Connect with us

Editorial

വൈഫ് സ്വാപ്പിംഗ് ‘സാംസ്‌കാരിക' കേരളത്തിലും

Published

|

Last Updated

മാന്യതയുടെ മുഖം മൂടിയണിഞ്ഞു പെണ്‍വാണിഭം. അതാണ് കഴിഞ്ഞ ദിവസം മധ്യകേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വൈഫ് സ്വാപ്പിംഗ്. പണം വാങ്ങി ഭാര്യമാരെ ലൈംഗികാസ്വാദനത്തിനു പരസ്പരം കൈമാറുന്ന സംഘത്തിലെ ചിലരെയാണ് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്ന് പോലീസ് പിടികൂടിയത്. മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സംഘത്തിന്റെ പ്രവര്‍ത്തനം. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം വിരുന്നെന്ന പേരില്‍ വീടുകളിലോ, കുടുംബ കൂട്ടായ്മകളെന്ന പേരില്‍ റിസോര്‍ട്ടുകളിലോ ഒത്തുചേര്‍ന്നാണ് ഇവര്‍ ഭാര്യമാരെ പരസ്പരം കൈമാറുന്നത്. ഇത് സ്ത്രീകളുടെ സമ്മതത്തോടെയോ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയോ ആകാം. മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ഇവര്‍ കുട്ടികളെ കൂടി കൂടെക്കൂട്ടുന്നു. ഭാര്യയെന്ന പേരില്‍ അന്യസ്ത്രീകളെ പരിചയപ്പെടുത്തി പണം തട്ടുന്നവരുമുണ്ട് ഈ ഗണത്തില്‍. പല റിസോര്‍ട്ടുകളും ഇത്തരക്കാര്‍ക്കായി മാത്രം പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പോലീസിനു ലഭിച്ച വിവരമനുസരിച്ച് അയ്യായിരത്തിലേറെ പേര്‍ ഇത്തരം ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. യഥാര്‍ഥ എണ്ണം ഇതിനേക്കാള്‍ ഏറെ മുകളിലാണ്. ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിലെ ഉന്നതരും അവധിക്കു നാട്ടിലെത്തുന്ന പ്രവാസികളുമുണ്ട് ഈ കൂട്ടായ്മകളില്‍. സഹികെട്ട് 27കാരിയും രണ്ട് കുട്ടികളുടെ മാതാവുമായ ചങ്ങനാശ്ശേരിക്കാരി യുവതി 31കാരനായ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്.

ലൈംഗിക അരാജകത്വം നടമാടുന്ന വിദേശ രാജ്യങ്ങളില്‍ കണ്ടുവന്നിരുന്ന വൈഫ് സ്വാപ്പിംഗ് അടുത്തിടെയാണ് കേരളത്തിലേക്കും പടര്‍ന്നു തുടങ്ങിയത്. 2013ല്‍ കൊച്ചിയിലെ നേവി ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഒരു പ്രമുഖ നേവി ഉദ്യോഗസ്ഥന്റെ ഭാര്യയാണ് ഭര്‍ത്താവിനെതിരെ പരാതിയുമായി രംഗത്തു വന്നത്. മറ്റു ഉദ്യോഗസ്ഥര്‍ക്കു വഴങ്ങാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതായും, അയാള്‍ മറ്റൊരു കമാന്‍ഡറുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് താന്‍ സാക്ഷിയായെന്നും യുവതി വെളിപ്പെടുത്തുകയുണ്ടായി. 2019ല്‍ കായംകുളത്ത് നിന്നും സമാനമായ ഒരു പരാതി ഉയരുകയും നാല് പേര്‍ പിടിയിലാകുകയും ചെയ്തിരുന്നു. ഷെയര്‍ ചാറ്റിലൂടെയായിരുന്നു അന്നും ദമ്പതികള്‍ തമ്മില്‍ പരിചയം സ്ഥാപിച്ചിരുന്നത്. ഈ കേസ് ഇപ്പോഴും കോടതിയിലാണ്.

പാശ്ചാത്യന്‍ രാജ്യങ്ങളെ പോലെ കേരളവും ലൈംഗികാരാജകത്വത്തിലേക്കു കൂപ്പുകുത്തുന്നു എന്നതിലേക്കുള്ള വ്യക്തമായ സൂചനകളാണ് ഇത്. ലൈംഗിക ബന്ധത്തില്‍ സമൂഹവും മതങ്ങളും തീര്‍ത്ത വേലിക്കെട്ടുകള്‍ മറികടന്നു തുടങ്ങിയിരിക്കുന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളീയ സമൂഹത്തില്‍ ഒരുപറ്റമാളുകള്‍. ജോലിസ്ഥലത്തും പുറത്തും ധാര്‍മിക അതിരുകള്‍ ലംഘിച്ച് അന്യപുരുഷനും അന്യസ്ത്രീക്കും പരസ്പരം ഇടപഴകാന്‍ അവസരം ലഭിച്ചതും കാണാമറയത്തിരുന്ന് പരസ്പരം കണ്ടുസംസാരിക്കാവുന്ന വിധത്തിലേക്കുയര്‍ന്ന സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തതും ഇതിനു ആക്കം കൂട്ടി. ഭാര്യാ-ഭര്‍തൃ ബന്ധവും കുടുംബവുമൊക്കെ ഇതോടെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ വര്‍ധിച്ചുവന്നു. ഇതിന്റെ തുടര്‍ച്ചയാണ് വൈഫ് സ്വാപ്പിംഗ്. സ്വവര്‍ഗ രതിയും ഉഭയ സമ്മതത്തോടെയുള്ള ലൈംഗികതയും കുറ്റകരമല്ലെന്ന പ്രഖ്യാപനത്തിലൂടെ ഭരണകൂടവും ജുഡീഷ്യറിയും ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു.

