International
അമേരിക്കയില്‍ കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുന്നു; മരണം പത്തായി, അയ്യായിരത്തില്‍ പരം വീടുകള്‍ കത്തിച്ചാമ്പലായി
5,700 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് ഇതുവരെയുള്ള കണക്ക്. മേഖലകളില്‍ നിന്ന് ഒന്നര ലക്ഷത്തോളം പേരെ കൂടി ഒഴിപ്പിക്കുന്നുണ്ട്.
വാഷിങ്ടണ്‍ | അമേരിക്കയിലെ ലോസ് ആഞ്ചലസിലും കാലിഫോര്‍ണിയയിലും കാട്ടുതീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നു. കാട്ടുതീയില്‍ പെട്ട് മരണപ്പെട്ടവരുടെ എണ്ണം പത്തായി ഉയര്‍ന്നു. അയ്യായിരത്തില്‍ പരം വീടുകള്‍ കത്തിച്ചാമ്പലായതായാണ് റിപോര്‍ട്ട്. 5,700 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് ഇതുവരെയുള്ള കണക്ക്. മേഖലകളില്‍ നിന്ന് ഒന്നര ലക്ഷത്തോളം പേരെ കൂടി ഒഴിപ്പിക്കുന്നുണ്ട്.
തീയില്‍ നശിച്ച വീടുകളുടെയും കെട്ടിടങ്ങളുടെയും പുനര്‍നിര്‍മാണ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇറ്റലിയിലേക്കുള്ള യാത്ര ബൈഡന്‍ റദ്ദാക്കിയിരുന്നു. കാട്ടുതീ ദുരന്തത്തെ മഹാ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തു.
ആളിപ്പടരുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളൊക്കെ വിഫലമായിരിക്കുകയാണ്. ശക്തമായ കാറ്റ് ആഞ്ഞുവീശിയതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ ഇടയാക്കി. കാലിഫോര്‍ണിയയിലെ ആറിടത്താണ് തീ പടര്‍ന്ന് പിടിച്ചത്.
സാന്റാമോണിക്കയ്ക്കും മാലിബുവിനും ഇടയില്‍ സ്ഥിതിചെയ്യുന്ന പാലിസാഡസില്‍ 15,832 ഏക്കറോളം പ്രദേശമാണ് പടര്‍ന്നുപിടിച്ച തീയില്‍ നശിച്ചത്. സാന്‍ ഗബ്രിയേല്‍ മലനിരകള്‍ക്കു കീഴെ ഈറ്റണ്‍ മേഖലയില്‍ 10,600 ഏക്കറിലധികം സ്ഥലത്ത് തീ പടര്‍ന്നതില്‍ ആയിരത്തിലധികം കെട്ടിടങ്ങള്‍ നശിച്ചു.
സാന്‍ ഫെര്‍ണാഡോയുടെ വടക്ക് ഹര്‍സ്റ്റ് മേഖലയിലും വന്‍ തീപ്പിടിത്തമുണ്ടായി. 850 ഏക്കറോളമാണ് ഇവിടെ കത്തിനശിച്ചത്. വുഡ്‌ലി പാര്‍ക്കിന് സമീപത്തും വെഞ്ച്യൂറ കൗണ്ടിയിലെ ഒലിവാസിലും ആക്ടണ്‍ പ്രദേശത്തെ ലിഡിയ മേഖലയിലും ഹോളിവുഡ് ഹില്‍സിലും തീപ്പിടിത്തമുണ്ടായി. തീയണയ്ക്കാന്‍ കൂടുതല്‍ വെള്ളം ഉപയോഗിച്ചതോടെ ലോസ് ആഞ്ചല്‍സിലെ കുടിവെള്ള വിതരണവും പ്രതിസന്ധിയിലായിട്ടുണ്ട്.
തീപ്പിടിത്തത്തിനിടെ, ആളില്ലാത്ത വീടുകളില്‍ വ്യാപക കൊള്ള നടക്കുന്നതായും റിപോര്‍ട്ടുണ്ട്. മോഷണം നടത്തിയ നിരവധി പേരെ പോലീസ് പിടികൂടി.