Uae
മാതൃദിനത്തില്‍ മാതാക്കള്‍ക്ക് ആദരമര്‍പ്പിച്ച് യു എ ഇ ഭരണാധികാരികള്‍
മാതാക്കള്‍ കുടുംബത്തിന്റെ കവചവും തലമുറകളെ വാര്‍ത്തെടുക്കുന്ന വിദ്യാലയവുമെന്ന് സന്ദേശം.
അബൂദബി | മാതൃദിനത്തോടനുബന്ധിച്ച് ഹൃദ്യമായ സന്ദേശം നല്‍കി ഭരണാധികാരികള്‍. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും യു എ ഇയിലെയും ലോകമെമ്പാടുമുള്ളതുമായ എല്ലാ മാതാക്കള്‍ക്കും ഹൃദ്യമായ അഭിവാദ്യങ്ങളും ആദരവും അര്‍പ്പിച്ചു. രാജ്യത്തോടുള്ള സ്നേഹത്തിലും സേവനമനോഭാവത്തിലും മക്കളെ വളര്‍ത്തിയെടുത്ത ഓരോ ഇമാറാത്തി മാതാവിനെയും ഇരുവരും പ്രത്യേകം അഭിനന്ദിച്ചു.
മാതാവ് കുടുംബത്തിന്റെ സുരക്ഷാ കവചമാണെന്നും വെല്ലുവിളികള്‍ നിറഞ്ഞ സമയങ്ങളില്‍ സമൂഹത്തിന്റെ കരുത്താണെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. സ്വന്തം പ്രിയപ്പെട്ടവരെ രാജ്യത്തിനായി സമര്‍പ്പിച്ച രക്തസാക്ഷികളുടെ മാതാക്കള്‍ ഇമാറാത്തി വനിതകളുടെ ധീരതയുടെയും ഉന്നതമായ നിലപാടുകളുടെയും ഉത്തമ ഉദാഹരണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാതാക്കള്‍ ആത്മവിശ്വാസത്തിന്റെ ഉറവിടവും തലമുറകളെ വാര്‍ത്തെടുക്കുന്ന വിദ്യാലയവുമാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്നവരും ഓരോ ദിവസവും മാറ്റങ്ങള്‍ കൊണ്ടുവരുന്ന നായകന്മാരുടെ മാതാക്കളുമായ എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.
ഇനി അവര്‍ ‘ജനറേഷന്‍ ഷേപ്പര്‍’; ചരിത്ര പ്രഖ്യാപനവുമായി ശൈഖ് ഹംദാന്‍
ദുബൈ | മാതൃദിനത്തോടനുബന്ധിച്ച് ചരിത്രപരമായ മാറ്റത്തിന് നിര്‍ദേശം നല്‍കി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ഔദ്യോഗിക രേഖകളില്‍ ഇനി മുതല്‍ ‘ഹൗസ് വൈഫ്’ (വീട്ടമ്മ) എന്നതിന് പകരം ‘ജനറേഷന്‍ ഷേപ്പര്‍’ (തലമുറകളെ വാര്‍ത്തെടുക്കുന്നവര്‍) എന്ന പദം ഉപയോഗിക്കാന്‍ അദ്ദേഹം കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.
മാതാക്കള്‍ സമൂഹത്തിന് നല്‍കുന്ന വിലമതിക്കാനാവാത്ത സേവനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരു ശക്തമായ രാഷ്ട്രത്തെ രൂപപ്പെടുത്തുന്നതില്‍ മാതാക്കളുടെ പങ്ക് വാക്കുകള്‍ക്കോ പദവികള്‍ക്കോ അപ്പുറമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.



