International
ട്രംപിന്റെയും ഇസ്‌റാഈല്‍ സൈന്യത്തിന്റെയും ക്ഷേമം; പ്രാര്‍ഥനയുമായി നെതന്യാഹു വെസ്റ്റേണ്‍ വാളില്‍
നടത്തിയത് ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് നന്ദി പറഞ്ഞുള്ള പ്രാര്‍ഥന

ടെല്‍ അവീവ് | ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് നന്ദി പറഞ്ഞുള്ള പ്രാര്‍ഥനയുമായി ഇസ്‌റാഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജെറുസലേമിലെ വെസ്റ്റേണ്‍വാള്‍ സന്ദര്‍ശിച്ചായിരുന്നു നെതന്യാഹുവിന്റെയും ഭാര്യ സാറയുടെയും പ്രാര്‍ഥന.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇരുവരും വെസ്റ്റേണ്‍ വാള്‍ സന്ദര്‍ശിച്ചത്. വെസ്റ്റേണ്‍ വാളിലെ പുരോഹിതനും വെസ്റ്റേണ്‍ വാള്‍ ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ മോര്‍ദെഖയ് എലിയാവും ഈ സമയത്ത് ഇവിടെ സന്നിഹിതരായിരുന്നു. ‘അത്ഭുതങ്ങള്‍ക്ക് ദൈവത്തിന് നന്ദി’ എന്നാണ് നെതന്യാഹു പറഞ്ഞതെന്നും യു എസ് പ്രസിഡന്റിന്റെയും ഇസ്‌റാഈല്‍ പ്രതിരോധ സേനയുടെയും ക്ഷേമത്തിനായി അദ്ദേഹം പ്രത്യേക പ്രാര്‍ഥന നടത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ജറുസലേമിലെ പുരാതന ദേവാലയത്തിന്റെ മതില്‍ക്കെട്ടിന്റെ ഭാഗമാണ് വെസ്റ്റേണ്‍ വാള്‍. ‘വിലാപമതില്‍’, എന്നും ഇത് അറിയപ്പെടുന്നു. റോമന്‍ ആക്രമണകാരികള്‍ ഈ മതില്‍ തകര്‍ത്തിരുന്നു. യഹൂദ മതാനുയായികള്‍ തങ്ങളുടെ പുണ്യതീര്‍ഥാടന സ്ഥാനമായ ഈ മതിലിനു മുന്നില്‍ പ്രാര്‍ഥിക്കാനും യാതനകളെച്ചൊല്ലി കരയാനും ഒത്തുകൂടുന്നു.