editorial
ഗസ്സയിൽ സമാധാനം പുലരുമോ
വെടിയൊച്ച നിലച്ചത് കൊണ്ട് ഫലസ്തീൻ ജനത അഭിമുഖീകരിക്കുന്ന പ്രതിസന്ധിയും ദുരിതവും അവസാനിക്കുന്നില്ല. അവർക്ക് പൂർണ സ്വാതന്ത്ര്യവും നീതിയും ലഭിക്കാൻ സഹായകമായ സമഗ്ര കരാർ നിലവിൽ വരേണ്ടതുണ്ട്. പൂർണാർഥത്തിൽ അത് സാധ്യമാകണമെങ്കിൽ ഫലസ്തീനിൽ 1948 മേയ് 14ന് മുമ്പുള്ള അവസ്ഥ തിരിച്ചു വരണം.

ഇസ്‌റാഈൽ യുദ്ധ ക്യാബിനറ്റ് കൂടി അംഗീകാരം നൽകിയതോടെ ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം 24 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ അമേരിക്കയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ബുധനാഴ്ച രാത്രി ഇസ്‌റാഈൽ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയത്. ആക്രമണം തുടരാനും ഗസ്സയെ പൂർണമായും നിയന്ത്രണത്തിലാക്കാനുമായിരുന്നു അവസാന നിമിഷം വരെയും ഇസ്‌റാഈലിന്റെ പദ്ധതി. അമേരിക്കയുടെ പശ്ചിമേഷ്യൻ ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ ഉപദേഷ്ടാവ് ജറേദ് കുഷ്‌നർ എന്നിവർ ഇസ്‌റാഈലിൽ നെതന്യാഹുവുമായി നേരിട്ട് ചർച്ച നടത്തി വെടിനിർത്തൽ അംഗീകരിക്കാതിരുന്നാലുള്ള ആഗോളതല പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് നെതന്യാഹു വഴിക്കു വന്നത്.
ഗസ്സയുടെ പൂർണ തകർച്ച ട്രംപിന്റെ കൂടി സ്വപ്നമാണ്. അതുകൊണ്ടാണ് യുദ്ധവേളയിൽ ഇസ്‌റാഈലിന് യു എസ് ആയുധങ്ങൾ വാരിക്കോരി നൽകിയതും യു എൻ മുമ്പാകെ വന്ന സമാധാന നീക്കങ്ങൾക്കെല്ലാം തടയിട്ടതും. സെപ്തംബർ ഒമ്പതിന് നടന്ന ഇസ്‌റാഈലിന്റെ ഖത്വർ ആക്രമണമാണ് ട്രംപിനെ മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്. അമേരിക്ക, യൂറോപ്യൻ രാഷ്ട്രങ്ങൾ തുടങ്ങി ലോകത്തെ മിക്ക രാഷ്ട്രങ്ങളുമായി സൗഹാർദത്തിൽ വർത്തിക്കുകയും ഫലസ്തീൻ- ഇസ്‌റാഈൽ സംഘർഷത്തിൽ മാധ്യസ്ഥ്യം വഹിക്കുകയും ചെയ്ത രാജ്യമാണ് ഖത്വർ. ഗസ്സാ വംശഹത്യ അവസാനിപ്പിക്കുന്നതിന് ട്രംപിന്റെ കൂടി നിർദേശപ്രകാരം ഹമാസ് നേതാക്കളുമായി ഖത്വർ ചർച്ച നടത്തിക്കൊണ്ടിരിക്കെയാണ് യാതൊരു പ്രകോപനവുമില്ലാത ഇസ്‌റാഈൽ മിസൈലാക്രമണം നടത്തിയത്. ആഗോളതലത്തിൽ ഇത് വൻ പ്രതിഷേധം
സൃഷ്ടിച്ചു.
ഇസ്‌റാഈൽ അനുകൂല രാഷ്ട്രങ്ങൾ പോലും ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വരികയും ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം പ്രഖ്യാപിക്കുകയും ചെയ്തു. യു എന്നിലെ 193 അംഗരാജ്യങ്ങളിൽ ഫലസ്തീനെ അംഗീകരിക്കുന്നവരുടെ എണ്ണം 157 ആയി ഉയർന്നു. ഇതോടെയാണ് ഗസ്സയിൽ വെടിനിർത്തൽ പദ്ധതിയുമായി രംഗത്ത് വരാൻ ട്രംപ്
നിർബന്ധിതനായത്.
താത്കാലികമായി വെടിയൊച്ച നിലയ്ക്കുകയും ഗസ്സയിൽ തടവിലാക്കപ്പെട്ട 48 ഇസ്‌റാഈൽകാരും ഇസ്‌റാഈൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരും മോചിപ്പക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ്് വെടിനിർത്തൽ കരാറിനെ തുടർന്ന് തുടക്കത്തിൽ നടപ്പാകുന്ന കാര്യം. കുറച്ചു നാളത്തേക്ക് ഗസ്സ നിവാസികൾക്ക് മനസ്സമാധാനത്തോടെ അന്തിയുറങ്ങാനാകുമെന്നതിനപ്പുറം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം, ജറൂസലമിന്റെ പദവി തുടങ്ങി അടിസ്ഥാന പ്രശ്‌നങ്ങൾ ഇപ്പോഴും അവശേഷിക്കുകയാണ്. വെടിനിർത്തൽ സ്ഥിരം സമാധാനത്തിന്റെ നാന്ദിയോ, കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയോ എന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.
