International
വീക്കിലിക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെ ജയിൽ മോചിതനായി
1910 ദിവസത്തെ തടവ് ജീവിതത്തിനു ശേഷമാണ് 52 കാരനായ അസാൻജെ പുറത്തിറങ്ങുന്നത്.

ബെൽമാർഷ് ലണ്ടൻ | വീക്കിലിക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെ ജയിൽ മോചിതനായി. അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി എന്ന കുറ്റത്തിന് അഞ്ച് വർഷത്തോളമായി ജയിലിൽ കഴിയുകയായിരുന്നു. 1910 ദിവസത്തെ തടവ് ജീവിതത്തിനു ശേഷമാണ് 52 കാരനായ അസാൻജെ പുറത്തിറങ്ങുന്നത്.
അമേരിക്കൻ ദേശീയ പ്രതിരോധ രേഖകൾ വെളിപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്ന കുറ്റം സമ്മതിച്ചോതോടെയാണ് ജയിൽ മോചനം സാധ്യമായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിലെ ബെൽമാഷ് അതിസുരക്ഷാ ജയിലിൽ നിന്നാണ് അദ്ദേഹം മോചിതനായത്. ബ്രിട്ടൻ വിട്ട് ജൂലിയൻ അസൻജെ ഓസ്ട്രേലിയയിലേക്ക് മടങ്ങിയെന്നാണ് വിവരം. ഇന്നലെ അദ്ദേഹം ജയിൽ മോചിതനായ കാര്യം വിക്കിലിക്സാണ് ട്വീറ്റ് ചെയ്തത്.
യു എസ് സർക്കാറിന്റെ ആയിരക്കണക്കിന് രഹസ്യരേഖകൾ ചോർത്തി തന്റെ വെബ്‌സൈറ്റായ വിക്കിലീക്‌സിലൂടെ പ്രസിദ്ധീകരിച്ചത് ആഭ്യന്തര സുരക്ഷയ്‌ക്ക് ഭീഷണിയുണ്ടാക്കി എന്നാണ് അമേരിക്കയുടെ ആരോപണം. 2010ലാണ് അമേരിക്കയെ നടുക്കി ആയിരക്കണക്കിന് യുദ്ധ രേഖകളാണ് വിക്കിലീക്‌സ് പുറത്തുവിട്ടത്. അമേരിക്കൻ സൈനിക രഹസ്യങ്ങളും നയതന്ത്ര രേഖകളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട 18 കേസുകളാണ് അസാൻജെക്ക് എതിരായുള്ളത്.
സൗഹൃദ രാഷ്ട്രങ്ങളിലടക്കം അമേരിക്ക ചാരപ്പണി നടത്തിയിരുന്നുവെന്ന് അസാൻജെ പുറത്തു വിട്ട രേഖകള്‍ തെളിയിച്ചിരുന്നു. സഖ്യ രാജ്യങ്ങളുടെ തലവന്മാരെപ്പറ്റി മോശം രീതിയിൽ അമേരിക്കൻ നേതാക്കൾ പരാമർശങ്ങൾ നടത്തി എന്നതടമുള്ള വെളിപ്പെടുത്തലുകൾ അമേരിക്കൻ ഭരണകൂടത്തെ അന്താരാഷ്ട്ര തലത്തിൽ പ്രതിരോധത്തിലാക്കിയിരുന്നു. അമേരിക്കയ്ക്കു പുറമേ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെയും, നേതാക്കളുടെയും പരാമർശങ്ങൾ പുറത്തു വരുകയുണ്ടായി. കേബിൾഗേറ്റ് വിവാദം എന്നാണിത് അറിയപ്പെടുന്നത്.