National
വിമാന യാത്രക്ക് വീണ്ടും ചെലവേറും; ആഭ്യന്തര സര്‍വീസുകളിലെ നിരക്ക് നിയന്ത്രണം കേന്ദ്രം നീക്കി
നാളെ (തിങ്കള്‍) മുതലാണ് നിയന്ത്രണത്തില്‍ ഇളവ് വരുത്തുക.ഇറാന്‍-ഇസ്റാഈല്‍ യുദ്ധം വ്യോമയാന ചെലവ് വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് നടപടി.
ന്യൂഡല്‍ഹി | വിമാന യാത്രക്ക് വീണ്ടും ചെലവേറും. രാജ്യത്തെ വിമാന സര്‍വീസുകളിലെ നിരക്ക് നിയന്ത്രണം കേന്ദ്രം നീക്കിയതോടെയാണിത്. ആഭ്യന്തര സര്‍വീസുകളിലെ നിരക്ക് നിയന്ത്രണമാണ് നീക്കിയത്. നാളെ (തിങ്കള്‍) മുതലാണ് നിയന്ത്രണത്തില്‍ ഇളവ് വരുത്തുക.
ഇറാന്‍-ഇസ്റാഈല്‍ യുദ്ധം വ്യോമയാന ചെലവ് വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് നടപടി. ഇതിന്റെ പശ്ചാത്തലത്തില്‍ ഇനി വിമാനക്കമ്പനികള്‍ക്ക് സ്വതന്ത്രമായി നിരക്കുകള്‍ നിശ്ചയിക്കാനാകും. എന്നാല്‍, പീക്ക് ഡിമാന്‍ഡ്, അടിയന്തര സാഹചര്യങ്ങള്‍ എന്നിവയുള്ള സമയങ്ങളില്‍ അമിതമായതോ അന്യായമായതോ ആയ നിരക്ക് വര്‍ധന ഗൗരവമായി കാണുമെന്നും പൊതുതാത്പര്യം മുന്‍നിര്‍ത്തി ആവശ്യമെങ്കില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ഇന്‍ഡിഗോയുടെ വിമാന സര്‍വീസ് മുന്നറിയിപ്പില്ലാതെ തടസ്സപ്പെട്ടതോടെ കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചിരുന്നു. തുടര്‍ന്നാണ് 2025 ഡിസംബറില്‍ കേന്ദ്രം ആഭ്യന്തര നിരക്കുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്. വണ്‍വേ ഇക്കണോമി ടിക്കറ്റിന് ഉയര്‍ന്ന പരിധിയായി ഏകദേശം 18,000 രൂപ (ദൂരത്തെ അടിസ്ഥാനമാക്കി) നിശ്ചയിച്ചിരുന്നതാണ് ഒഴിവാക്കുന്നത്.



