Connect with us

National

നിങ്ങള്‍ അസൂയാലുവാണ്; ഇറ്റലി സന്ദര്‍ശനത്തിന് കേന്ദ്രം അനുമതി നല്‍കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി

പരിപാടിയില്‍ പങ്കെടുക്കാന്‍ തനിക്ക് ഇറ്റലി പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രിക്ക് യോജിച്ചതല്ലെന്ന് പറഞ്ഞ് കേന്ദ്രം അനുമതി നിഷേധിച്ചെന്ന് മമത പറഞ്ഞു.

Published

|

Last Updated

കൊല്‍ക്കത്ത| ഇറ്റലി സന്ദര്‍ശനത്തിന് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചതിന് കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രത്തിന് തന്നോട് അസൂയയാണെന്ന് മമത പറഞ്ഞു. റോമില്‍ നടക്കുന്ന സര്‍വമത സമാധാന യോഗത്തില്‍ പങ്കെടുക്കാനാണ് ഇറ്റലിക്കു പോകാന്‍ മമത അനുമതി തേടിയത്. റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക് ഫൗണ്ടേഷനാണ് പരിപാടിയുടെ സംഘാടകര്‍. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ദ്രാഘി, ഫ്രാന്‍സിസ് മാര്‍പ്പാപ്പ തുടങ്ങി അഞ്ഞൂറോളം രാഷട്രീയ-ആത്മീയ നേതാക്കള്‍ക്കാണ് ദ്വിദിന പരിപാടിയിലേക്ക് ക്ഷണമുള്ളത്.

ലോകസമാധാനത്തെക്കുറിച്ച് റോമില്‍ നടക്കുന്ന യോഗത്തിലേക്ക് തനിക്ക് ക്ഷണമുണ്ട്. ജര്‍മന്‍ ചാന്‍സലറും ഫ്രാന്‍സിസ് മാര്‍പ്പാപ്പയും പങ്കെടുക്കുമെന്നാണ് കരുതുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ തനിക്ക് ഇറ്റലി പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രിക്ക് യോജിച്ചതല്ലെന്ന് പറഞ്ഞ് കേന്ദ്രം അനുമതി നിഷേധിച്ചെന്ന് മമത പറഞ്ഞു. ‘നിങ്ങള്‍ക്ക് എന്നെ തടയാനാവില്ല. എനിക്ക് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ വ്യഗ്രതയില്ല. നിങ്ങള്‍ എന്തുകൊണ്ട് എനിക്ക് അനുമതി നല്‍കുന്നില്ല. നിങ്ങള്‍ പൂര്‍ണമായും അസൂയാലുവാണ്’- മമത കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ സര്‍ക്കാരോ ലോകാരോഗ്യ സംഘടനയോ അംഗീകരിച്ചിട്ടില്ലാത്ത കൊവാക്സിന്‍ സ്വീകരിച്ച മോദി എങ്ങനെയാണ് യുഎസ് സന്ദര്‍ശിച്ചതെന്നും മമത ചോദിച്ചു.