Connect with us

judiciary

യുവര്‍ ഓണര്‍, അതൊരു കേവല മാധ്യമ വിചാരണയല്ല

നീതിന്യായ സംവിധാനത്തിന്റെ പ്രാഥമിക ഉത്തരവാദിത്വത്തെ സ്വാധീനിക്കും വിധത്തില്‍, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളില്‍ വിധിപ്രസ്താവം നടത്തും വിധത്തില്‍ ടെലിവിഷന്‍ ചാനലുകളും സാമൂഹിക മാധ്യമങ്ങളും പെരുമാറുന്നുവെന്ന് വിമര്‍ശിക്കുമ്പോള്‍ അതില്‍ നിന്ന് മാറിനില്‍ക്കാന്‍ പാകത്തില്‍ വിശ്വാസ്യത ഉറപ്പാക്കുന്നുണ്ടോ നീതിപീഠങ്ങളെന്ന ചോദ്യവും നിഷ്പക്ഷമായി ന്യായാധിപന്‍മാര്‍ വിശകലനം ചെയ്യേണ്ടതുണ്ട്.

Published

|

Last Updated

ന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് സത്യവ്രത സിന്‍ഹയുടെ സ്മരണാര്‍ഥമുള്ള ആദ്യ പ്രഭാഷണം നടത്തിക്കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ നടത്തിയ മാധ്യമ വിമര്‍ശനം, ഇലക്‌ട്രോണിക് മാധ്യമങ്ങളെയും സാമൂഹിക മാധ്യമങ്ങളെയും കുറിച്ച് സവിശേഷമായി, രാജ്യം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ – സാമൂഹിക സാഹചര്യങ്ങളില്‍ ഏറെ പ്രധാനമാണ്. അവിഭക്ത ആന്ധ്രാപ്രദേശില്‍ ജനിച്ച്, അവിടുത്തെ ഹൈക്കോടതിയില്‍ ജഡ്ജായി, പിന്നീട് ഡല്‍ഹി ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച ശേഷം സുപ്രീം കോടതിയിലേക്ക് നിയോഗിക്കപ്പെട്ട ജസ്റ്റിസ് എന്‍ വി രമണ, അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ വന്നതോ സഹ ജഡ്ജിമാരാലോ മുതിര്‍ന്ന അഭിഭാഷകരാലോ പരാമര്‍ശിക്കപ്പെട്ടതോ ആയ “മാധ്യമ വിചാരണ’കളുടെ പശ്ചാത്തലത്തില്‍ നിന്നായിരിക്കണം സംസാരിച്ചിട്ടുണ്ടാകുക. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളില്‍ നരേന്ദ്ര മോദിയും അമിത് ഷായും സജീവമായതിന് ശേഷം രാജ്യത്തെ മാധ്യമങ്ങളുടെ പ്രവര്‍ത്തന രീതികളിലുണ്ടായ മാറ്റവും തീവ്ര ഹിന്ദുത്വ അജന്‍ഡകളുടെ നടപ്പാക്കല്‍ വേഗം കൂട്ടാന്‍ പാകത്തിലുള്ള ശബ്ദഘോഷങ്ങളും ആ വേഗത്തിന് ചെറുവിഘാതമാകും വിധത്തില്‍ നീതിപീഠം ചലിച്ചാലുണ്ടാകുന്ന വിമര്‍ശനങ്ങളുമൊക്കെയാകണം ജസ്റ്റിസ് എന്‍ വി രമണയുടെ കുറ്റപ്പെടുത്തലിന് പിന്നിലെന്ന് കരുതാം. ചീഫ് ജസ്റ്റിസ് പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന കാലത്ത്, ജന്മനാട്ടില്‍ നിന്നുയര്‍ന്ന ആരോപണങ്ങളും കാരണമായിട്ടുണ്ടാകും. രണ്ടായാലും ഗൗരവമായ പരിഗണന അര്‍ഹിക്കുന്നതാണ് ചീഫ് ജസ്റ്റിസിന്റെ വാക്കുകളെന്ന് നിസ്സംശയം പറയാം.