ദമ്പതികള്‍ക്കിടയിലെ സ്നേഹവും വിശ്വാസ്യതയും നഷ്ടമാകുകയും ജീവിതത്തിന് അഴകും അര്‍ഥവും നല്‍കുന്ന കുടുംബ ബന്ധങ്ങളില്‍ ശൈഥില്യം വര്‍ധിക്കുകയുമാണ് ഇതിന്റെയെല്ലാം അനന്തരഫലം. കേരളത്തിലെ കുടുംബ കോടതികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വിവാഹമോചന കേസുകളുടെ എണ്ണം ഓരോ വര്‍ഷവും കുതിച്ചുയരുകയാണ്. ഭര്‍ത്താവ് ഭാര്യയെയും തിരിച്ചും കൊലപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങളും ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ദമ്പതികളുടെ വഴിവിട്ട ബന്ധങ്ങളാണ് ഇതിനൊരു പ്രധാന കാരണമെന്നാണ് പഠനങ്ങളില്‍ നിന്ന് കണ്ടെത്താനായത്. വിവാഹത്തിനു പുറത്തുള്ള പുതിയൊരു ബന്ധം പുരുഷനും സ്ത്രീക്കും ഏതാനും നാളത്തേക്ക് വ്യത്യസ്തമായൊരു അനുഭൂതി നല്‍കിയേക്കാം. അതുപക്ഷേ ഏറെ നാളുകള്‍ നീണ്ടുനില്‍ക്കില്ല. ഒരു തിരിച്ചുവരവിനൊരുങ്ങുമ്പോഴേക്കും ഭാര്യയും ഭര്‍ത്താവും മാനസികമായി ഇരു ധ്രുവങ്ങളിലെത്തിയിരിക്കും. പഴയ സ്നേഹത്തിലേക്കും ബന്ധത്തിലേക്കും പിന്നീടൊരിക്കലും അവര്‍ക്കു തിരിച്ചു വരാനാകില്ല. മാത്രമല്ല, കുട്ടികളുടെ ശരിയായ വളര്‍ച്ചയെയും ഇത് സാരമായി ബാധിക്കും. ഭാവിയില്‍ കുട്ടികള്‍ക്കും ഇത്തരം വഴികള്‍ തിരഞ്ഞെടുക്കാന്‍ ഇത് പ്രചോദനമാകുകയും ചെയ്യും.

കെട്ടുറപ്പുള്ള കുടുംബ ബന്ധങ്ങളിലൂടെയാണ് നല്ല സമൂഹത്തിന്റെ സൃഷ്ടിപ്പ്. കുടുംബശൈഥില്യം സമൂഹത്തിന്റെ കെട്ടുറപ്പിനെയും രാജ്യത്തിന്റെ സമാധാന അന്തരീക്ഷത്തെയും താറുമാറാക്കും. വിവാഹം സമൂഹത്തിന്റെ കെട്ടുറപ്പ് നിലനിര്‍ത്താനുള്ള ആദ്യപടിയാണ്. അത് തകരാതെ സൂക്ഷിക്കേണ്ടത് ദമ്പതികളുടെയും ബന്ധുക്കളുടെയും മാത്രമല്ല, സമൂഹത്തിന്റെയും ഭരണകൂടങ്ങളുടെയും കൂടി ബാധ്യതയാണ്. വൈഫ് സ്വാപ്പിംഗ്, ഉഭയകക്ഷി ലൈംഗികത തുടങ്ങിയ വിവാഹ ജീവിതത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവണതകള്‍ തടയാന്‍ ഭരണകൂടങ്ങളും ജുഡീഷ്യറിയും മുന്നിട്ടിറങ്ങേണ്ടതുണ്ട്. വിവാഹത്തിന് മുമ്പും ശേഷവും സ്ത്രീ-പുരുഷന്മാര്‍ക്ക് നിര്‍ബന്ധിത കൗണ്‍സലിംഗ് വേണമെന്ന് ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷനല്‍ ചൈല്‍ഡ് ഡെവലപ്മെന്റ് കൗണ്‍സില്‍ (എന്‍ സി ഡി സി) കഴിഞ്ഞ സെപ്തംബറില്‍ സര്‍ക്കാര്‍ മുമ്പാകെ നിര്‍ദേശം വെച്ചിരുന്ന കാര്യം ശ്രദ്ധേയമാണ്. വര്‍ധിച്ചു വരുന്ന വിവാഹമോചനങ്ങളും ഭാര്യാ-ഭര്‍തൃ കൊലപാതകവും ആത്മഹത്യകളും മുന്‍നിര്‍ത്തിയാണ് എന്‍ സി ഡി സി രൂപവത്കരിച്ച ആറംഗ സമിതി ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.