From the print
ഖത്വര്‍, ഇറാഖ് യു എസ് വ്യോമതാവളം ആക്രമിച്ച് ഇറാന്
ആക്രമണം ഖത്വര്‍ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7.42നാണ് സ്ഫോടന ശബ്ദം ഉണ്ടായത്.

ദോഹ/തെഹ്റാന്/ജെറൂസലം | ഇറാനിലെ ആണവകേന്ദ്രങ്ങള്‍ യു എസ് ആക്രമിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുന്നു. ഖത്വറിലെയും ഇറാഖിലെയും യു എസ് എയര്‍ബേസുകള്‍ ഇന്നലെ ഇറാന് ആക്രമിച്ചു. ആക്രമണം ഖത്വര്‍ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7.42നാണ് സ്ഫോടന ശബ്ദം ഉണ്ടായത്. ഇറാന്റെ മിസൈലുകളെ ആകാശത്ത് തന്നെ പ്രതിരോധിച്ചതായാണ് വിവരം. ജനവാസ മേഖലയില്‍ മിസൈലുകള്‍ വീണതായി റിപോര്‍ട്ടില്ല. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് ഖത്വര്‍ അറിയിച്ചു. ഖത്വറില്‍ ഉണ്ടായതിനേക്കാള്‍ ശക്തമായ ആക്രമണമാണ് ഇറാഖില്‍ നടന്നതെന്നാണ് റിപോര്‍ട്ട്.
പിന്നാലെ ഖത്വറും യു എ ഇയും ബഹ്റൈനും ഇറാഖും വ്യോമപാത താത്്കാലികമായി അടച്ചു. കുവൈത്തും വിമാനത്താവളവും വ്യോമ പാതയും അടച്ചു. കുവൈത്തില്‍ നിന്നു പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി. ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളെ ഇത് ബാധിക്കും. പിന്നാലെ കൊച്ചി, തിരുവന്തപുരം വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഏതാനും സര്‍വീസുകള്‍ റദ്ദാക്കി.
ഖത്വറിലെ അല്‍ ഉദെയ്ദിലുള്ള യു എസ് സൈനിക താവളത്തില്‍ ശക്തമായ ആക്രമണം നടത്തിയെന്നു ഇറാന് സൈന്യം സ്ഥിരീകരിച്ചു. ആക്രമണം ‘സഹോദര രാജ്യമായ’ ഖത്വറിനെതിരല്ലെന്ന് ഇറാന് പരമോന്നത ദേശീയ സുരക്ഷാ സമിതി പ്രസ്താവനയില്‍ പ്രതികരിച്ചു. ഖത്വറിലെ യു എസ്, യു കെ പൗരന്മാരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിരുന്നു. സംഘര്‍ഷത്തില്‍ യു എസ് പങ്കാളിയായാല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ യു എസ് വ്യോമതാവളങ്ങളില്‍ ആക്രമണം നടത്തുമെന്ന് ഇറാന് നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇറാനിലെ തന്ത്രപ്രധാന മേഖലകള്‍ ലക്ഷ്യമിട്ട് ഇസ്റാഈല്‍ ആക്രമണം കടുപ്പിച്ചു. ശക്തമായ മുന്നറിയിപ്പുമായി ഇസ്റാഈല്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് ഇറാനും മിസൈല്‍ ആക്രമണങ്ങള്‍ നടത്തി.
ഇറാന്റെ ഫോര്‍ദോ ആണവകേന്ദ്രത്തിന് നേര്‍ക്ക് ഇസ്റാഈല്‍ വീണ്ടും ആക്രമണം നടത്തിയതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍ (ഐ ആര് ജി സി), ആഭ്യന്തര സുരക്ഷാ സേന എന്നിവയുടെ ആസ്ഥാനങ്ങള്‍, തലസ്ഥാനമായ തെഹ്റാനിലെ എവിന്‍ ജയില്‍, മിസൈല്‍ ഉത്പാദന, സംഭരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ആക്രമണം നടത്തിയതായി ഇസ്റാഈല്‍ ഡിഫന്‍സ് ഫോഴ്സ് (ഐ ഡി എഫ്) അറിയിച്ചു. അമ്പത് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഐ ഡി എഫ് അവകാശപ്പെട്ടു. പടിഞ്ഞാറ്, കിഴക്ക്, മധ്യ ഇറാനിലെ ആറ് വിമാനത്താവളങ്ങളില്‍ ആക്രമണം നടത്തിയെന്നും എഫ്- 15, എഫ് 5 ഉള്‍പ്പെടെ 15 എയര്‍ക്രാഫ്റ്റുകള്‍ ഇസ്റാഈല്‍ തകര്‍ത്തതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
യു എസ് ആക്രമണത്തിന് ന്യായീകരണമില്ലെന്ന് പുടിന്
മോസ്കോ | ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് ഒരു ന്യായീകരണവുമില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്. ഇറാനിയന്‍ ജനതയെ സഹായിക്കാന്‍ റഷ്യ പ്രതിജ്ഞാബദ്ധമാണെന്നും പുടിന് പറഞ്ഞു. മോസ്കോയിലെത്തിയ ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പുടിന് ഈ ഉറപ്പ് നല്‍കിയത്. യു എസ് ആക്രമണം പ്രകോപനമില്ലാതെയായിരുന്നു. യാതൊരു ന്യായീകരണവും അതിനില്ല. ഇറാന് വിദേശകാര്യ മന്ത്രി മോസ്കോയിലുണ്ടെന്നതില്‍ തനിക്ക് വളരെ സന്തോഷമുണ്ട്. ഏത് വിഷയത്തിലും ചര്‍ച്ചയിലൂടെ പരിഹാരം കാണാനാകും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന് ന്യായമായ സ്വയം പ്രതിരോധം നടത്തുന്നുണ്ടെന്ന് പുടിനോട് അബ്ബാസ് അരാഗ്ചി പറഞ്ഞു.
NOW: 🚨 Doha, Qatar. pic.twitter.com/HB6e0yQ4T3
— Iran Military ( Commentary) (@IranMilitary_ir) June 23, 2025