ജസ്റ്റിസ് എന്‍ വി രമണ ഉയര്‍ത്തുന്ന വിമര്‍ശനം മലയാളികളെ സംബന്ധിച്ച് അത്ര പുതുമയുള്ളതല്ല. അര്‍ഹിക്കുന്നതിലധികം വലിപ്പവും ഗൗരവവും നല്‍കി, കൃത്യമായ അജന്‍ഡകളോടെ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം മലയാളത്തില്‍ നേരത്തേ തന്നെ ഉയര്‍ന്നതാണ്. ആ ആരോപണം ശക്തമായി നിലനില്‍ക്കെത്തന്നെ, അതേ പാതയില്‍ ചരിക്കാന്‍ മാധ്യമങ്ങള്‍ മടിക്കാറുമില്ല. സാമൂഹിക മാധ്യമങ്ങള്‍ ശക്തമായ സാന്നിധ്യമാകുകയും ഓരോ വ്യക്തിയും സ്വയം വാര്‍ത്താ സ്രോതസ്സോ വിമര്‍ശകനോ ആയി മാറുകയും ചെയ്തതോടെ അജന്‍ഡകളെ നിര്‍ണയിക്കലോ പ്രോത്സാഹിപ്പിക്കലോ അത്രയേറെ വിഷമമുള്ള സംഗതിയല്ലാതായി മാറുകയും ചെയ്തു. വസ്തുതകളുടെ പിന്‍ബലം ഉണ്ടോ ഇല്ലയോ എന്നതൊന്നും അജന്‍ഡകളുടെ മുന്നോട്ടുപോക്കിന് തടസ്സമായിട്ടില്ല. ആരോപണവിധേയന് പറയാനുള്ളത് എന്തെന്ന് കേള്‍ക്കുക എന്ന സാമാന്യ മര്യാദ പലപ്പോഴും ദൃശ്യമാകാറുമില്ല. സംഘ്പരിവാര്‍ അജന്‍ഡയുടെ നേരിട്ടുള്ള വ്യവഹാരം കമ്പോളത്തിലെ മത്സരത്തിന് വിഘാതമാകുമെന്നതിനാല്‍, മതനിരപേക്ഷ ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ സംവിധാനങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കി സംഘ് അജന്‍ഡ പരോക്ഷമായി നടപ്പാക്കിക്കൊടുക്കുക എന്നത് തന്ത്രമായി സ്വീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന സംശയം ചില മാധ്യമങ്ങളെക്കുറിച്ച് ചില കോണുകളില്‍ നിന്നെങ്കിലും ഉയരുകയും ചെയ്യുന്നുണ്ട്. നിലവാരത്തെക്കുറിച്ച് ഭിന്നാഭിപ്രായമുണ്ടാകാമെങ്കിലും ശക്തമായ ഓഡിറ്റിംഗ് സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നുവെന്നത് മാത്രമാണ്, കേരളത്തെ സംബന്ധിച്ച് വേറിട്ട് നില്‍ക്കുന്നത്. സംഘ്പരിവാര നിര്‍മിതമായ വ്യാജങ്ങളുടെ നിര്‍വിഘ്‌നമുള്ള കുത്തൊഴുക്കിന് ഇപ്പോഴും അവസരം നല്‍കുന്നില്ല ഈ ഓഡിറ്റിംഗ് എന്ന് ചുരുക്കം. ചീഫ് ജസ്റ്റിസ് വ്യവഹരിക്കുന്ന മാധ്യമ മേഖല ഏതാണ്ട് പൂര്‍ണമായും സംഘ്പരിവാരത്തിന്റെ വ്യാജ നിര്‍മിതികളാല്‍ നിയന്ത്രിക്കപ്പെടുന്നതുകൊണ്ട് ആ വിമര്‍ശനം ഏറെയും ലക്ഷ്യമിടുന്നത് വ്യാജങ്ങളുടെ പ്രചാരകരെയും വ്യാജങ്ങളെ വസ്തുതകളാക്കും വിധത്തില്‍ മാധ്യമവേദി ഉപയോഗപ്പെടുത്തുന്നവരെയുമാകും. അതുകൊണ്ടാണ് ആ വിമര്‍ശനം ഗൗരവമുള്ള പരിഗണന അര്‍ഹിക്കുന്നുവെന്ന് പറഞ്ഞത്.

