Connect with us

ടര്‍ച്ചയായി അധികാരത്തില്‍ നിന്നു പുറത്തിരിക്കേണ്ടി വന്ന മുസ്്‌ലിം ലീഗ് മുസ്്‌ലിം സമുദായത്തിലെ നായക സ്ഥാനം നഷ്ടപ്പെടുമെന്ന ആശങ്കയില്‍. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്കു വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമുദായ സംഘടനകളെ അണിനിരത്തി പോരാട്ടത്തിനു ശ്രമിക്കുന്നതെന്നു പിന്നില്‍ ഈ ആശങ്കയാണെന്നു വിലയിരുത്തപ്പെടുന്നു.

ഇടതു വിരോധം പടര്‍ത്തി സമുദായ സംഘടനകളെ കൂടെ നിര്‍ത്താനുള്ള ശ്രമം ലീഗ് നടത്തുമ്പോള്‍, കേരളത്തില്‍ ലീഗിന് രാഷ്ട്രീയ അസ്തിത്വം ഉണ്ടാക്കിക്കൊടുത്തത് ഇടതുപക്ഷമാണെന്ന ചരിത്രം ഉയര്‍ന്നു വരുന്നു. കോണ്‍ഗ്രസ് തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന ലീഗിന് മാന്യത ലഭിച്ചത് 1967ല്‍ ഇ.എം.എസ് മന്ത്രിസഭയില്‍ സി.എച്ച് മുഹമ്മദ് കോയക്കും അഹമ്മദ് കുട്ടി കുരിക്കള്‍ക്കും പങ്കാളിത്തം നല്‍കിയതോടെയാണ്. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളില്‍നിന്നുയര്‍ന്ന കടുത്ത എതിര്‍പ്പ് വകവെക്കാതെയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ മലപ്പുറം ജില്ല യാഥാര്‍ഥ്യമാക്കിയത്. കാലിക്കറ്റ് യൂനിവാഴ്സിറ്റിക്ക് അസ്തിവാരമിട്ടതും കമ്യൂണിസ്റ്റ് ഗവണ്‍മെന്റാണ് എന്ന യാഥാര്‍ഥ്യം മറച്ചുപിടിക്കാനാണ് മുസ്ലിം ലീഗ് നേതൃത്വം എന്നും ശ്രമിക്കാറ്. കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നയനിലപാടുകളുമായി മുന്നോട്ടുപോവുകയാണെന്ന മുസ്ലിം ലീഗിന്റെയും തീവ്ര നിലപാടുകാരുടേയും പ്രചാരണത്തിനു പിന്നിലെ രാഷ്ട്രീയമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
സമുദായത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ക്ക് മാന്യത നല്‍കുന്നതാണ് ലീഗ് സംഘടിപ്പിക്കുന്ന കൂട്ടായ്മകളെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വര്‍ഗീയത വിതച്ച് രാഷ്ട്രീയലക്ഷ്യം നേടുക എന്ന ആര്‍.എസ്.എസ് രീതിയിലേക്കാണ് ഈ നീക്കം വളരുന്നതെന്നാണു വിമര്‍ശനം്.

പാര്‍ട്ടി പ്രതിസന്ധിയിലകപ്പെടുകയും അണികള്‍ ചിതറിപ്പോവുകയും ചെയ്യുമ്പോഴെല്ലാം സാമുദായിക വികാരംഉണര്‍ത്തുന്ന തന്ത്രം ലീഗ് എക്കാലവും പയറ്റിയിട്ടുണ്ട്. ഇടതുസര്‍ക്കാര്‍ ക്രിസ്ത്യാനികള്‍ക്ക് വാരിക്കോരിക്കൊടുക്കുന്നു, മുസ്ലിംകളെ അവഗണിക്കുന്നുവെന്ന ദുഷ്പ്രചാരണങ്ങള്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ഉയര്‍ത്തി. പൗരത്വപ്രശ്നം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി നേരിട്ട് സര്‍വ കക്ഷിയോഗം വിളിക്കുകയും നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കുകയും ജില്ലാ തലങ്ങളില്‍ ഭരണഘടനാ സംരക്ഷണ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തപ്പോള്‍ മുസ്ലിം പണ്ഡിതരെ അത്തരം പരിപാടികളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ലീഗ് മുന്നില്‍ നിന്നു.

ഇടതുവിരുദ്ധ വികാരം വളര്‍ത്തി മുസ്ലിം ജനസാമാന്യത്തെ തെരുവിലിറക്കാനും തങ്ങളില്‍നിന്ന് അകന്നുപോയ മുസ്ലിം മത-സാംസ്‌കാരിക പ്രസ്ഥാനങ്ങളെ കൂടെ നിര്‍ത്താനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. മുസ്ലിംകളെ തകര്‍ക്കുന്നതിന് പദ്ധതികളുണ്ടാക്കാന്‍ എ.കെ.ജി സെന്ററില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന ലീഗ് ജന.സെക്രട്ടറിയുടെ ആക്ഷേപം ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണെന്നാണ് ആരോപണം.

---- facebook comment plugin here -----

Latest