Uae
കുടുംബ വർഷം; സാമൂഹിക വികസനത്തിന് പുത്തൻ ഉണർവ് നൽകാൻ യു എ ഇ
പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു
അബൂദബി | രാജ്യം “കുടുംബ വർഷം’ ആചരിക്കുന്നതിന്റെ ഭാഗമായി സാമൂഹിക വികസന രംഗത്ത് വലിയ കുതിച്ചുചാട്ടത്തിനൊരുങ്ങി യു എ ഇ. സ്വദേശി കുടുംബങ്ങളുടെ ക്ഷേമവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനായി വിപുലമായ പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളെ ശാക്തീകരിക്കുന്നതിലൂടെ രാജ്യത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയാണ് ലക്ഷ്യമിടുന്നത്.
ഈ വർഷം നടപ്പിലാക്കുന്ന പദ്ധതികളിൽ പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകൾക്ക് പ്രത്യേക മുൻഗണന നൽകും.
കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കായി പ്രത്യേക സാമ്പത്തിക സഹായ പദ്ധതികളും യുവദമ്പതികൾക്കായി വിവാഹ ഗ്രാന്റുകളും ഇതിന്റെ ഭാഗമായി വിപുലീകരിക്കും. കുടുംബ ബന്ധങ്ങൾ ദൃഢമാക്കുന്നതിനും സാമൂഹിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ബോധവത്കരണ പരിപാടികളും രാജ്യമൊട്ടാകെ സംഘടിപ്പിക്കും.
പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിന് നൽകുന്ന പ്രാധാന്യമാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്. വരും തലമുറയുടെ വളർച്ചക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിനും പ്രായമായവർക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിനും പുതിയ നിയമനിർമാണങ്ങൾക്കും പദ്ധതികൾക്കും തുടക്കമിടും. എല്ലാ എമിറേറ്റുകളിലും പ്രാദേശിക ഭരണകൂടങ്ങളുമായി സഹകരിച്ചായിരിക്കും ഈ പദ്ധതികൾ നടപ്പിലാക്കുക.