അതങ്ങനെയായിരിക്കെത്തന്നെ, നീതിന്യായ സംവിധാനത്തിന്റെ പ്രാഥമിക ഉത്തരവാദിത്വത്തെ സ്വാധീനിക്കും വിധത്തില്‍, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളില്‍ വിധിപ്രസ്താവം നടത്തും വിധത്തില്‍ ടെലിവിഷന്‍ ചാനലുകളും സാമൂഹിക മാധ്യമങ്ങളും പെരുമാറുന്നുവെന്ന് വിമര്‍ശിക്കുമ്പോള്‍ അതില്‍ നിന്ന് മാറിനില്‍ക്കാന്‍ പാകത്തില്‍ വിശ്വാസ്യത ഉറപ്പാക്കുന്നുണ്ടോ നീതിപീഠങ്ങളെന്ന ചോദ്യവും നിഷ്പക്ഷമായി ന്യായാധിപന്‍മാര്‍ വിശകലനം ചെയ്യേണ്ടതുണ്ട്. മാധ്യമങ്ങളെ വിമര്‍ശിച്ച പ്രഭാഷണത്തില്‍ ന്യായാധിപന്‍മാര്‍ സമൂഹവുമായുള്ള ബന്ധം നിലനിര്‍ത്തിയും ജനങ്ങളുടെ പ്രയാസങ്ങളും സാമൂഹിക യാഥാര്‍ഥ്യങ്ങളും കണക്കിലെടുത്തും വേണം നീതിനിര്‍വഹണം നടത്താനെന്ന് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞുവെക്കുന്നുണ്ട്. ജഡ്ജിമാര്‍, പല പ്രശ്‌നങ്ങളിലും അവസാന തീര്‍പ്പ് കല്‍പ്പിക്കുന്ന സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ പ്രത്യേകിച്ചും, അനുഭവിക്കുന്ന മാനസിക സംഘര്‍ഷം ചെറുതല്ലാതിരിക്കെ തന്നെ സമകാലിക സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ എത്രത്തോളം പരിഗണിക്കപ്പെടുന്നുണ്ട് എന്ന ചോദ്യം പ്രസക്തമാണ്. ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ അനധികൃതമെന്ന പേരില്‍ കൂരകളും വഴിയോര കച്ചവട സ്ഥാപനങ്ങളും ഇടിച്ചു നിരത്തപ്പെട്ടപ്പോള്‍ നിയമപരമായ നടപടി ക്രമങ്ങളെക്കുറിച്ച് ഓര്‍മിപ്പിച്ച അതേ നീതിപീഠമാണ് ഉത്തര്‍ പ്രദേശില്‍ ബുള്‍ഡോസറുകള്‍ പാഞ്ഞുനടന്നപ്പോള്‍ എല്ലാ ഇടിച്ചു നിരത്തലുകളെയും ഒരേതരത്തില്‍ കാണാനാകില്ലെന്ന് പറഞ്ഞ് കൈ കഴുകിയത്. ഇടിച്ചു നിരത്തലുകള്‍ നിയമപരമായ നടപടി ക്രമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്ന് ഓര്‍മിപ്പിക്കാനോ രണ്ട് ദശകത്തോളമായി നികുതി ഒടുക്കിക്കൊണ്ടിരിക്കുന്ന കെട്ടിടം ഏത് വിധത്തിലാണ് നിയമവിരുദ്ധ നിര്‍മാണമായി മാറുന്നതെന്ന് ചോദിക്കാനോ പരമോന്നത നീതിപീഠത്തിന് സാധിച്ചില്ലെന്നത് രാജ്യത്തിന് മുന്നിലുണ്ട്.

പ്രവാചകവിരുദ്ധ പരാമര്‍ശം നടത്തി, മതവിദ്വേഷം വളര്‍ത്താന്‍ പാകത്തില്‍ പ്രവര്‍ത്തിച്ച ബി ജെ പിയുടെ ദേശീയ വക്താവ് നടപടി ക്രമങ്ങളുടെ ഭാഗമായുള്ള അറസ്റ്റ് രേഖപ്പെടുത്തലിന് പോലും വിധേയമാകാതിരിക്കെ, വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ട്വീറ്റ്, മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ആള്‍ട്ട് ന്യൂസ് സ്ഥാപകരിലൊരാളായ മുഹമ്മദ് സുബൈര്‍ അറസ്റ്റിലാകുന്നു. ആദ്യ അറസ്റ്റിന് തൊട്ടുപിറകെ പല കേസുകളില്‍ കുറ്റാരോപിതനാക്കി അറസ്റ്റ് രേഖപ്പെടുത്തി അഴിക്കുള്ളില്‍ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ഭരണകൂടം ശ്രമിക്കുന്നു. പകല്‍ പോലെ ഏവര്‍ക്കും മനസ്സിലാകുന്ന ഈ വൈരുധ്യാധിഷ്ഠിത യാഥാര്‍ഥ്യം മുന്നില്‍ നില്‍ക്കെ, ഭരണഘടനാ വ്യവസ്ഥകള്‍ അനുസരിക്കപ്പെടേണ്ട രാജ്യത്ത് എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന്ന നേരിട്ടുള്ള ചോദ്യം ഉന്നയിക്കാതിരിക്കാനുള്ള “ഔചിത്യം’ നീതിപീഠം പുലര്‍ത്തുന്നുണ്ട്. ആ ഔചിത്യം, ഭരണഘടനയനുസരിച്ച് തന്നെ മതനിരപേക്ഷ ജനാധിപത്യമായിരിക്കേണ്ട രാജ്യത്തെ ഏത് വിധത്തിലാണ് അട്ടിമറിക്കുന്നത് എന്ന് നീതിപീഠങ്ങള്‍ ആലോചിക്കുന്നുണ്ടോ എന്ന സംശയം ഉയരുക തന്നെ ചെയ്യും. ആ സംശയം ഉയരുന്നതും അത് പരസ്യമായി ഉയര്‍ത്തുന്നതും ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന് ചിന്തിക്കുന്ന പൗരന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. ആ ഉത്തരവാദിത്വത്തിന്റെ പ്രതിഫലനം വ്യവസ്ഥാപിത മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലുമുണ്ടാകുന്നുണ്ടെങ്കില്‍ അത് ചീഫ് ജസ്റ്റിസ് പറയുന്ന മാധ്യമ വിചാരണയല്ല, മറിച്ച് സ്വന്തം ഉത്തരവാദിത്വങ്ങളെക്കുറിച്ച് നീതിപീഠത്തെ ഉള്‍പ്പെടെ ഓര്‍മിപ്പിക്കാനുള്ള ശ്രമമാണ്.

