Kerala
മൂന്നാം തവണയും എല്‍ ഡി എഫ് വരും, തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കും: എം വി ഗോവിന്ദന്‍
പ്രതിപക്ഷത്തിന് വികസനത്തെ കുറിച്ച് ഒന്നും പറയാനില്ല. അവര്‍ കേന്ദ്ര നയങ്ങളെ എതിര്‍ക്കുന്നില്ല. വി ഡി സതീശന്‍ നുണ പറയുന്നതിനുള്ള നൊബേല്‍ സമ്മാനത്തിനു വേണ്ടി ഓരോ ദിവസവും ഓരോന്ന് പറയുന്നു.
തിരുവനന്തപുരം | സംസ്ഥാനത്ത് മൂന്നാം തവണയും ഇടത് മുന്നണി അധികാരത്തിലെത്തുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരഞ്ഞടുപ്പ് ചരിത്രത്തില്‍ പുതിയ അധ്യായമാകും ഇതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് വികസനത്തെ കുറിച്ച് ഒന്നും പറയാനില്ല. അവര്‍ കേന്ദ്ര നയങ്ങളെ എതിര്‍ക്കുന്നില്ലെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.
പാര്‍ട്ടി പുറത്താക്കിയ ടി കെ ഗോവിന്ദനെ കുറിച്ച് ഇനി ഒന്നും പറയില്ല. ഗത്യന്തരമില്ലാതെയാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട് സി പി എം-ബി ജെ പി ഡീല്‍ എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തോട് രൂക്ഷമായാണ് ഗോവിന്ദന്‍ പ്രതികരിച്ചത്. നുണ പറയുന്നതിനുള്ള നൊബേല്‍ സമ്മാനം കിട്ടാന്‍ വേണ്ടി സതീശന്‍ ഓരോ ദിവസവും ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. എട്ടും ഒമ്പതും നുണയാണ് സതീശന്‍ ഓരോ ദിവസവും പറയുന്നത്. അതുകൊണ്ട് സതീശന്റെ പരാമര്‍ശത്തിന് മറുപടി പറയേണ്ടതുണ്ടെന്ന് കരുതുന്നില്ല. അദ്ദേഹം രാവിലെ മുതല്‍ രാത്രിവരെ നുണ പറയുന്ന പ്രതിപക്ഷ നേതാവായി മാറിക്കഴിഞ്ഞുവെന്നും സി പി എം സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.



