local body election 2025
ആരു പിടിക്കും തൃപ്രങ്ങോട്....?
പഞ്ചായത്ത് ഭരണം മൂന്നാമതും സ്വന്തമാക്കാന്‍ കച്ചമുറുക്കി ഇടതുമുന്നണി പ്രചാരണം തുടങ്ങുമ്പോൾ പത്തുവർഷത്തോളം പ്രതിപക്ഷത്തിരുന്ന യു ഡി എഫിന് ഇത്തവണ ജീവന്മരണ പോരാട്ടമാണ്.
തിരുന്നാവായ | വിശേഷങ്ങൾ ഒരുപാടുള്ള തൃപ്രങ്ങോട് പഞ്ചായത്ത് ഇത്തവണ ആര് നയിക്കാൻ എത്തുമെന്ന ചോദ്യം പ്രസക്തമാണ്. പഞ്ചായത്ത് ഭരണം മൂന്നാമതും സ്വന്തമാക്കാന്‍ കച്ചമുറുക്കി ഇടതുമുന്നണി പ്രചാരണം തുടങ്ങുമ്പോൾ പത്തുവർഷത്തോളം പ്രതിപക്ഷത്തിരുന്ന യു ഡി എഫിന് ഇത്തവണ ജീവന്മരണ പോരാട്ടമാണ്.പുതുമുഖങ്ങളേയും പരിചയസമ്പന്നരേയും ഉള്‍പ്പെടുത്തിയാണ് ഇരുമുന്നണികളും സ്ഥാനാർഥികളെ ഇറക്കിയിട്ടുള്ളത്.
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏറ്റവും കൂടുതല്‍ വാര്‍ഡുകളുളള പഞ്ചായത്താണ് തൃപ്രങ്ങോട്. നേരത്തെ 21 ഉള്ളത് വാര്‍ഡ് വിഭജനത്തോടെ 24 വാര്‍ഡുകളായി. മൂന്ന് വാര്‍ഡുകള്‍ ഒരുമിച്ച് വര്‍ധിച്ച തിരൂര്‍ മേഖലയിലെ ഏക പഞ്ചായത്തും തൃപ്രങ്ങോടാണ്. പതിവിന് വിപരീതമായി ഇരുമുന്നണികളും ഇത്തവണ പ്രസിഡന്റ് സ്ഥാനാർഥിയെ തീരുമാനിച്ച് ഉറപ്പിച്ച മട്ടാണ്.
പൂളക്കൽ മുജീബാണ് യു ഡി എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി. പഞ്ചായത്തിനെതിരെയുള്ള നിരവധി സമരങ്ങളിൽ നേതൃസ്ഥാനത്ത് നിന്നിരുന്നതും ഇദ്ദേഹമാണ്. തവനൂര്‍ നിയോജകമണ്ഡലം സെക്രട്ടറി കൂടിയാണ്.
ഡി വൈ എഫ് ഐ ജില്ലാ ട്രഷററും സി പി എം തവനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ പി മുനീറാണ് എൽ ഡി എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ കോണ്‍ഗ്രസ്സിലെ കെ വി ബഷീറിനെതിരെ 15-ാം വാര്‍ഡിലാണ് മുനീര്‍ പോരിനിറങ്ങുന്നത്. ഒരു കാലത്ത് യു ഡി എഫ് കോട്ടയായിരുന്നു തൃപ്രങ്ങോട് പഞ്ചായത്ത്.
തുടര്‍ച്ചയായി 45 വര്‍ഷം യു ഡി എഫ് ഭരിച്ച പഞ്ചായത്ത് ആദ്യമായി 2005ലാണ് ഇടതുമുന്നണി പിടിച്ചത്. അടുത്ത തിരഞ്ഞെടുപ്പില്‍ യു ഡി എഫ് തിരിച്ചുപിടിച്ചെങ്കിലും നിലനിര്‍ത്താനായില്ല. ഏതായാലും ഇത്തവണ തിരിച്ചുപിടിക്കുമെന്ന് യു ഡി എഫും തുടരുമെന്ന് എൽ ഡി എഫും കണക്കുകൂട്ടുന്നു. അതിനായുള്ള കടുത്ത പരിശ്രമം ഇരുമുന്നണികളും ആരംഭിച്ചു കഴിഞ്ഞു.