വെടിയൊച്ച നിലച്ചത് കൊണ്ട് ഫലസ്തീൻ ജനത അഭിമുഖീകരിക്കുന്ന പ്രതിസന്ധിയും ദുരിതവും അവസാനിക്കുന്നില്ല. അവർക്ക് പൂർണ സ്വാതന്ത്ര്യവും നീതിയും ലഭിക്കാൻ സഹായകമായ സമഗ്ര കരാർ നിലവിൽ വരേണ്ടതുണ്ട്. പൂർണാർഥത്തിൽ അത് സാധ്യമാകണമെങ്കിൽ ഫലസ്തീനിൽ 1948 മേയ് 14ന് മുമ്പുള്ള അവസ്ഥ തിരിച്ചു വരണം. അന്നാണ് ബ്രിട്ടനും അമേരിക്കയും ഐക്യരാഷ്ട്ര സഭയെ സ്വാധീനിച്ച് ഫലസ്തീൻ വെട്ടിമുറിച്ച് ഇസ്‌റാഈൽ എന്ന ജൂത രാഷ്ട്രം സ്ഥാപിച്ചത്. 1917ലെ ബാൽഫർ പ്രഖ്യാപനമാണ് ഇസ്‌റാഈൽ രാഷ്ട്രത്തിന്റെ തുടക്കം. ഫലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കാൻ വാഗ്ദാനം ചെയ്തുകൊണ്ടുള്ളതായിരുന്നു അന്നത്തെ ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറിയായിരുന്ന ആർതർ ജെയിംസ് ബാൽഫറുടെ പ്രഖ്യാപനം. ഒന്നാം ലോകമഹായുദ്ധത്തിൽ തോൽവിയിലേക്ക് നീങ്ങുകയായിരുന്ന ബ്രിട്ടൻ, ജൂതവിഭാഗത്തെ തങ്ങളുടെ പക്ഷത്തേക്ക് ചേർത്തു നിർത്താൻ കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു ഇത്.
ഏറെ താമസിയാതെ തുർക്കിയയിൽ ഖിലാഫത്ത് തകരുകയും ഫലസ്തീൻ ബ്രിട്ടന്റെ അധീനതയിലാകുകയും ചെയ്തു. തുടർന്ന് ഫലസ്തീനെ അറബികൾക്കും ജൂതർക്കും വീതിക്കാനുളള തീരുമാനം ബ്രിട്ടനും അമേരിക്കയും പാശ്ചാത്യരാഷ്ട്രങ്ങളും ചേർന്ന് ഐക്യരാഷ്ട്ര സഭയെ കൊണ്ട് അംഗീകരിപ്പിച്ചു. 1947 നവംബർ 29ന് ചേർന്ന യു എൻ അസംബ്ലിയാണ് വിഭജനത്തിന് അംഗീകാരം നൽകിയത്. തീർത്തും വിവേചനപരമായിരുന്നു വിഭജനം. ഫലസ്തീന്റെ 55 ശതമാനം ജൂതർക്ക്. 42 ശതമാനം ഫലസ്തീനികൾക്ക്. ജറൂസലം അടങ്ങുന്ന മൂന്ന് ശതമാനം അന്താരാഷ്ട്ര നിയന്ത്രണത്തിലും എന്നതാണ് യു എൻ വിഭജന ഫോർമുല. ഇതുകൊണ്ടും മതിയാക്കിയില്ല ഇസ്‌റാഈലും ജുതസർക്കാറും. വിഭജന ഫോർമുല പ്രകാരം ഫലസ്തീന് അവകാശപ്പെട്ട ഭൂമിയിലും നിരന്തരം കൈയേറ്റം നടത്തി രാഷ്ട്രം വികസിപ്പിച്ചുകൊണ്ടിരുന്നു. മാത്രമല്ല, സിറിയ, ലബനാൻ തുടങ്ങിയ പ്രദേശങ്ങളും കൈയേറി മേഖലയിലുടനീളം അശാന്തി വിതച്ചു. രണ്ടാംലോക മഹായുദ്ധ കാലത്ത് ജൂതരെ പൂർണമായി ഉന്മൂലനം ചെയ്യാൻ നാസികൾ പദ്ധതിയിട്ടതുപോലെ, ഫലസ്തീൻ ജനതയെയും അറബ് സമൂഹത്തെ ഒന്നടങ്കം തുടച്ചു നീക്കാനുളള ശ്രമമാണ് അമേരിക്കയുടെ സഹായത്തോടെ ഇസ്‌റാഈൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
ദ്വിരാഷ്ട്രമാണ് യു എൻ അംഗീകരിച്ച ഫോർമുല. ഇതനുസരിച്ച് സ്വതന്ത്ര ഇസ്‌റാഈൽ ഏഴ് പതിറ്റാണ്ട് മുമ്പേ സ്ഥാപിതമായി. സ്വതന്ത്ര ഫലസ്തീൻ ഇന്നും ഒരു സ്വപ്നമായി അവശേഷിക്കുന്നു. ഇടക്കാലത്ത് പലപ്പോഴായി ഫലസ്തീൻ- ഇസ്‌റാഈൽ സംഘർഷവും തുടർന്നു. സമാധാന കരാറുകൾ പലതും നിലവിൽ വന്നിട്ടും സ്വതന്ത്ര ഫലസ്തീൻ ഉറപ്പാക്കുന്നതിനുള്ള ഒരു വ്യവസ്ഥയും പിറവി കൊണ്ടില്ല. ഇസ്‌റാഈലിന്റെ കോളനിയായി തുടരേണ്ട അവസ്ഥയാണ് ഇന്നും ഫലസ്തീനികൾക്ക്. അനധികൃതമായി കടന്നുവന്ന അക്രമിസംഘത്തിനു വേണ്ടി സ്വന്തം നാട് ഉപേക്ഷിക്കേണ്ടി വന്ന സമാനതകളില്ലാത്ത ദുരിതത്തിന്റെ ഇരകളാണ് ഫലസ്തീൻ ജനത.