Kerala
യുവതിയെ ശല്യം ചെയ്തു, വീട്ടില്‍ കയറി ഉപദ്രവിച്ചു; യുവാവ് അറസ്റ്റില്‍
പാലക്കാട് വടക്കാന്‍ചേരി കണ്ടപ്പാടം ശാരദ ഭവനില്‍ ബാലു എന്ന കെ സതീശന്‍ (37) ആണ് പന്തളം പോലീസിന്റെ പിടിയിലായത്.

പന്തളം | കുടുംബമായി താമസിക്കുന്ന യുവതിയെ പിന്തുടര്‍ന്നു ശല്യം ചെയ്യുകയും വീട്ടില്‍ കയറി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പാലക്കാട് വടക്കാന്‍ചേരി കണ്ടപ്പാടം ശാരദ ഭവനില്‍ ബാലു എന്ന കെ സതീശന്‍ (37) ആണ് പന്തളം പോലീസിന്റെ പിടിയിലായത്. മുമ്പ് പരിചയമുള്ള നൂറനാട് സ്വദേശിനി 33 കാരിയെയാണ് ഇയാള്‍ നിരന്തരം ശല്യം ചെയ്തുവന്നത്. പന്തളത്ത് ഭര്‍ത്താവും മക്കളുമൊത്ത് വാടകയ്ക്ക് താമസിക്കുകയാണ് യുവതി.
പ്രതി പന്തളം കെ എസ് ആര്‍ ടി സിക്കു സമീപമുള്ള ശ്രീകൃഷ്ണ ഹോട്ടലിലെ ജോലിക്കാരനാണ്. ഫോണ്‍ കാള്‍ ചെയ്യരുതെന്നും കാണാന്‍ ശ്രമിക്കരുതെന്നും യുവതി ഇയാളെ വിലക്കിയിരുന്നതാണ്. ഇത് വകവെയ്ക്കാതെ പ്രതി ഫോണില്‍ വിളിക്കുന്നതും ഇവര്‍ ജോലിക്ക് പോകുന്ന വഴിയില്‍ കാത്തുനിന്ന് ശല്യപ്പെടുത്തുന്നതും തുടര്‍ന്നു.
ഇന്നലെ രാത്രി വീട്ടില്‍ എത്തിയ ഇയാള്‍ കൂടെ ചെല്ലണമെന്നും അല്ലാത്തപക്ഷം ജീവിക്കാന്‍ സമ്മതിക്കില്ലെന്നും ഭര്‍ത്താവിനോട് വിവരങ്ങള്‍ അറിയിക്കുമെന്നും പറഞ്ഞ് ബഹളമുണ്ടാക്കി. യുവതി പോലീസിനെ വിളിക്കുമെന്നു കണ്ടപ്പോള്‍ ഇറങ്ങിപ്പോയ യുവാവ്, അര മണിക്കൂറിനുശേഷം കത്തിയുമായി എത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് ഐമാരായ അനീഷ് എബ്രഹാം, വി വിനോദ് കുമാര്‍, എസ് സി പി ഒ. ജലജ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.