാവല്ല, ഞങ്ങള്‍ ജനങ്ങളുടെ ദാസന്‍മാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ഭരണം ഞങ്ങള്‍ക്ക് ജനം തന്നതില്‍ കോണ്‍ഗ്രസിന് കലിപ്പുണ്ടാകും. 2021ലെ തെരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പിയുമായി കോണ്‍ഗ്രസ് ഒത്തുകളിച്ചുവെന്നും ആരോപിച്ചു.
കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷത്തെ തകര്‍ക്കാന്‍ പലതരം അജണ്ട നടക്കുന്നുണ്ട്. ഗവര്‍ണര്‍ തന്നെ അത് തുടങ്ങി വച്ചു. അതിനെ കോണ്‍ഗ്രസ് അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.