പൗരാവകാശങ്ങളെക്കുറിച്ച്, മതനിരപേക്ഷ ജനാധിപത്യത്തെക്കുറിച്ച്, ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച്, നിയമവാഴ്ചയുറപ്പാക്കേണ്ടതിനെക്കുറിച്ച് ഒക്കെ മൂര്‍ച്ചയുള്ള വാക്കുകളില്‍ നിരീക്ഷണങ്ങള്‍ നടത്തുന്ന ന്യായാസനങ്ങള്‍ അന്തിമ വിധി പുറപ്പെടുവിക്കുമ്പോള്‍ ഭരണകൂട ഇംഗിതങ്ങള്‍ സാധിച്ചുകൊടുക്കുന്നുവോ എന്ന സംശയം ബലപ്പെട്ടുനില്‍ക്കുന്നുണ്ട്. ഭരണഘടനാ വ്യവസ്ഥകളെ നിരങ്കുശം അട്ടിമറിക്കുന്ന ഭരണകൂടത്തില്‍ ജനത്തിന് വിശ്വാസം നഷ്ടപ്പെടുമ്പോള്‍ അവരുടെ മുന്നില്‍ പ്രതീക്ഷയുടെ വാഗ്മയം സൃഷ്ടിച്ച്, ആ മരീചിക കൊണ്ട് അവരെ മയക്കുകയാണോ നീതിന്യായ സംവിധാനമെന്ന സംശയവും. തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമ പരാതി സ്വയം പരിഗണിച്ച് തീര്‍പ്പുണ്ടാക്കാന്‍ മടിക്കാത്ത ന്യായാധിപന്‍, ഭരിക്കുന്ന പാര്‍ട്ടിക്ക് ഉപയോഗിക്കാന്‍ അവസരമുള്ള കേസുകള്‍ താരതമ്യേന ജൂനിയറായ ജഡ്ജി അധ്യക്ഷനായ ബഞ്ചിന് കൈമാറി രാഷ്ട്രീയ ദൗത്യം നിറവേറ്റിക്കൊടുത്ത ന്യായാധിപന്‍, നീതിന്യായ വിചാര കാലത്ത് തീവ്രപക്ഷത്തേക്ക് ചാഞ്ഞിരുന്നതിന്റെ പ്രതിഫലമെന്നോണം, വിരമിച്ച ശേഷം ഭരണകൂടത്തിന്റെ ഔദാര്യമായ സ്ഥാനങ്ങള്‍ കൈപ്പറ്റിയവര്‍ അങ്ങനെ പലതുണ്ട് സമകാലിക ചരിത്രത്തില്‍. അതൊക്കെ ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍, അതൊരു കേവലമായ മാധ്യമ വിചാരണയല്ല.

സംഘ്പരിവാരത്തിന്റെ അജന്‍ഡകള്‍ക്ക് പൊതു സ്വീകാര്യതയുണ്ടാക്കാന്‍ പാകത്തില്‍ മാധ്യമക്കോടതികള്‍ പ്രവര്‍ത്തിക്കുമ്പോള്‍, അവക്ക് നിയമ സാധുതയോ ഭരണഘടനാ സാധുതയോ നല്‍കും വിധത്തില്‍ ന്യായാസനങ്ങളും പ്രവര്‍ത്തിക്കുന്നുവെന്നത് കാണാതിരുന്നുകൂടാ. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ വിമര്‍ശങ്ങളെ അതിന്റെ സത്തയില്‍ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ, കെട്ടകാലത്തെ നീതിന്യായ നിര്‍വഹണം അതിലര്‍പ്പിതമായ ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റും വിധത്തിലാണോ എന്ന പരിശോധന കൂടി അനിവാര്യമാണ്. അതിന് കഴിയുന്ന ന്യായാധിപന്‍മാരില്‍ അവസാനത്തെ കണ്ണികളിലൊന്നാകും ജസ്റ്റിസ് എന്‍ വി രമണയെപ്പോലുള്ളവര്‍.

Latest