Kerala
സ്വര്‍ണവും പണവും കവര്‍ച്ച ചെയ്യപ്പെട്ട വീട്ടിലെ യുവതി കര്‍ണാടകയിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍
കണ്ണൂര്‍ കല്യാടുള്ള വീട്ടിലാണ് വെള്ളിയാഴ്ച മോഷണം നടന്നത്. വീട്ടിലെ മകന്റെ ഭാര്യ ഹുന്‍സൂര്‍ സ്വദേശിയായ ദര്‍ശിതയെ കര്‍ണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

കണ്ണൂര്‍ | 30 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയും കവര്‍ച്ച ചെയ്യപ്പെട്ട വീട്ടിലെ യുവതിയെ കര്‍ണാടകയിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
കണ്ണൂര്‍ കല്യാടുള്ള വീട്ടിലാണ് വെള്ളിയാഴ്ച മോഷണം നടന്നത്. വീട്ടിലെ മകന്റെ ഭാര്യ ഹുന്‍സൂര്‍ സ്വദേശിയായ ദര്‍ശിതയെ കര്‍ണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കര്‍ണാടക സ്വദേശിയായ ഒരാള്‍ കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇയാളെ ഇരിക്കൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. മോഷണം പോയ സ്വര്‍ണവും പണവും ഇതുവരെ കണ്ടെത്തിയിട്ടില്ല.
വെള്ളിയാഴ്ചയാണ് 30 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയും കണ്ണൂര്‍ കല്യാട്ടെ കെ സി സുമലതയും കുടുംബവും താമസിക്കുന്ന വീട്ടില്‍ നിന്ന് മോഷണം പോയത്. സുമതയും മറ്റൊരു മകന്‍ സൂരജും ചെങ്കല്‍ ക്വാറിയില്‍ ജോലിക്കായി പോയിരുന്നു. ഇതിനുശേഷമാണ് മൂത്തമകന്റെ ഭാര്യയായ ദര്‍ശിതയും മകളും വീടു പൂട്ടി കര്‍ണാടകയിലേക്ക് പോയത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ബന്ധപ്പെട്ടപ്പോള്‍ ദര്‍ശിതയെ ഫോണില്‍ ലഭ്യമായിരുന്നില്ല.