Uae
യു എ ഇയില്‍ ശക്തമായ മഴ തുടരുന്നു; ജാഗ്രതാ നിര്‍ദേശം
വിവിധയിടങ്ങളില്‍ ഓറഞ്ച് ജാഗ്രത. പൊടി നിറഞ്ഞ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കാഴ്ചപരിധി കുറഞ്ഞേക്കും. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യത.
ഷാര്‍ജ | യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മഴ പെയ്തു. അബൂദബി, ദുബൈ, ഷാര്‍ജ, റാസ് അല്‍ ഖൈമ ഉള്‍പ്പെടെയുള്ള എമിറേറ്റുകളില്‍ വിവിധ തീവ്രതയിലുള്ള മഴ ലഭിച്ചു. അബൂദബി നഗരത്തില്‍ സാമാന്യം നല്ല മഴയാണ് പെയ്തത്. വിവിധയിടങ്ങളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധയിടങ്ങളില്‍ മഴ പെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ പങ്കുവെച്ചു.
പൊടി നിറഞ്ഞ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കാഴ്ചപരിധി കുറഞ്ഞേക്കും. അതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷിതമായ അകലം പാലിച്ച് വാഹനങ്ങള്‍ ഓടിക്കണം.
കടലില്‍ പോകുന്നവരും വിനോദസഞ്ചാരികളും കാലാവസ്ഥാ നിര്‍ദേശങ്ങള്‍ പാലിക്കണം. മഴമേഘങ്ങള്‍ രൂപപ്പെടുന്നതിന്റെ ഫലമായി ഇന്നും ചിലയിടങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. അസ്ഥിരമായ കാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്തിന്റെ പലയിടങ്ങളിലും മഴവെള്ളം കുത്തിയൊലിച്ചു വരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തുന്നതിന് നിര്‍ദേശമുണ്ട്.
പര്‍വത മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം പെട്ടെന്ന് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വാദികള്‍, താഴ്ന്ന ഇടങ്ങള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു.




